ന്യൂദല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കോണ്‍ഗ്രസ്. ഇതിന് മറവില്‍ വലിയതോതില്‍ പിരിവിനൊരുങ്ങുകയാണ് പാര്‍ട്ടി. വിവിധ സംസ്ഥാന യൂണിറ്റുകളുമായി എഐസിസി നടത്തി വരുന്ന ചര്‍ച്ചകളിലെ പ്രധാന ആവശ്യം പണംകണ്ടെത്തി നല്‍കുകയെന്നതാണ്.
കേരളമടക്കം തങ്ങള്‍ക്ക് ഇപ്പോഴും എന്തെങ്കിലും ശക്തിയുള്ള സംസ്ഥാനങ്ങളിലെ കെപിസിസികളോടാണ് പണം പരിച്ചു നല്കാന് പറഞ്ഞിരിക്കുന്നത്. പഞ്ചാബ്, രാജസ്ഥാന്, കേരളം തുങ്ങിയ സംസ്ഥാനങ്ങളാണ് പ്രധാന ലക്ഷ്യം. ശിവസേനയുമായി ചേര്‍ന്ന് ഭരിക്കുന്ന മഹാരാഷ്ട്രയാണ് മറ്റൊരു സുപ്രധാന കേന്ദ്രം. ഝാര്‍ഖണ്ഡില്‍ നിന്നും വലിയ തോതില്‍ ഫണ്ട് പ്രതീക്ഷിക്കുന്നു. ഇവിടങ്ങളിലെ പിസിസികളുമായി നടത്തിയ ചര്‍ച്ചയില്‍ ഹൈക്കമാന്‍ഡിന്റെ പ്രധാന ആവശ്യം തന്നെ പണമായിരുന്നു. സംസ്ഥാന അധ്യക്ഷന്മാര് അടക്കമുള്ള ഭാരവാഹികളുടെ നിയമനക്കാര്യങ്ങള്ക്കു പോലും ഹൈക്കമാന്‍ഡ് വലിയ പ്രാധാന്യം നല്‍കിയിട്ടില്ലെന്നാണ് സൂചന.
കേരളം, ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ഇനി രണ്ടോ മൂന്നോ മാസമേയുള്ളൂ. പാര്‍ട്ടിയുടെ കരുത്ത് തെളിയിക്കേണ്ട സമയമാണിതെന്നും അതിനാല്‍ വലിയതോതില്‍ ഫണ്ട് എത്തിക്കണമെന്നുമാണ് ഹൈക്കമാന്‍ഡ് സംസ്ഥാന ഘടകങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിനു പുറമേ ദല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരം പണിയുന്നുണ്ട്. ഇതിനും പണം വേണം.
അധികാരം പോയതോടെ പാര്‍ട്ടിക്ക് പണമില്ലാതായെങ്കിലും നേതാക്കളുടെ കൈവശം വന്‍തോതില്‍ പണമുണ്ടെന്നാണ് പൊതു ആരോപണം. അഴിമതികളില്‍ റോബര്‍ട്ട് വാദ്രയടക്കമുള്ളവര് കോടാനുകോടി സമ്പാദിച്ചതായി വന്ന വാര്‍ത്തകള്‍ അവര്‍ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യവ്യക്തികളില്‍ നിന്ന് പാര്‍ട്ടിക്ക് ഫണ്ട് ലഭിക്കാതായിട്ടുണ്ട്. ജനപ്രതിനിധികളോട് കൈയയച്ച് സംഭാവന നല്‍കാനും ഹൈക്കമാന്‍ഡ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: