കോവിഡ് മഹാമാരിയെത്തുടര്‍ന്ന് സ്‌കൂള്‍ വിദ്യാഭ്യാസരംഗം താറുമാറായത് ഒരുപക്ഷെ ഒരു തലമുറയിലെ എല്ലാ പഠിതാക്കളെയും ബാധിച്ചേക്കാം. സ്‌കൂളുകള്‍ അടച്ചിട്ടത് പഠനരീതികള്‍ മാറുന്നതിന് കാരണമാകുകയും വിദ്യാര്‍ത്ഥികളുടെ അറിവ് നേടുന്നതിനും മാനസികശേഷി വികസിപ്പിക്കുന്നതിനുമുള്ള സ്‌കൂളുകളുടെ പങ്ക് വീടുകളിലേക്ക് മാറുന്നതിന് കാരണമായി. വിദ്യാഭ്യാസ രംഗത്ത് ചില കാര്യങ്ങളില്‍ മാറ്റം വേണമെന്ന് കോവിഡ് മഹാമാരിക്കാലം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നവീകരണത്തിനുള്ള സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയുടെ അന്തര്‍ലീനമായ കഴിവും മഹാമാരി കാലം വെളിപ്പെടുത്തി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മള്‍ എന്റോള്‍മെന്റ് നിരക്കുകള്‍, ആക്‌സസ് ലഭിക്കുന്നതിന്റെ അനുപാതം, അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം, നേട്ടങ്ങളുടെ നിരക്ക് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സ്ഥൂലമായി നിരീക്ഷിച്ചു വരികയാണ്. എന്നാല്‍ ഈ മഹാമാരി നമ്മളോട് ഓരോ വിദ്യാര്‍ത്ഥിയേയും ഓരോ അധ്യാപകനേയും ഓരോ വിദ്യാലയത്തേയും സൂക്ഷ്മമായി നിരീക്ഷിക്കാനും അതുവഴി ഒരു വിദ്യാര്‍ത്ഥി പോലും പിന്നിലായിപ്പോകുന്നില്ലെന്ന് ഉറപ്പാക്കാനും ആവശ്യപ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ പിന്നിലായിപ്പോകുന്ന സന്ദര്‍ഭങ്ങളില്‍ മാനേജ്‌മെന്റുകളെക്കുറിച്ചോ ദുരന്ത നിവാരണത്തെക്കുറിച്ചോ സാമ്പത്തിക അവസ്ഥയെക്കുറിച്ചോ പോലും നമ്മള്‍ പലപ്പോഴും സംസാരിക്കുന്നു. ആ സമയത്ത് പരമ്പരാഗതമായ, ഓരോ വ്യക്തിയെയും പഠിപ്പിക്കുന്ന പഠന രീതികള്‍ പ്രായോഗികമല്ലെന്ന കണ്ടെത്തല്‍ നടത്തുകയും എല്ലാ മേഖലകളിലും ചര്‍ച്ച ചെയ്യുകയും ചെയ്ത, ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ദേശീയ വിദ്യാഭ്യാസ നയമാണ് 2020 കോവിഡ് മഹാമാരിക്കാലത്ത് അവതരിപ്പിക്കപ്പെട്ടത്.
മുകളില്‍ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാകണം ഈയടുത്ത് അവതരിപ്പിക്കപ്പെട്ട ബജറ്റ് പ്രഖ്യാപനങ്ങളെ കാണേണ്ടത്. 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ കുട്ടികളെ കേന്ദ്രീകരിച്ച് സ്‌കൂളുകളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും സമഗ്രവും എല്ലാ മേഖലകളും ഉള്‍പ്പെടുന്നതും ആനന്ദകരവുമായ അധ്യയനം നല്‍കുന്നതിന് അധ്യാപകരെ പ്രാപ്തമാക്കുന്നതിനായി അവരുടെ ശേഷി വര്‍ധിപ്പിക്കുന്ന തീവ്രപരിശീലന പരിപാടികളും ലക്ഷ്യമിടുന്നു. എപ്പോഴും ലഭ്യമാകുന്ന വിവര സാങ്കേതിക വിദ്യാഭ്യാസ സൗകര്യങ്ങളുടെ പിന്തുണയോടെയാണ് ഇത് ഒരുക്കുന്നത്.
ക്ലാസ്മുറികളിലും സ്‌കൂളുകളിലും ബൗദ്ധികവും വൈകാരികവുമായ വിദ്യാഭ്യാസം ലഭിക്കുക വഴി മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം എന്നത് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു ആഹ്ലാദകരമായ പ്രവൃത്തിയായി മാറ്റാന്‍ സാധിക്കൂ. രാജ്യത്താകെ 15,000 വിദ്യാലയങ്ങളില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, മികച്ച പരിശീലനം ലഭിച്ച അധ്യാപകര്‍, സൃഷ്ടിപരമായ അധ്യയന രീതികള്‍ എന്നിവ ഏര്‍പ്പെടുത്താന്‍ ഗവണ്മെന്റ് പദ്ധതിയിടുന്നു. ഇത് വഴി മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കും. എല്ലാവര്‍ക്കും തുല്യവും സമഗ്രവും ആഹഌദകരവുമായ വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള അവസരം ലഭിക്കും. വിദ്യാര്‍ത്ഥികളുടെ വ്യത്യസ്തമായ ജീവിത സാഹചര്യങ്ങള്‍, ബഹുഭാഷാ ആവശ്യങ്ങള്‍, പഠന കഴിവുകള്‍ എന്നിവ പരിഗണിച്ചാകും ഇത് നടപ്പില്‍ വരുത്തുക. ബജറ്റിലെ തുക ഉപയോഗിച്ച് അടിസ്ഥാന സൗകര്യ വികസനം നടത്തുകയും തുല്യതയും ഗുണനിലവാരവും കൊണ്ടുവരികയും ചെയ്ത് എല്ലാ ഗവണ്മെന്റ് സ്‌കൂളുകളേയും വികസനത്തിന്റെ പാതയില്‍ കൊണ്ടുവരും.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം നിലവില്‍ വരുന്നതില്‍ നിര്‍ണായക പങ്ക് വിദ്യാഭ്യാസ മേഖലയുടെ നട്ടെല്ലായ അധ്യാപകര്‍ക്കാണ്. സ്‌കൂളുകളെ ഇത്തരത്തില്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് അധ്യാപകര്‍ പഠിക്കുകയും വീണ്ടും പഠിക്കുകയും വഴി നിര്‍ദ്ദിഷ്ട നിലവാരത്തില്‍ എത്തിച്ചേരേണ്ടതുണ്ട്. ചോക്കും സംസാരവും മാത്രം ഉപയോഗിക്കുന്ന പഠനരീതിയെ മറന്ന് കളയുന്നതോടൊപ്പം കല/സ്‌പോര്‍ട്‌സ്/കഥപറച്ചില്‍/ഐടി/പ്രവര്‍ത്തനങ്ങള്‍/ജീവിത വൈദഗ്ധ്യം/ മൂല്യങ്ങള്‍ തുടങ്ങിയ സൃഷ്ടിപരമായ അറിവുകള്‍ കൂടി അധ്യാപകര്‍ നേടേണ്ടതുണ്ട്.
ഇത്തരത്തലുള്ള എല്ലാ മാറ്റങ്ങളുടേയും കേന്ദ്രം എല്ലായ്‌പോഴും വിദ്യാര്‍ത്ഥി ആയിരിക്കും. കളിപ്പാട്ടമോ അതുപോലുള്ള എന്തെങ്കിലുമോ ഉപയോഗിച്ചുള്ള പഠനരീതി നഴ്‌സറി ക്ലാസുകള്‍ മുതല്‍ 12ാം ക്ലാസ് വരെ അഭികാമ്യമാണ്. ഇത് തദ്ദേശീയ ഉപകരണങ്ങള്‍ പഠനത്തില്‍ ഉപയോഗിക്കുന്നതിനൊപ്പം ഗെയിമുകള്‍ (ബോര്‍ഡ് ഗെയിമുകള്‍, കാര്‍ഡ് ഗെയിമുകള്‍, ഇലക്ട്രോണിക് ഗെയിമുകള്‍ ഉള്‍പ്പെടെ) പസിലുകള്‍, കളിപ്പാവകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉപയോഗിച്ച് ഭാഷകള്‍, ശാസ്ത്രം, ഗണിതശാസ്ത്രം, ചരിത്രം മുതലായ വിഷയങ്ങള്‍ പഠിക്കുന്നതിന് കാരണമാകും. അധ്യാപകര്‍, രക്ഷിതാവ്, സ്വയം, സുഹൃത്ത് എന്നിവര്‍ വഴി പഠനം വിലയിരുത്തി ഓരോ വിദ്യാര്‍ത്ഥിക്കും സമഗ്രമായ ശ്രദ്ധ നല്‍കുന്ന പഠന രീതിയാണ് ഇനി ഉണ്ടാകുക. ഇത് പുസ്തകം/സിലബസ് എന്നിവിടങ്ങളില്‍ നിന്ന് മാത്രം ലഭിക്കുന്ന അധ്യയനത്തിനപ്പുറം വിദ്യാര്‍ത്ഥിയെ മികച്ച സൃഷ്ടിപരതയും ആശയവിനിമയ ശേഷിയുമുള്ള ഒരു വിമര്‍ശക ചിന്തകനും പ്രശ്‌ന പരിഹാരകനുമാക്കി മാറ്റുന്നു. ഇന്ത്യന്‍ ആംഗ്യഭാഷയെ സ്റ്റാന്‍ഡേര്‍ഡൈസ് ചെയ്ത് അതിന്റെ പൂര്‍ണമായ പങ്കാളിത്തം ഉറപ്പുവരുത്തും. ബോര്‍ഡ് പരീക്ഷയുമായി ബന്ധപ്പെട്ട പരിഷ്‌കരണങ്ങള്‍ സിബിഎസ്ഇ ഇതിനകം നടപ്പില്‍ വരുത്തി കഴിഞ്ഞു. ഇത് മാറ്റങ്ങളെ അതിവേഗത്തിലാക്കും.
ഇത്തരം ഇടപെടലുകള്‍ക്കൊപ്പം എന്‍-ഡിയര്‍ മുഖേന വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരും. നാഷണല്‍ ഡിജിറ്റല്‍ എജൂക്കേഷന്‍ ആര്‍കിടെക്റ്ററിന്റെ കരട് ഈ വര്‍ഷം തയ്യാറാകും. സ്‌കൂള്‍ വിദ്യാഭ്യാസം ആവിഷ്‌കരിക്കുന്നതിനും നടപ്പിലാക്കുന്നതിനും കേന്ദ്രത്തേയും സംസ്ഥാനങ്ങളേയും സഹായിക്കുന്ന തുറന്നതും വിലയിരുത്താന്‍ കഴിയുന്നതുമായ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യമാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാലയങ്ങള്‍ക്കും അതിരുകളില്ലാതെ ഡിജിറ്റല്‍ അറിവ് സ്വായത്തമാക്കുന്നതിനുള്ള അവസരവും ഇത് നല്‍കും.
മഹാമാരി കവര്‍ന്നെടുത്ത അവസരങ്ങള്‍ക്ക് പകരമായി വിദ്യാര്‍ത്ഥികളെ എല്ലായ്‌പോഴും കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുന്ന നയങ്ങളിലൂടെ, വിദ്യാഭ്യാസം നേടുക എന്നത് ആനന്ദകരമാക്കി മാറ്റുന്നതിനുള്ള നയങ്ങളാണ് ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
അനിത കര്‍വാല്‍
(കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് സെക്രട്ടറിയാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: