മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്കി. സജീവ രോഗികളില്‍ 74 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്.
പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. പരിശോധനാ നിരക്ക് വര്‍ധിപ്പിക്കാനും ആര്‍ടി-പിസിആര്‍ ടെസ്റ്റുകള്‍ ഉയര്‍ത്താനും കേന്ദ്രം ഈ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. കേരളത്തില്‍ ഒരു ആഴ്ച്ചയില്‍ ശരാശരി 34,000 മുതല്‍ 42,000 വരെ കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നതായി കേന്ദ്ര റിപ്പോര്‍ട്ട്.
ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനമായ ആലപ്പുഴ ജില്ലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.
മറ്റു നിര്‍ദേശങ്ങള്‍:
എല്ലാ നെഗറ്റീവ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ഫലങ്ങളിലും ആര്‍ടി-പിസിആര്‍ ടെസ്റ്റുകള്‍ നിര്‍ബന്ധമായും നടത്തണം. തെരഞ്ഞെടുത്ത ജില്ലകളില്‍ കര്‍ശനവും സമഗ്രവുമായ നിരീക്ഷണം നടത്തി ആവശ്യമുള്ള നിയന്ത്രണങ്ങളേര്പ്പെടുത്തണം. ഉയര്‍ന്ന മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളിലെ ക്ലിനിക്കല്‍ മാനേജ്മെന്റില്‍ ശ്രദ്ധിക്കണം.
അതേസമയം, കൊവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വീണ്ടും കര്‍ശന നടപടികളിലേക്ക് നീങ്ങുന്നു. പുനെയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മുതല്‍ പുലര്‍ച്ചെ ആറു വരെ അവശ്യ സര്‍വീസുകളൊഴികെ മറ്റുള്ളവയ്ക്ക് വിലക്കേര്‍പ്പെടുത്തി.
ഈ മാസം 28 വരെ സ്കൂളുകളും കോളേജുകളും അടച്ചിടാനും തീരുമാനിച്ചു. സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ സംസ്ഥാനത്താകെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: