തിരുവനന്തപുരം: താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമാകുന്നെന്ന സൈബര്‍ പ്രചരണത്തിനെതിരെ പ്രതികരണവുമായി നടി അനുശ്രീ. ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കൊന്നും വേറെ പണിയില്ലെ എന്നായിരുന്നു അനുശ്രീയുടെ മറുപടി. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ പ്രതികരണം. ഈ ആള്‍ക്കാര്‍ക്കൊന്നും ഒരു പണിയും ഇല്ലേ? അറിയാന്‍ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ. വേറെ വാര്‍ത്തയൊന്നും കിട്ടാനില്ലേ? കഷ്ടം എന്നായിരുന്നു നടിയുടെ ഇന്‍സ്റ്റഗ്രാം പ്രതികരണം.
ധര്മ്മജന് ഇഫക്റ്റ് തുടരുന്നു. അനുശ്രിയും കോണ്‍ഗ്രസിലേക്ക് എന്ന കാപ്ക്ഷനോടെയുള്ള പോസ്റ്ററാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. ‘എന്റേത് കോണ്‍ഗ്രസ് കുടുംബമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങും’ എന്ന് അനുശ്രിയുടേത് പോലുള്ള വാക്കുകളും പോസ്റ്ററില്‍ ഉണ്ട്. ഈ പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു അനുശ്രീയുടെ പ്രതികരണം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അനുശ്രീ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ തന്റെ സുഹൃത്തിന്റെ പ്രചരണത്തില്‍ പങ്കെടുത്തിരുന്നു. ചെന്നീര്‍ക്കര പഞ്ചായത്ത് 12ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗ്ഗീസിന്റെ കുടുംബ സംഗമത്തിലാണ് താരം പങ്കെടുത്തത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അനുശ്രീക്കെതിരേ സൈബര്‍ പ്രചാരണം.
മലയാള സിനിമ താരങ്ങളില്‍ നിന്ന് ധര്മ്മജന് ബോള്‍ഗാട്ടി, രമേഷ് പിഷാരടി, ഇടവേള ബാബു എന്നിവര്‍ കോണ്‍ഗ്രസ് അനുഭാവം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ വിവിധ താരങ്ങളുടെ പേരില്‍ വ്യാജപ്രചാരണം സൈബര്‍ ഇടങ്ങളില്‍ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: