ആലപ്പുഴ: ശമ്പളം ലഭിക്കാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് ജില്ലയിലെ കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചു. ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചതോടെ ആശുപത്രികളില്‍ നിന്ന് റഫര്‍ ചെയ്യുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് എത്തിക്കാന്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ ഏറെ ബുദ്ധിമുട്ടി.
കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെയായും കൊടുത്തില്ലെന്ന് ആരോപിച്ചാണ് ആലപ്പുഴ ജില്ലയിലെ കനിവ് 108 ജീവനക്കാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചത്. ഡ്രൈവര്‍മാരും നഴ്സുമാരും കൂട്ട അവധിയെടുത്തതോടെ ജില്ലയിലെ അത്യാഹിത സര്‍വീസായ 108 ആംബുലന്‍സ് സേവനം പൂര്‍ണമായും നിലച്ച അവസ്ഥയാണ്. ജനുവരി മാസത്തെ ശമ്പളം അഞ്ചാം തിയതിയാണ് ലഭിക്കേണ്ടത്. എന്നാല്‍ ഇരുപതാം തിയതിയായിട്ടും ലഭിക്കാതായതോടെയാണ് ജീവനക്കാര്‍ കൂട്ട അവധിയിലേക്ക് പ്രവേശിച്ചത്.
ജീവനക്കാര്‍ ശമ്പളം ലഭിക്കാത്തതിനാല്‍ അവധിയിലാണെന്നും എന്നാല്‍ ഇത് സമരത്തിന്റെ ഭാഗമോ അസോസിയേഷനുമായി ബന്ധപ്പട്ടതോ അല്ലെന്നും ജീവനക്കാരുടെ യൂണിയന് വിശദീകരിക്കുന്നു.ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. പദ്ധതിയുടെ ഉത്തരവാദിത്വമുള്ള കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ നിന്ന് പദ്ധതി നടത്തിപ്പിന്റെ ഫണ്ട് മാസങ്ങളായി മുടങ്ങിയതാണ് പ്രതിസന്ധികള്‍ക്ക് കാരണമെന്നും ആരോപണമുണ്ട്.
ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളുടെ നടത്തിപ്പ് തുക ഉള്‍പ്പടെ 50 കോടിയോളം രൂപ കേരള മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് കരാര്‍ കമ്പനിക്ക് നല്കാന് കുടിശിക ഉണ്ടെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. ശമ്പളം വൈകുന്നതില്‍ നടപടിയുണ്ടാകണമെന്ന് കാണിച്ച് ജീവനക്കാര്‍ നിവേദനം നല്‍കിയിരുന്നുയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് അവധിയെടുക്കാന്‍ തീരുമാനിച്ചതെന്ന് ജീവനക്കാരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: