ന്യൂദല്‍ഹി: ഒടുവില്‍ നാഗാലാന്‍ഡ് നിയമസഭയില്‍ ദേശീയ ഗാനം മുഴങ്ങി. അതും നാഗാലാന്‍ഡിന് സമ്പൂര്‍ണ്ണ സംസ്ഥാന പദവി ലഭിച്ച് 60 വര്‍ഷത്തിനിടെ ഇതാദ്യമായി. വിഘടന വാദവും അക്രമങ്ങളും തകര്‍ത്തെറിഞ്ഞ സംസ്ഥാനത്ത് ദേശീയഗാനം ആലപിച്ചത് ചരിത്ര മുഹൂര്‍ത്തമായി. 1963 ഡിസംബര്‍ ഒന്നിനാണ് നാഗാലാന്‍ഡിന് സമ്പൂര്‍ണ്ണ സംസ്ഥാന പദവി ലഭിച്ചത്. ഇന്ത്യയിലെ 16-ാമത് സംസ്ഥാനമാണ്.
എല്ലാ സംസ്ഥാനങ്ങളിലും ബജറ്റ് സമ്മേളനത്തിനു മുന്‍പ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമുണ്ട്. ഇതിനു തൊട്ടുമുന്‍പും ഇതു കഴിഞ്ഞുമാണ് ദേശീയഗാനം ആലപിക്കുക. എന്നാല്‍, നാഗാലാന്‍ഡില്‍ ഇങ്ങനെ ദേശീയഗാനം ആലപിക്കുമായിരുന്നില്ല, നിയമസഭാ സെക്രട്ടറി പി.ജെ. ആന്റണി പറഞ്ഞു.
സ്പീക്കര്‍ ഷെറിങ്ങ്ഗെയിന് ലോങ്കുമാര്‍ മുന്‍കൈയെടുത്താണ് ഇക്കുറി ഗവര്‍ണ്ണറുടെ പ്രസംഗത്തിനു മുന്‍പും ശേഷവും ദേശീയഗാനം ആലപിച്ചത്. ഞാന്‍ നിര്‍ദ്ദേശം വച്ചു. സ്പീക്കര്‍ അംഗീകരിച്ചു, പി.ജെ. ആന്റണി പറഞ്ഞു. നിര്‍ബന്ധമായും എന്തുകൊണ്ട് ദേശീയ ഗാനം ആലപിക്കാറില്ലെന്ന് അറിയില്ല. നിയമസഭകളില്‍ ദേശീയ ഗാനാലാപനം നിര്‍ബന്ധമല്ല. എന്നാല്‍, അതിനെ ബഹുമാനിക്കുകയെന്നത് പൗരന്റെ അടിസ്ഥാന കടമയാണ്, ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: