തൊടുപുഴ: വികസന മുന്നേറ്റ ജാഥ ഇടുക്കിയിലെത്തിയപ്പോള്‍ മാര്‍പ്പാപ്പയുടെ പാതയാണ് എല്‍ഡിഎഫ് പിന്തുടരുന്നതെന്ന പ്രസ്താവനയുമായി നേതാക്കള്‍. സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ വിവാദ പ്രസ്താവനയെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തില്‍ നിന്ന് രക്ഷപെടാനായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന്റെ ഈ മറുപടി. എല്‍ഡിഎഫിന് വിശ്വാസികളോട് തൊട്ടുകൂടായ്മയില്ല. മാര്പ്പാപ്പയുടേതു പോലെ വിശാലമായ സമീപനമാണ് തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടകംപള്ളിയുടെ ഗുരുവായൂര്‍ ദര്‍ശന വിവാദത്തില്‍ പാര്‍ട്ടിയുടെ വിരുദ്ധ നിലപാടിനെ മാദ്ധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചെങ്കിലും അത് അദ്ദേഹത്തോട് ചോദിക്കണമെന്നായിരുന്നു മറുപടി.
എല്‍ഡിഎഫിനെ മതവിരുദ്ധരെന്ന മുദ്രചാര്‍ത്താന്‍ ശ്രമം നടക്കുന്നതായി സിപിഐ കേന്ദ്ര കമ്മിറ്റിയംഗം ബിനോയ് വിശ്വവും ആരോപിച്ചു. ഉദ്യോഗാര്‍ഥികളെ മുന്നില്‍ നിര്‍ത്തി പ്രതിപക്ഷം സമരം നടത്തുകയാണ്. എ. വിജയരാഘവന്റെ പ്രസ്താവനയെ വളച്ചൊടിച്ചു. തുടര്‍ഭരണം കിട്ടിയാല്‍ 10 വര്‍ഷം തികഞ്ഞ താത്കാലിക ജോലിക്കാരെ സ്ഥിരപ്പെടുത്തുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ കേന്ദ്ര കമ്മിറ്റിയംഗം ബിനോയ് വിശ്വം എംപി നയിക്കുന്ന തെക്കന്‍ ജാഥയുടെ പര്യടനത്തിലാകെ വിശ്വാസികളെ കൈയിലെടുക്കാനും ഉദ്യോഗാര്‍ഥികളുടെ സമരത്തെ തള്ളിക്കളയാനും നേതാക്കള്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: