ജമ്മു: കോണ്‍ഗ്രസിന് വലിയ തിരച്ചടിയായി നാഷണല്‍ സ്റ്റുഡന്റസ് യുണിയന്‍ ഓഫ് ഇന്ത്യ(എന്‍എസ്‌യുഐ)യുടെ 1,400 ഓളം പ്രവര്‍ത്തകര്‍ ജമ്മുവില്‍ രാജിവച്ചു. പാര്‍ട്ടിയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വ്യാപക അഴിമതി ചൂണ്ടിക്കാട്ടിയാണ് രാജി. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജില്ലാ മീഡിയ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി ഭാരവാഹികളാണ് കോണ്‍ഗ്രസ് വിട്ടത്. അംഗത്വത്തിന്റെയും ജനാധിപത്യത്തിന്റെ പേരില്‍ പാര്‍ട്ടി വഞ്ചിച്ചുവെന്ന് എന്‍എസ്‌യുഐ പ്രവര്‍ത്തകര്‍ പറഞ്ഞു.
സംഘടനാ തെരഞ്ഞെടുപ്പിനായി 100 രൂപ വീതം നല്‍കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നതായി എന്‍എസ്‌യുഐ അംഗങ്ങള്‍ ആരോപിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് നടത്തിയില്ല. തെരഞ്ഞെടുപ്പ് നടത്താതെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അട്ടിമറിച്ചുവെന്നും ഇഷ്ടക്കാരെ തെരഞ്ഞെടുത്തുവെന്നും എന്‍എസ്‌യുഐ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.
വിദ്യാര്‍ഥി സംഘടനയിലെ അഴിമതിയെക്കുറിച്ച് പാര്‍ട്ടി നേതൃത്വത്തെ എന്‍എസ്‌യുഐ നേതാക്കള്‍ അറിയിച്ചിരുന്നു. അംഗത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തുമയച്ചിരുന്നു. തെരഞ്ഞെടുപ്പിനായി എന്‍എസ്‌യുഐ ഭാരവാഹികള്‍ പണം പിരിച്ചുവെങ്കിലും രണ്ടരവര്‍ഷത്തിനുള്ളില്‍ ആരെയും തെരഞ്ഞെടുത്തില്ലെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: