കൊച്ചി: നിര്‍മാണത്തകരാറിനെ തുടര്‍ന്ന് പൊളിച്ചു പണിയുന്ന പാലാരിവട്ടം പാലം മാര്‍ച്ചില്‍ ഗതാഗതയോഗ്യമാകും. ജൂണ്‍ അവസാനം വരെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും മാര്‍ച്ച് അവസാനത്തോടെ, എല്ലാ പണിയും പൂര്‍ത്തിയാക്കി, സുരക്ഷാ പരിശോധനകള്‍ നടത്തി സര്‍ക്കാരിന് കൈമാറാനാണ് ഡിഎംആര്‍സിയുടെ പദ്ധതി. ലോകപ്രശസ്ത സാങ്കേതിക വിദഗ്ദ്ധനും ‘മെട്രോമാനു’മായ ഇ. ശ്രീധരന്റെ മറ്റൊരു നേട്ടംകൂടിയാകും പാലാരിവട്ടം പാലം. എട്ടു മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് 2020 സെപ്തംബര്‍ 28നാണ് പുനര്‍നിര്‍മാണം തുടങ്ങിയത്. ഇ. ശ്രീധരന്റെ മേല്‍നോട്ടത്തില്‍ തയാറാക്കിയ പദ്ധതി പ്രകാരം ദിവസാടിസ്ഥാനത്തില്‍ ആസൂത്രണം നിശ്ചയിച്ചാണ് പണി നീങ്ങുന്നത്. അഞ്ചു മാസം കൊണ്ട് പണി തീര്ക്കാനാകുന്നുവെന്നത് ആസൂത്രണത്തിലെ വലിയ നേട്ടമാണ്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പ് പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. എന്നാല്‍, മാര്‍ച്ച് പകുതിക്കു മുമ്പ് പണി മുഴുവന്‍ തീര്ക്കാനായേക്കുമെന്നാണ് പണി കരാര്‍ ഏറ്റെടുത്ത് ചെയ്യുന്ന ഊരാളുങ്കല്‍ സൊസൈറ്റിയില്‍ നിന്നുള്ള വിവരം. ടാറിങ്ങും റോഡ് ടെസ്റ്റിങ്ങുമാണ് ശേഷിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ചീഫ് എഞ്ചിനീയര്‍ കേശവചന്ദ്രന് പറയുന്നു.
സ്പാനുകളുടെയും സ്ലാബുകളുടെയും പണി കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. പാര്‍ശ്വഭിത്തികളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഇത് കൂടി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ടാറിങ് ആരംഭിക്കും. ലോഡ് ടെസ്റ്റിങ്ങും കഴിഞ്ഞാല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: