സിഡ്നി: ഓസ്ട്രേലിയന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് ഫേസ്ബുക്ക്. സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ന്യൂസ് കോഡില്‍ പ്രതിഷേധിച്ച് ഉപയോക്താക്കളെ ഫേസ്ബുക്കില്‍ നിന്നും വാര്‍ത്തകള്‍ വായിക്കുന്നതില്‍നിന്നും ഷെയര്‍ ചെയ്യുന്നതില്‍നിന്നും വിലക്കി. ഇന്നു രാവിലെയാണ് ഫേസ്ബുക്ക് അപ്രതീക്ഷിത നീക്കം നടത്തിയത്. ഇതോടെ ഓസ്ട്രേലിയയിലെ ഒരു മാധ്യമങ്ങള്‍ക്കും ഫേസ്ബുക്കില്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. പല മാധ്യമങ്ങളുടെയും ഫേസ്ബുക്ക് പേജുകള്‍ തന്നെ അപ്രത്യക്ഷമായിട്ടുണ്ട്. ആയിരത്തില്‍ അധികം പേജുകളാണ് ഇങ്ങനെ ഫേസ്ബുക്ക് നീക്കം ചെയ്തിരിക്കുന്നത്.
എല്ലാ പ്രാദേശിക, ആഗോള വാര്‍ത്താ വെബ്സൈറ്റുകളുടെ ഫേസ്ബുക്ക് പേജുകളും നീക്കിയവയില്പെടുന്നു. സര്‍ക്കാര്‍, ആരോഗ്യ വകുപ്പ്, പോലീസ് എന്നിവയുടെ പേജുകളും ബ്ലോക്കാക്കിയെങ്കിലും ഉടന്‍ തിരിച്ച് നല്കി. ഗൂഗിളിലും ഫെയ്സ്ബുക്കിലും വരുന്ന വാര്‍ത്താ ലിങ്കുകളില്‍ വായനക്കാര്‍ ക്ലിക്കു ചെയ്യുന്നുണ്ടെങ്കില്‍ അത് പ്രസിദ്ധീകരിച്ച മാധ്യമത്തിന് ഇരുകമ്പനികളും പണം നല്കണമെന്നുള്ള പുതിയ ന്യൂസ് കോഡില്‍ പ്രതിഷേധിച്ചാണ് പുതിയ നീക്കം.
തങ്ങളുടെ ഫ്ളാറ്റ്ഫോമുകള്‍ വാര്‍ത്തകള്‍ ഇല്ലെങ്കിലും നിലനില്‍ക്കുമെന്ന് ഫേസ്ബുക്ക് പ്രതിനിധികള്‍ വ്യക്തമാക്കി. അമേരിക്കയിലും രാഷ്ട്രീയ വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ അതിപ്രസരം ഉള്ള പേജുകളുടെ റീച്ച് കുത്തനെ കുറയ്ക്കുകയും ചെയ്തിരുന്നു. ഈ നിയന്ത്രണങ്ങള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഫേസ്ബുക്ക് അല്‍ഗോരിതം പുനര്ക്രമീകരിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: