തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിന് വഴങ്ങാത്ത പുതുച്ചേരിയില്‍ കാവിക്കൊടി പാറിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ഇക്കാര്യത്തില്‍ ബംഗാളിനൊപ്പമാണ് ബിജെപി പുതുച്ചേരിയെയും ചേര്‍ത്തുനിര്‍ത്തുന്നത്. ഹൈക്കമാന്റിന്റെ പിടി ഒന്നുകൊണ്ട് മാത്രം പുതുച്ചേരിയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി തുടരുന്ന നാരായണസ്വാമിയോടുള്ള കോണ്‍ഗ്രസുകാരുടെ വെറുപ്പ് ബിജെപിയുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നു.
ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി അവര്‍ക്ക് അവകാശപ്പെട്ട മൂന്ന് സീറ്റുകളില്‍ ബീജെപിക്കാരെ നാമനിര്‍ദേശം ചെയ്തതോടെയാണ് ബിജെപി പുതുച്ചേരി ഭരണം സ്വപ്നം കാണാന്‍ തുടങ്ങിയത്. പലവിധ അഴിമതികളിലൂടെ സ്വയം വളര്‍ന്നുകൊണ്ടിരുന്ന നാരായണസ്വാമിയുടെ ചിറകരിയാന്‍ ലഫ്. ഗവര്‍ണറായി എത്തിയ കിരണ്‍ ബേദി ആദര്‍ശത്തിന്റെ അടിത്തറയില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയതോടെ നല്ല കോണ്‍ഗ്രസുകാരുടെ നാരായണസ്വാമിയോടുള്ള വെറുപ്പ് കൂടി വന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ. നമശിവായം എന്ന ആദര്‍ശധീരനായ കോണ്‍ഗ്രസുകാരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പ് നേരിട്ടത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ 30ല്‍ 15 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തി. മൂന്ന് ഡിഎംകെ എംഎല്‍എമാരുടെയും ഒരു ഇടത് സ്വതന്ത്രന്റെയും സഹായത്തോടെയായിരുന്നു കോണ്‍ഗ്രസിന്റെ അധികാരത്തിലേക്കുള്ള തേരോട്ടം. ഇനിയാണ് ചതിയുടെ ചുരുളഴിയുന്നത്. ഹൈക്കമാന്റ് എന്ന കോണ്‍ഗ്രസിന്റെ അധികാരകേന്ദ്രത്തെ പിടിച്ച് മുഖ്യമന്ത്രിക്കസേര നാരായണസ്വാമി തട്ടിയെടുക്കുകയായിരുന്നു. ഇത് കോണ്‍ഗ്രസിലെ നമശിവായം ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വെറുപ്പുണ്ടാക്കി. ഈ വെറുപ്പാണ് ക്രമേണ ഓരോരുത്തരായി ബിജെപിയിലേക്ക് ചേക്കാറാന്‍ വഴിയൊരുക്കിയത്.
എ. നമശിവായംആദ്യം കൂറുമാറി പിന്നാലെ അദ്ദേഹത്തിന്റെ വിശ്വസ്തന് ദീപൈന്തയ്യനും ബിജെപിയിലെത്തി. ആരോഗ്യമന്ത്രി മല്ലടി കൃഷ്ണറാവു, കാമരാജ് നഗര്‍ എംഎല്‍എ ജോണ്‍കുമാര്‍ എന്നിവരും നാരായണസ്വാമിയുമായുള്ള ഭിന്നതയാല്‍ കോണ്‍ഗ്രസ് വിട്ടു. അധികം വൈകാതെ ജോണ്‍കുമാറും ബിജെപിയില്‍ ചേര്‍ന്നു. 15എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസില്‍ ഇപ്പോഴുള്ളത് 10 പേര്. ഡിഎംകെയുടെ മൂന്ന് പേരും ഒരു ഇടത് സ്വതന്ത്രനും ചേരുമ്പോള്‍ ഭരണകക്ഷിയംഗങ്ങള്‍ 14. ഇപ്പോള്‍ പ്രതിപക്ഷത്തും 14 പേരാണ്. ബിജെപിയില്‍ ഏഴ് അംഗങ്ങളായി. ഇനി കൂടുതല്‍ വിമതര്‍ എത്തിയാല്‍ അവരുടെ സംഖ്യബലം വര്‍ധിക്കും. എന്‍ആര്‍ കോണ്‍ഗ്രസിനെയും അണ്ണാഡിഎംകെയെയും കൂടെനിര്‍ത്തി പുതുച്ചേരി പിടിക്കാനാണ് ബിജെപി നീക്കം. തമിഴ്നാട്ടില്‍ സഖ്യമുള്ളതിനാല്‍ പുതുച്ചേരിയിലും അണ്ണാഡിഎംകെയും ബിജെപിയെ പിന്തുണയ്ക്കും.
പുതുച്ചേരിയുടെ ചരിത്രം ഒന്നു വ്യത്യസ്തമാണ്. ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലം മുതലേ പുതുച്ചേരിയില്‍ കോണ്‍ഗ്രസിന്റെ ആധിപത്യമാണ് നിലനില്‍ക്കുന്നത്. കേരളത്തിനോട് ചേര്‍ന്ന് കിടക്കുന്ന മാഹി, ആന്ധ്രയിലെ യാനം, തമിഴ്നാട്ടില്‍ നിന്നുള്ള കാരയ്ക്കല്‍ എന്നീ മൂന്ന് പ്രദേശങ്ങള്‍ ചേര്‍ന്നതാണ് പുതുച്ചേരി. അന്നുമുതലേ കോണ്‍ഗ്രസ് നല്‍കിയിരിക്കുന്ന വാഗ്ദാനം പുതുച്ചേരിയെ ഇതേ രൂപത്തില്‍ എക്കാലവും നിലനില്‍ത്തും എന്നതായിരുന്നു. എന്നാല്‍ മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി എത്തിയപ്പോള്‍ പുതുച്ചേരിയെ ഇല്ലാതാക്കാന്‍ ഒരു നീക്കം നടന്നു. മാഹിയെ കേരളത്തിനോടും യാനത്തെ ആന്ധ്രയോടും കാരയ്ക്കലിനെ തമിഴ്നാട്ടിനോടും ലയിപ്പിച്ച് പുതു്ച്ചേരി എന്ന കേന്ദ്രഭരണപ്രദേശത്തെ ഇല്ലാതാക്കാനായിരുന്നു ആ നീക്കം. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ശക്തമായ സമരം നടന്നു. ഇത് വിജയിക്കുകയും ചെയ്തു. മൊറാര്‍ജി ദേശായി നീക്കത്തില്‍ നിന്നും പിന്മാറി.
കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ നാല് തവണ പിളര്‍ന്നിട്ടും പുതുച്ചേരിയില്‍ കോണ്‍ഗ്രസ് മുഖ്യശക്തിയായി ഇരിക്കുന്നതിന്റെ കാരണം ഇതാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക കോണ്‍ഗ്രസും എന്‍. രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള എന്‍.ആര്. കോണ്‍ഗ്രസും. എന്നാല്‍ നാരായണസ്വാമി എന്ന അഴിമതിക്കാരനായ കോണ്‍ഗ്രസ് നേതാവ് ഹൈക്കമാന്റുമായുള്ള ഗൂഡാലോചനയിലൂടെ തന്റെ ഇഷ്ടപ്രകാരം കോണ്‍ഗ്രസിനെ ഉപയോഗിക്കാന്‍ തുടങ്ങിയതാണ് കോണ്‍ഗ്രസിനെ ശവക്കുഴി തോണ്ടിയത്. ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ പുതുച്ചേരി സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയോട് ഒരു മത്സ്യത്തൊഴിലാളി സ്ത്രീ പരാതി പറഞ്ഞപ്പോള്‍ അവര്‍ പരാതിപ്പെടുകയല്ല, കോണ്‍ഗ്രസ് സര്‍ക്കാരിനെ പുകഴ്ത്തുകയാണെന്നാണ് തമിഴറിയാത്ത രാഹുല്‍ ഗാന്ധിയെ നാരായണസ്വാമി തെറ്റിദ്ധരിപ്പിച്ചത്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ നാരായണസ്വാമിയുടെ ഈ വലിയ കള്ളം പൊളിഞ്ഞതോടെ ഈ കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് മുഖം നഷ്ടമായിരിക്കുകയാണ്.
കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷമായി മാറിയ സാഹചര്യത്തില്‍ ഫിബ്രവരി 22ന് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ലഫ്. ഗവര്‍ണര്‍ തമിഴിശൈ സൗന്ദരരാജന് ഉത്തരവിട്ടിരിയ്ക്കുകയാണ്. 33 അംഗങ്ങളുള്ള നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതിന്റെ രണ്ടാം ദിവസമാണ് ലഫ്. ഗവര്‍ണറുടെ ഈ ഉത്തരവ്. ഇപ്പോള്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും 14 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ഫിബ്രവരി 17ന് പ്രതിപക്ഷ നേതാവ് എന്‍. രംഗസ്വാമിയുടം 13 എംഎല്‍എമാരും രാജ് നിവാസില്‍ എത്തി ലഫ്. ഗവര്‍ണറെ കണ്ടിരുന്നു. നാല് കോണ്‍ഗ്രസ് എംഎല്‍എമാരുടെക്കൂടി രാജിയോടെ വി. നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നായിരുന്നു ഇവരുടെ അവകാശവാദം. എ. നമശ്ശിവായം, ഇ. തീപ്പൈഞ്ജന്‍, ജോണ്‍കുമാര്‍, മല്ലാടി കൃഷ്ണ റാവു എന്നിവരാണ് രാജിവെച്ചത്.
എന്‍. രംഗസ്വാമിയും എ ഐഎഡിഎംകെ എംഎല്‍എ എ. അമ്പഴകനും ബിജെപി എംഎല്‍എ സാമിനാഥനും വ്യാഴാഴ്ച തമിഴിശൈ സൗന്ദരരാജനെക്കണ്ട് ഇപ്പോഴത്തെ നാരായണസ്വാമി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഫിബ്രവരി 22ന് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിട്ടത്.
വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കയ്യുയര്‍ത്തിയാല്‍ മതിയെന്നും വിശ്വാസവോട്ടെടുപ്പ് നടപടികള്‍ അഞ്ച് മണി വിട്ട് പോകാന്‍ പാടില്ലെന്നും തമിഴിശൈ സൗന്ദര്രാജന് നിര്‍ദേശിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഇതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാനും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ എംഎല്‍എമാര്‍ക്കും സുഗമമായി അവരുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ വന്നാല്‍ നാരായണസ്വാമി സര്‍ക്കാര്‍ നിലംപൊത്തും. ചിലപ്പോള്‍ ബദല്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി നീക്കം നടത്തിക്കൂടായ്കയില്ല. ഇതുവഴി തമിഴ്നാട് സ്വപ്നങ്ങളിലേക്ക് ബിജെപി ഒരു ചുവട് കൂടി അടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: