ന്യൂദല്‍ഹി: കേരളത്തിന്റെ ഊര്‍ജ, കുടിവെള്ള, റോഡ് മേഖലകളിലെ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. മൊത്തം ആറായിരം കോടിയിലേറെ രൂപയുടെ അഞ്ചു കേന്ദ്ര പദ്ധതികള്‍ക്കാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി തുടക്കം കുറിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രിമാരും പരിപാടിയില്‍ പങ്കെടുക്കും.
പുഗലൂര്‍ – തൃശൂര്‍ വൈദ്യുതി പ്രസാരണ പദ്ധതിയാണ് ഇതില്‍ സുപ്രധാനം. തമിഴ്നാട്ടിലെ പുഗലൂരില്‍ നിന്ന് കേരളത്തില്‍ വൈദ്യുതിയെത്തിക്കാന്‍ 320 കെവി ലൈന്‍ സ്ഥാപിച്ചത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അതി നൂതന സാങ്കേതിക വിദ്യയായ വോള്‍ട്ടേജ് സോഴ്സ് കണ്‍വെര്‍ട്ടര്‍ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ പ്രസാരണ ശൃംഖലയാണിത്. 5070 കോടി രൂപയാണ് ചെലവ്. ഇത് പ്രവര്‍ത്തനക്ഷമമാകുന്നതോടെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് 2000 മെഗാവാട്ട് വൈദ്യുതി കേരളത്തിലെത്തിക്കാം.
അമ്പത് മെഗാവാട്ടിന്റെ കാസര്‍കോട് സൗരോര്‍ജ പദ്ധതി പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും. കാസര്‍കോട് ജില്ലയിലെ പൈവള്ളിഗൈ, മീഞ്ച, ചിപ്പാര്‍ ഗ്രാമങ്ങളിലായി 250 ഏക്കറിലുള്ള പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ 280 കോടിയാണ് മുടക്കിയിട്ടുള്ളത്. മൂന്നു പദ്ധതികള്‍ തിരുവനന്തപുരത്തിനുള്ളതാണ്.
തിരുവനന്തപുരത്ത് സംയോജിത നിര്‍ദേശ – നിയന്ത്രണ കേന്ദ്രത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. 94 കോടി രൂപയാണ് ചെലവ്. തിരുവനന്തപുരത്തെ 37 കിലോമീറ്റര്‍ റോഡ് ലോകോത്തര നിലവാരത്തിലാക്കാന്‍ ഉദ്ദേശിച്ചുള്ള സ്മാര്‍ട്ട് റോഡ്സ് പദ്ധതിയുടെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിക്കും. 427 കോടി രൂപയാണ് കേന്ദ്രം മുടക്കുന്നത്.
അമൃത് ദൗത്യത്തിനു കീഴില്‍ നിര്‍മിച്ച 75 എംഎല്‍ഡി (പ്രതിദിനം ദശ ലക്ഷം ലിറ്റര്‍) ജല സംസ്കരണ പ്ലാന്റ് പ്രധാനമന്ത്രി അരുവിക്കരയില്‍ ഉദ്ഘാടനം ചെയ്യും. ഇത് തിരുവനന്തപുരത്തെ ജനങ്ങള്‍ക്കുള്ള കുടിവെള്ള വിതരണ സൗകര്യം മെച്ചപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: