ചാരുംമൂട്: നീണ്ട കാലത്തെ ഭക്തരുടെ പ്രാര്‍ത്ഥനക്കു ഫലം കിട്ടി. ക്ഷേത്രഭരണസമിതിയും സ്കൂള്‍ മാനേജ്മെന്റും തമ്മിലുള്ള കോടതിവ്യവഹാരങ്ങള്‍ക്ക് തീര്‍പ്പായതോടെയാണ് നൂറനാട് മുതുകാട്ടുകര ശ്രീ ഭഗവതി ക്ഷേത്രം വക മൂന്നര ഏക്കര്‍ ഭൂമിക്ഷേത്ര ഭരണ സമിതിക്ക് തിരിച്ചുകിട്ടിയത്. ക്ഷേത്രത്തിന്റെ കൈവശമുണ്ടായിരുന്ന ഏഴ് ഏക്കര്‍ സ്ഥലത്തില്‍ നിന്നും മൂന്നര ഏക്കര്‍ സ്ഥലം പാട്ടവ്യവസ്ഥയില്‍ സ്കൂളിനു വേണ്ടി 1966 മാര്‍ച്ചില്‍ നൂറനാട് പടനിലം ഹൈസ്കൂളിന് നല്‍കിയിരുന്നു.
അന്നത്തെ പടനിലം സ്കൂള്‍ മാനേജരായിരുന്ന പുന്നയ്ക്കകുളങ്ങര മാധവനുണ്ണിത്താനാണ് കരാര്‍വെച്ചത്. കരാര്‍ വ്യവസ്ഥയനുസരിച്ച് വസ്തു കൈമാറ്റം നടന്ന 1966 മാര്‍ച്ചിനും 1968 മാര്‍ച്ചിനും ഉള്ളില്‍ ഹൈസ്കൂള്‍ തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ.എന്നാല്‍ ഈ ഉടമ്പടി കാലയളവിനുള്ളില്‍ ഹൈസ്കൂള്‍ സ്ഥാപിക്കാനായില്ല. ഹൈസ്കൂള്‍ സ്ഥാപിക്കാതെ തുടര്‍ന്നു വന്ന സ്കൂള്‍ മേനേജ്മെന്റ് പരേതനായ വിളയില്‍ നാരായണപിള്ളയുടെ പേരില്‍ ദാനാധാരമായി വസ്തു കൈമാറി.
50 വര്‍ഷങ്ങള്‍ക്കു ശേഷം 2012 ഡിസംബറില്‍ അന്നത്തെ പാര്‍ലമെന്റ് മെമ്പര്‍ കെ.എന്‍.ബാലഗോപാലന്റെ പ്രാദേശിക ഫണ്ട് പ്രയോജനപ്പെടുത്തി പടനിലം ഹൈസ്കൂള്‍ മാനേജ്മെന്റ് മുതുകാട്ടുകരയിലെ ക്ഷേത്രഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങാനെത്തിയപ്പോള്‍ നാട്ടുകാരും ക്ഷേത്ര വിശ്വാസികളും ചേര്‍ന്ന് തടഞ്ഞു. സിപിഎം പ്രാദേശിക നേതാവുമായിരുന്ന ശശികുമാറാണ് ക്ഷേത്രഭൂമി സ്കൂളിന്റെ സ്വന്തമാക്കാനുള്ള ശ്രമം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുതുകാട്ടുകര ക്ഷേത്രഭരണ സമിതിയും മാവേലിക്കര കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് കോടതി കേസ് വിചാരണക്ക് എടുക്കുകയുമായിരുന്നു. നീണ്ട എട്ടു വര്‍ഷത്തെ വാദപ്രതിവാദങ്ങള്‍ക്കു ശേഷം മാവേലിക്കര സബ്ബ് കോടതി ക്ഷേത്ര ഭരണസമിതിക്ക് അനുകൂലമായ വിധി പ്രഖ്യാപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: