മാനവ ദേഹക്ഷേത്രത്തിന്റെ മനോഹരമായ ഒരു പ്രതികൃതിയാണ് ഭാരതീയ ദേവാലയങ്ങള്‍. മനുഷ്യന്റെ ആത്മീയമായ ഉന്നതിക്കായി നിലനില്‍ക്കുന്ന വിവിധങ്ങളായ ഉപാസനാ പദ്ധതികളില്‍ പ്രധാനമാണ് ക്ഷേത്രാരാധന സമ്പ്രദായം. ഹൈന്ദവ ധര്‍മ്മാനുസാരം ഉപാസനാമാര്‍ഗങ്ങള്‍ കാലികങ്ങളാണ്.
‘കൃതേ ശ്രുത്യുക്ത ആചാരഃ,
ത്രേതായാം സ്മൃതി സംഭവഃ,
ദ്വാപരേ തു പുരാണോക്താ,
കലാവാഗമ സമ്മതഃ’
എന്ന നിര്‍ദ്ദേശപ്രകാരം ഈ യുഗത്തിലെ ഉപാസനമാര്‍ഗം താന്ത്രികവും, തദടിസ്ഥാനത്തിലുള്ള ക്ഷേത്രോപാസനയും തന്നെ.
അനാദിയായ കാലം മുതല്‍ക്ക് ഈ ഭാരതദേശത്തില്‍ ക്ഷേത്രങ്ങള്‍ നിലനിന്നിരുന്നുവെന്ന് പുരാണങ്ങളില്‍ നിന്ന് വ്യക്തമാണ്. ശ്രീരാമന്റെ രാമേശ്വര പ്രതിഷ്ഠയും, രുക്മിണീ സ്വയംവര സന്ദര്‍ഭത്തിലെ ക്ഷേത്രദര്‍ശനവും ഇത് തന്നെ സൂചിപ്പിക്കുന്നു. വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും ക്ഷേത്രങ്ങളുടെ പങ്ക് വളരെ വലുതാണ്. സ്വസംസ്‌കാരത്തെ നിലനിര്‍ത്തി വളര്‍ത്തി കൊണ്ട് വരുന്ന ആത്മീയ- സാമൂഹിക ഇടങ്ങളാണവ. ഇതോടൊപ്പം യോഗശാസ്ത്രപരവും വൈദികവും താന്ത്രികവുമായ ക്രിയകള്‍ വളരെ സാമഞ്ജസമായി സമ്മേളിക്കുന്ന ഒരു ആത്മീയപദ്ധതി കൂടിയാണ് ക്ഷേത്രദര്‍ശനം.
ക്ഷേത്രങ്ങളെ ശാസ്ത്രരീതിയില്‍ പരിശോധിച്ചാല്‍ അവ കേവലം ആരാധനയ്‌ക്കായുള്ള കെട്ടിടങ്ങള്‍ മാത്രമല്ല, മറിച്ചു പ്രപഞ്ചശരീരത്തിന്റെയും വ്യഷ്ടിശരീരത്തിന്റെയും പ്രത്യക്ഷ മാതൃകാരൂപങ്ങള്‍ തന്നെയാണ്. ‘ദേഹോ ദേവാലയഃ ജീവോ ദേവ സദാശിവഃ’ എന്ന തന്ത്രശാസ്ത്ര പ്രയോഗം ഇത് തന്നെ സൂചിപ്പിക്കുന്നു. കേവലം സ്ഥൂലശരീരത്തിന്റെ മാത്രമല്ല മറിച്ചു സൂക്ഷ്മ ശരീരത്തിന്റെയും കൂടി പ്രതീകമാണ് ക്ഷേത്രങ്ങള്‍.
ക്ഷേത്രനിര്‍മാണത്തെ നന്നായി പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. മഹാമര്യാദ, ബാഹ്യഹാര, മദ്ധ്യഹാര, അന്തഹാര, അന്തര്‍മണ്ഡലം എന്നീ പഞ്ചപ്രാകാരങ്ങള്‍ ദേവന്റെ സ്ഥൂല ശരീരത്തിനെയും ശ്രീകോവില്‍, ദേവപ്രതിഷ്ഠ, ഷഡാധാരങ്ങള്‍ എന്നിവ സൂക്ഷ്മ ശരീരത്തെയുമാണു സൂചിപ്പിക്കുന്നത്. ചില വാസ്തുഗ്രന്ഥങ്ങള്‍ ഈ പ്രാകാരങ്ങളെ ദേവശരീരമായി അന്വയിപ്പിച്ചിട്ടുണ്ട്. ‘വിശ്വകര്‍മ്യ’ ഗ്രന്ഥം ഇപ്രകാരത്തില്‍ ഗര്‍ഭഗൃഹം ശിരസ്സായും, അകത്തെ ബലിവട്ടം മുഖമായും മണ്ഡപം ഗളമായും, നാലമ്പലം കൈകളായും പുറത്തെ പ്രദക്ഷിണവഴി കുക്ഷി സ്ഥാനമായും പുറംമതില്‍ മുട്ടുകളായും ഗോപുരങ്ങളെ ദേവപാദമായും സങ്കല്‍പ്പിച്ചിരിക്കുന്നു.
ഇപ്രകാരം ക്ഷേത്രനിര്‍മാണത്തിന്റ ഭേദമനുസരിച്ചെങ്കിലും സ്ഥൂല ശരീരാംശത്തെ പ്രതിനിധാനം ചെയ്യുന്ന അനുപാതാത്മകമായ ഒരു വളര്‍ച്ച ക്ഷേത്രത്തിനുണ്ടാവുന്നതായി കാണാം. ദിക്പാലകന്മാരായ പത്തു ദേവന്മാരും സപ്തമാതൃക്കളും വീരഭദ്രനും ഗണപതിയും ഉള്‍പ്പെടുന്ന ദേവസമുച്ചയ സ്ഥാനമാണീ സ്ഥൂലശരീരം. തദ്പ്രതീകങ്ങളാണ് ക്ഷേത്ര ബലികല്ലുകള്‍.
എന്നാല്‍ ബാഹ്യപ്രകാരങ്ങള്‍ മാത്രമല്ല നമുക്ക് ദൃഷ്ടി ഗോചരമല്ലാത്ത സൂക്ഷ്മശരീരവും ദേവനുണ്ട്. ശ്രീകോവില്‍ ഗര്‍ഭഗൃഹത്തിലെ പ്രതിഷ്ഠ നാം കാണുന്ന വിഗ്രഹം മാത്രമല്ല മറിച്ചു താഴെത്താഴെയായി സ്ഥാപിക്കപ്പെട്ടിട്ടുള്ള ഷഡാധാരത്തോട് കൂടിയവയാണ്. ആധാരശില, നിധികുംഭം, പദ്മം, കൂര്‍മം,യോഗനാളം, നപുംസകശില എന്നീ അവയവങ്ങള്‍ ചേരുന്നവയാണ് ഷഡാധാരപ്രതിഷ്ഠ.
ദേവാലയ നിര്‍മാണത്തിലാരാംഭമായി പരിശുദ്ധമാക്കപ്പെട്ട ഭൂമിയില്‍ കുഴിയെടുത്തു ആധാരശില സ്ഥാപിച്ചു അതിന്റെ മദ്ധ്യത്തിലുള്ള കുഴിയില്‍ രത്‌ന കനകാദികള്‍ നിറച്ച നിധികുംഭം ഉറപ്പിച്ചു വെക്കുന്നു. അതിനു മുകളില്‍ ശില കൊണ്ടു നിര്‍മിച്ച അഷ്ട ദളപദ്മവും അതിനു മുകളിലായി കൂര്‍മത്തെയും സ്ഥാപിക്കണം. തദുപരി അകം ശൂന്യമായതും അഗ്രഭാഗം കൂര്‍ത്തതുമായ ആകാശതത്വപ്രതീകമായ യോഗനാളവും തദുപരിയായി നപുംസക ശിലയേയും സ്ഥാപിക്കണം.
സാധാരണ പൂജകളില്‍ ദേവനെ ആവാഹിക്കുന്ന മന്ത്രങ്ങള്‍ ഈ സങ്കല്പത്തിലുള്ളവയാണ്. ഈ ഷഡാധാര കല്പന സൂക്ഷ്മശരീരത്തിന്റെ ആധാര പദ്മങ്ങളെയാണ് സൂചിപ്പിക്കുന്നത്. ആധാരശിലയാകുന്ന മൂലാധാര സ്വാധിഷ്ഠാന ചക്രം, മണിപൂരകമാകുന്ന നിധികുംഭം, അനാഹതചക്രമാകുന്ന പദ്മം, കൂര്‍മം, വിശുദ്ധി ചക്ര സങ്കല്‍പ്പത്തിലുള്ള യോഗനാളം അതിനുപരിയായിട്ടുള്ള നപുംസക ശില പരബ്രഹ്മചൈതന്യത്തിന്റ പ്രതീകമായ ആജ്ഞാചക്ര സങ്കല്പത്തിലുള്ളതാണ്. തദുപരിയായ ബിംബ പ്രതിഷ്ഠ സഹസ്രാര പദ്മവുമാകുന്നു.
ഡോ. രാധാകൃഷ്ണന്‍ ശിവന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക