തിരുവനന്തപുരം: സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ദിവസങ്ങള്‍ ശേഷിക്കേ മുഖ്യമന്ത്രിയുടെ ഓഫീസിലെ താല്‍ക്കാലിക തസ്തികകള്‍ സ്ഥിരപ്പെടുത്തി. ഏഴു പേരെയാണ് സ്ഥിരപ്പെടുത്തി പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്. പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്, പ്രസ് അഡൈ്വസര്‍ പ്രഭാവര്‍മ, പ്രസ് സെക്രട്ടറി പി.എം. മനോജ്, പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നാലു ജീവനക്കാര്‍ എന്നിവരെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. ഇതോടെ ഇവര്‍ക്ക് മുഖ്യമന്ത്രിയുടെ കാലാവധി കഴിഞ്ഞാലും പെന്ഷന് ലഭ്യമാകും.
സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് 25 ആയും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് 30 ആയും നിജപ്പെടുത്തും എന്നായിരുന്നു പറഞ്ഞത്. ഏഴു പേരെക്കൂടി പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയതോടെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ 37 പേരായി. പി.എം. മനോജിന് 2019 മുതലും ശേഷിക്കുന്നവര്‍ക്കെല്ലാം 2016 മുതലും മുന്‍കാല പ്രാബല്യത്തിലാണ് ഉത്തരവ് നല്‍കിയത്. പെന്ഷന് ലഭ്യമാക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍. ഇതിനായി മന്ത്രിസഭാ ചട്ടങ്ങളും ഭേദഗതി ചെയ്തിരുന്നു.
60 വയസ്സായവരെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തില്ല എന്നായിരുന്നു ഇടതുപക്ഷം ആദ്യം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അതും ലംഘിച്ചു. ഇതില്‍ പലരും അറുപത് കഴിഞ്ഞവരാണ്. മാത്രമല്ല പേഴ്സണല്‍ സ്റ്റാഫിന് പങ്കാളിത്ത പെന്ഷന് നല്കിയാല് മതിയെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതോടെ മറ്റ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് പെന്ഷന് പുറത്തായിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന് വേണ്ടി അതും മാറ്റിയെഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: