ന്യൂദല്‍ഹി: തോക്കും തിരകളുമായി പരിശീലനത്തിന് പോകാനായി വെള്ളിയാഴ്ച ദല്‍ഹി വിമാത്താവളത്തിലെത്തിയ ഷൂട്ടറും ഇന്ത്യന്‍ ഒളിംപ്യനുമായ മനു മനു ഭാകെറിനെ വിമാനത്തില്‍ കയറാന്‍ ആദ്യം അനുവിദിച്ചില്ലെന്ന് ആരോപണം. ഇതിനായി പതിനായിരത്തിലധികം രൂപ ചോദിച്ചതായും മനു ഭാകെര്‍ ട്വീറ്റ് ചെയ്തു. തുടര്‍ന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിന്റെ ഇടപെടലിന് ശേഷമാണ് മധ്യപ്രദേശിലെ ഭോപ്പാലിലേക്കുള്ള വിമാനത്തില്‍ കയറാനായത്.
‘ദല്‍ഹി ഐജിഐയിലെ എഐ 437 വിമാനത്തില്‍ കയറാന്‍ എന്നെ അനുവദിക്കുന്നില്ല, 10,200 രൂപ ചോദിക്കുന്നു. സാധുവായ എല്ലാ രേഖകളും ഡിജിസിഎ അനുമതിയുമുണ്ട്. രണ്ട് തോക്കുകളും തിരകളും മാത്രമാണ് കയ്യിലുള്ളതെങ്കിലും എയര്‍ ഇന്ത്യയുടെ ചുമതലയുള്ള മനോജ് ഗുപ്തയും മറ്റ് ജീവനക്കാരും എന്നെ അപമാനിക്കുന്നു’.- ഇന്നലെ വൈകിട്ട് മനു ഭാകെര്‍ തനിക്ക് നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദല്‍ഹി വിമാനത്താവളത്തിലെ ചിത്രത്തിനൊപ്പം ട്വീറ്റ് ചെയ്തു.
ചുരുങ്ങിയത്, താരങ്ങളെ എല്ലായ്പ്പോഴും അപമാനിക്കരുതെന്നും പണം ആവശ്യപ്പെടരുതെന്നും അവര്‍ അഭ്യര്‍ഥിച്ചു. ആയുധങ്ങള്‍ കൊണ്ടുപോകാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്റെ(ഡിജിസിഎ) അനുമതിയും എല്ലാ രേഖകളുകളും കയ്യിലുണ്ടായിട്ടും പണം ചോദിക്കുന്നവെന്നായിരുന്നു താരത്തിന്റെ പരാതി. മധ്യപ്രദേശിലെ ഷൂട്ടിംഗ് അക്കാദമിയില്‍ പരിശീലനത്തിനാണ് തോക്കുകളെന്നും അവര്‍ വ്യക്തമാക്കി.
സഹായം അഭ്യര്‍ഥിച്ച് കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജ്ജുവിനും ഹര്‍ദീപ് സിംഗ് പുരിക്കും ട്വീറ്റുകള്‍ ടാഗ് ചെയ്തിരുന്നു. ഒരു കുറ്റവാളിയെപ്പോലെയാണ് തന്നോട് പെരുമാറിയതെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു. ഒടുവില്‍ കുറച്ച് സമയത്തിന് ശേഷമാണ് മനു ഭാകെറിന് വിമാനത്തില്‍ കയറാനായത്. തുടര്‍ന്ന് അവര്‍ കിരണ്‍ റിജ്ജുവിന് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തു. താങ്കള്‍ ഇന്ത്യയുടെ അഭിമാനമാണെന്ന് റിജ്ജു മറുപടിയും കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: