ആലപ്പുഴ: ദല്‍ഹിയില്‍ ഇടനിലക്കാര്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇവിടത്തെ കര്‍ഷകരെ അവഗണിക്കുന്നു. സര്‍ക്കാരിന്റെ അവഗണനയില്‍ മനംനൊന്ത നെല്‍ക്കര്‍ഷകര്‍ അടുത്ത കൃഷി ചെയ്യില്ലെന്ന തീരുമാനത്തില്‍. കുട്ടനാട്ടിലെ കര്‍ഷകരെ ഇടനിലക്കാരുടെ ചൂഷണത്തിന് എറിഞ്ഞു കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
പ്രഖ്യാപനങ്ങളല്ലാതെ തങ്ങള്‍ക്കായി യാതൊന്നും സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നില്ലെന്ന് നെല്‍ക്കര്‍ഷകര്‍ പരാതിപ്പെടുന്നു. പുഞ്ചകൃഷി ചെയ്ത കര്‍ഷകരെ മില്ലുകാര്‍ ഈര്‍പ്പത്തിന്റെ പേര് പറഞ്ഞ് കൊള്ളയടിക്കുകയാണ്. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കേണ്ട പാഡി ഓഫീസര്‍ ഉൾപ്പടെയുള്ളവര്‍ മില്ലുകാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും പരാതി. ആലപ്പുഴ നഗരത്തിന്റെ കിഴക്ക് ഭാഗത്തെ 109 ഏക്കര്‍ ദേവസ്വം കരി പാടശേഖരത്തിലെ കര്‍ഷകരാണ് ഇനി കൃഷി ചെയ്യുന്നില്ലെന്ന് തീരുമാനിച്ചത്.
കഴിഞ്ഞ രണ്ടാം കൃഷി പൂര്‍ണമായും മട വീണ് നശിച്ചു. മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കടക്കെണിയിലായ കര്‍ഷകര്‍ ഇത്തവണ പുഞ്ചക്കൃഷിയിറക്കി. നല്ല വിളവും വിലയും ലഭിച്ചാല്‍ കടത്തില്‍ നിന്ന് കരകയറാമെന്ന പ്രതീക്ഷയായിരുന്നു ഇവര്‍ക്ക്. എന്നാല്‍, മില്ലുകാര്‍ ഈര്‍പ്പത്തിന്റെ പേര് പറഞ്ഞ് കൂടുതല്‍ കിഴിവ് ആവശ്യപ്പെട്ടു. നെല്ല് എടുക്കുന്നതിന് പത്ത് ശതമാനം വരെയാണ് കിഴിവ് ആവശ്യപ്പെടുന്നത്. ഏറെ തര്‍ക്കത്തിനൊടുവില്‍ കര്‍ഷകര്‍ അഞ്ച് ശതമാനം വരെ കിഴിവ് നല്‍കാമെന്ന് സമ്മതിച്ചെങ്കിലും മില്ലുകാര്‍ വഴങ്ങിയില്ല. മില്ലുകാരുടെ പിടിവാശിക്ക് മുന്നില്‍ വഴങ്ങേണ്ട ഗതികേടിലാണ് കര്‍ഷകര്‍.
നെല്ല് കുടുതല്‍ ദിവസങ്ങള്‍ ശേഖരിക്കുന്നതിന് യാതൊരു സൗകര്യവും ഇവിടെയില്ല. പാടശേഖരത്തിലും പരിസര പ്രദേശങ്ങളിലും കൂട്ടിയിട്ടിരിക്കുകയാണ്. നെല്ല് സംഭരണത്തിന് ഗോഡൗണുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിനും പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. ഈ സാഹചര്യത്തില്‍ മില്ലുകാരുടെ ആവശ്യം അംഗീകരിക്കുകയല്ലാതെ കര്‍ഷകര്‍ക്ക് മറ്റു മാര്‍ഗമില്ല. പത്ത് ശതമാനം കിഴിവ് എന്ന് പറയുമ്പോള്‍, ഒരു ക്വിന്റല്‍ നെല്ല് മില്ലുകാര്‍ ഏറ്റെടുക്കുമ്പോള്‍ 90 കിലോയുടെ വില മാത്രമെ കര്‍ഷകര്‍ക്ക് ലഭിക്കൂ. വലിയ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാകുക. അതിനാല്‍, ഇനി നഷ്ടം സഹിച്ച് കൃഷിയിറക്കാന്‍ തയാറല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കുട്ടനാട്ടിലെ ഭൂരിപക്ഷം കര്‍ഷകരുടെയും അവസ്ഥ ഇതാണ്.
ഇതേ അവസ്ഥയാണ് കൊയ്‌ത്ത് യന്ത്രങ്ങളുടെ കാര്യത്തിലുമുള്ളത്. നെല്‍കൃഷി വിളവെടുപ്പിനായി സര്‍ക്കാര്‍ ജില്ലയ്‌ക്കു വേണ്ടി വാങ്ങിയ 164 കൊയ്‌ത്ത് യന്ത്രങ്ങളില്‍ എട്ട് യന്ത്രങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തനരഹിതമായ 156 യന്ത്രങ്ങള്‍ യാഡില്‍ കട്ടപ്പുറത്താണ്. കുട്ടനാട്ടിലെ പുഞ്ചകൃഷി വിളവെടുപ്പിന് 650ഓളം യന്ത്രങ്ങള്‍ ആവശ്യമാണ്. സര്‍ക്കാര്‍ യന്ത്രത്തിന്റെ ലഭ്യത കുത്തനെ കുറഞ്ഞതോടെ സ്വകാര്യ ഏജന്‍സികളെയാണ് കര്‍ഷകര്‍ അഭയം പ്രാപിക്കുന്നത്.
ജങ്കാറില്‍ കയറ്റി കായല്‍ നിലങ്ങളില്‍ എത്തിക്കുന്ന യന്ത്രങ്ങള്‍ക്ക് മണിക്കൂറില്‍ 2,200 രൂപയും, വാഹനങ്ങള്‍ നേരിട്ട് എത്തിക്കുന്നിടത്ത് 2,100 രൂപയുമാണ് നിജപ്പെടുത്തിയിരിക്കുന്നത്. വീണടിഞ്ഞ നെല്ലിന്റെ വിളവെടുപ്പിന് ഏക്കറിന് നാല് മുതല്‍ അഞ്ച് മണിക്കൂറുകള്‍ വരെ സമയമെടുക്കും. എന്നാല്‍, വീണടിയാത്ത പാടത്തെ കൊയ്‌ത്തിനും ഇതേ സമയമാണ് സ്വകാര്യ ഏജന്‍സികള്‍ ഈടാക്കുന്നത്. വിളവെടുപ്പ് സമയത്ത് സര്‍ക്കാര്‍ യന്ത്രങ്ങള്‍ പൂര്‍ണ്ണതോതില്‍ ലഭ്യമായാല്‍ അധിക സമയം ഈടാക്കില്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: