തിരുവനന്തപുരം: ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരെ വര്‍ഗീയവാദികളായി ചിത്രീകരിക്കുന്ന അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്നും അതുകൊണ്ടു തന്നെ ഭൂരിപക്ഷ പിന്നോക്ക സമുദായങ്ങളുടെ ഐക്യം രൂപപ്പെടേണ്ടത് അത്യാവശ്യമാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്. അഖില കേരള നായിഡു സമുദായസഭ (എകെഎന്എസ്എസ്) 14-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അവഗണിക്കപ്പെടുന്ന നിരവധി സമുദായങ്ങള്‍ സംസ്ഥാനത്തുണ്ട്. പ്രശ്നങ്ങള്‍ സംഘടിതമായി ഉന്നയിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാലേ ഭരണകൂടം പരിഹാരത്തിന് ശ്രമിക്കൂ. നായിഡു സമുദായം നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് ഒബിസി സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടാനായത്. സംഘടിക്കുകയും ശബ്ദമുയര്‍ത്തുകയും ചെയ്യുന്നവര്‍ക്കു മാത്രമെ അംഗീകാരം ലഭിക്കൂയെന്നതിന്റെ തെളിവാണിതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
എകെഎന്എസ്എസ് സംസ്ഥാന പ്രസിഡന്റ് എസ്. ഗണേഷ്കുമാര് നായിഡു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ശ്രീവരാഹം വിജയന്, സേവാഭാരതി ശ്രീകണ്ഠേശ്വരം യൂണിറ്റ് പ്രസിഡന്റ് പുരുഷോത്തമന്, എകെഎന്എസ്എസ് നേതാക്കളായ എസ് സുന്ദരം, എസ്. പ്രതാപ്കുമാര്‍, വി. അമുതന് തുടങ്ങിയവര്‍ സംസാരിച്ചു.
എന്‍എസ്എസ് തീരുമാനം അഭിനന്ദനാര്ഹംമെന്ന് വി. മുരളീധരന്
തിരുവനന്തപുരം: അയോധ്യാ രാമക്ഷേത്ര നിര്‍മ്മാണ നിധിയിലേക്ക് 7 ലക്ഷം രൂപ നായര്‍ സര്‍വ്വീസ് സൊസൈറ്റി സമര്‍പ്പിച്ചത് അഭിനന്ദനാര്‍ഹമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന് പറഞ്ഞു. എന്‍എസ്എസ് സ്ഥാപകന്‍ മന്നത്താചാര്യന് മുന്നോട്ട് വച്ച ആശയങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് സ്വമേധയാ എന്‍എസ്എസ് നേതൃത്വം ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിച്ചത് ഹിന്ദു സമൂഹത്തിനാകെ സന്തോഷം നല്കുന്നു. മന്നത്താചാര്യന്റെ നേതൃത്വത്തില്‍ ഹിന്ദു മഹാമണ്ഡലത്തിന്റെ രൂപീകരണം മുതല്‍ തുടര്‍ന്നുപോന്ന ഹൈന്ദവ താത്പര്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍എസ്എസിനോട് ഹിന്ദുസമൂഹം കടപ്പെട്ടിരിക്കുന്നു. മന്നത്താചാര്യന് സ്ഥാപിച്ച ആദ്യ കോളേജിന് എന്‍എസ്എസ് ഹിന്ദു കോളേജ് എന്ന് പേരിട്ടതുള്പ്പെടെ ഹൈന്ദവര്‍ നന്ദിയോടെ സ്മരിക്കുന്നു. ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് വിശ്വാസ സമൂഹത്തിന്റെ താത്പര്യം മുറുകെ പിടിക്കാന്‍ എന്‍എസ്എസിന് കഴിഞ്ഞിരുന്നെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: