കൊല്ലം : ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സംബന്ധിച്ച മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ അവകാശവാദത്തെ പൊളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മത്സ്യ ബന്ധന കരാറുമായി ബന്ധപ്പെട്ട് ഇഎംസിസി ഡയറക്ടര്‍, ഫിഷറീസ് ഡയറക്ടര്‍ എന്നിവരുമായ മന്ത്രി ചര്‍ച്ച നടത്തുന്നതിന്റെ ചിത്രം ചെന്നിത്തല പുറത്തുവിട്ടു.
സര്‍ക്കാരിന്റെ ഓരോ തട്ടിപ്പുകള്‍ പുറത്തു കൊണ്ടുവന്നപ്പോഴും മാനസിക നില തെറ്റിയെന്ന ആക്ഷേപമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നയിച്ചത്. കള്ളി വെളിച്ചത്തായപ്പോള്‍ മന്ത്രി ഉരുണ്ടു കളിക്കുകയാണ്. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മനോനിലയില്‍ മാറ്റമുണ്ടാകും. മന്ത്രി മേഴ്സി കുട്ടിയമ്മ അതോര്‍ക്കുന്നത് നല്ലതാണെന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രി ക്ഷണിച്ചതനുസരിച്ചാണ് കേരളത്തിലെ ചര്‍ച്ചയെന്നതിനുമുള്ള രേഖയും പുറത്തുവിട്ടിട്ടുണ്ട്. ഒന്നും അറിഞ്ഞിട്ടില്ലെന്ന് മന്ത്രി പറയുന്നത് ആരെ കബളിപ്പിക്കാനാണ്. എന്തിനാണ് ചേര്‍ത്തലയില്‍ നാലേക്കര്‍ ഭൂമി അനുവദിച്ചത്, മുഖ്യമന്ത്രി അറിയാതെയാണോ ഇത്ര വലിയ പദ്ധതി മുന്നോട്ടുപോകുമോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
മേഴ്സികുട്ടിയമ്മയുമായി ചര്‍ച്ച നടത്തിയെന്ന് കമ്പനി വ്യവസായ മന്ത്രിക്കയച്ച കത്തില്‍ പറയുന്നുണ്ട്. മന്ത്രിസഭയുടെ അംഗീകാരം ആവശ്യപ്പെട്ടാണ് ഇഎംസിസി കത്തയച്ചത്. ന്യൂയോര്‍ക്കില്‍ വച്ച് മേഴ്സിക്കുട്ടിയമ്മയുമായി ചര്‍ച്ച നടത്തിയ കാര്യം കത്തില്‍ പറയുന്നുണ്ട്. ഫിഷറീസ് വകുപ്പില്‍ സമര്‍പ്പിച്ച പദ്ധതി രേഖയെ കുറിച്ചും കത്തില്‍ പറഞ്ഞിട്ടുണ്ട്.
ശരവേഗത്തിലാണ് ഇഎംസിസിക്ക് നാലേക്കര്‍ ഭൂമി സര്‍ക്കാര്‍ അനുവദിച്ചത്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന ഇടപാടാണിത്. സംശയത്തിന്റെ മുന നീങ്ങുന്നത് മുഖ്യമന്ത്രിയിലേക്ക് തന്നെയാണ്. ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പ്പറേഷന് സൈറ്റില്‍ നിന്ന് എല്ലാം അപ്രത്യക്ഷമായി. പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം വിഷയത്തില്‍ സംസ്ഥാന മന്ത്രിമാര്‍ നടത്തിയിട്ടുള്ള പ്രസ്താവന പച്ചക്കള്ളമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കേരള തീരത്ത് ചട്ടങ്ങള്‍ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള 5324.49 കോടി രൂപയുടെ പദ്ധതിക്ക് അമേരിക്കന്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടുവെന്നാണ് ആരോപണം. ഇതിനായി ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ന്യൂയോര്‍ക്കില്‍ പോയി ചര്‍ച്ച നടത്തിയെന്നും ഇഎംസിസി ഗ്ലോബല്‍ കണ്‍സോര്‍ഷ്യം എന്ന കമ്പനിയെ കേരളത്തിലേക്കു ക്ഷണിച്ചെന്നുമാണു പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ ആരോരപണം. എന്നാല്‍ വിവാദം അനാവശ്യമാണ്. ഇതു സര്‍ക്കാര്‍ അംഗീകരിച്ചിട്ടുമില്ല. പദ്ധതിരേഖ മാത്രമാണു സമര്‍പ്പിച്ചതെന്നുമാണ് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചത്. അമേരിക്കന്‍ വിദേശനിക്ഷേപത്തോടെയാണു പദ്ധതി. സര്‍ക്കാരിന്റെ ഒരു രൂപ പോലുമില്ല. ഒട്ടേറെപ്പേര്‍ക്കു തൊഴില്‍ ലഭിക്കുന്ന നല്ല പദ്ധതിയാണിതെന്നുമാണ് മന്ത്രി പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: