തിരുവനന്തപുരം: യുപിയില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകനായ പന്തളം ചേരിക്കല്‍ നസീമ മന്‍സിലില്‍ അന്‍ഷാദ് ബദറുദ്ദീന്റെ ഇരട്ടമുഖം കണ്ട് നാട്ടുകാര്‍ ഞെട്ടുന്നു. നാട്ടില്‍ വെറും ആശാരിപ്പണിക്കാരനായി അറിയപ്പെടുന്ന അന്‍ഷാദ് ബദറുദ്ദീനെയാണ് ഉത്തര്‍പ്രദേശില്‍ സ്ഫോടനം നടത്താനെത്തിയ യുവാവെന്ന് യുപി പൊലീസ് വിശേഷിപ്പിക്കുന്നത്.
യുപി പൊലീസ് അന്‍ഷാദ് ബദറുദ്ദീന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്തത് 12 റെയില്‍വേ ടിക്കറ്റുകള്‍. ഈ ടിക്കറ്റുകള്‍ പ്രകാരം അന്‍ഷാദ് ബദറുദ്ദീന്‍ ഇന്ത്യ മുഴുവന്‍ കറങ്ങിയെന്നതിന്റെ തെളിവാണെന്ന് യുപി പൊലീസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ എഡിജിയായ അമിതാഭ് യാഷ്. മാത്രമല്ല, അന്‍ഷാദ് ബദറുദ്ദീന്‍ പോപ്പുലര്‍ ഫ്രണ്ടിനെ ഉത്തര്‍പ്രദേശില്‍ വളര്‍ത്താന്‍ എത്തിയതാണെന്നും യുപി പൊലീസ് ആരോപിക്കുന്നു.
വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ അന്‍ഷാദിനെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം ഭാര്യ പന്തളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇദ്ദേഹം ബീഹാറിലേക്ക് പോകുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നതായി ഭാര്യ പറയുന്നു. ഈ പരാതിയിലും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ദുരൂഹത കാണുന്നുണ്ട്.
യുപി പൊലീസ് അന്‍ഷാദ് ബദറുദ്ദീന്റെയും കൂട്ടുകാരനായ കോഴിക്കോട് സ്വദേശി ഫിറോസ് ഖാനില്‍ നിന്നും കണ്ടെടുത്തത് ഉഗ്രസ്ഫോടനമുണ്ടാക്കാവുന്ന ഡിറ്റൊണേറ്ററുകളാണ്. കൂടാതെ പിസ്റ്റള്‍, പെന്‍ഡ്രേവ് എന്നിവയും കണ്ടെടുത്തു. ഹിന്ദുക്കള്‍ക്ക് ഏറെ വിശേഷപ്പെട്ട വസന്ത പഞ്ചമിനാളില്‍ സ്ഫോടനമുണ്ടാക്കാനായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് യുപി പൊലീസ് പറയുന്നത്. ബദറുദ്ദീന്‍ പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് സ്ക്വാഡിന്റെ ദേശീയ തലവനും ബ്ലാക്ബെല്‍റ്റുകാരനും ബോംബുണ്ടാക്കുന്നതില്‍ വിദഗ്ധനുമാണെന്ന് യുപിയില്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജി പ്രശാന്ത് കുമാര്‍ പറയുന്നു. ഫിറോസ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ബോംബുണ്ടാക്കാന്‍ പഠിപ്പിക്കുന്ന ദേശീയ പരിശീലകനുമാണ്.
ചില പ്രധാന ഹിന്ദു നേതാക്കളെ വധിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നതായി യുപി പൊലീസ് വെളിപ്പെടുത്തുന്നു. പ്രധാന ഹിന്ദു ആഘോഷത്തിന്റെ ഭാഗമായി സ്ഫോടനപരംപരകള്‍ സൃഷ്ടിച്ച് യുപിയില്‍ വര്‍ഗ്ഗീയ ധ്രുവീകരണമായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്നും യുപി പൊലീസ് പറയുന്നു.
കേരളത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് ശക്തികേന്ദ്രീകരിക്കുന്നതെന്നാണ് കേന്ദ്ര ഏജന്‍സികളുടെ വിലയിരുത്തല്‍. ഇപ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലും വേരുകളാഴ്ത്താനാണ് കേരളത്തില്‍ നിന്നുള്ളവര്‍ ശ്രമിക്കുന്നത്. ഇവര്‍ക്ക് വിദേശത്ത് നിന്നും നല്ല നിലയില്‍ ഫണ്ടെത്തുന്നതായും യുപി പൊലീസ് പറയുന്നു.
ഫിബ്രവരി 11ന് യുപിയില്‍ എത്തിയ ഇവരെ ഒരു വിനോദസഞ്ചാരകേന്ദ്രത്തിന് സമീപത്ത് നിന്നാണ് അറസ്ററ് ചെയ്തത്. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ആശാരിപ്പണിചെയ്യുന്നയാളായാണ് അന്‍ഷാദ് ബദറുദ്ദീന്‍ അറിയപ്പെടുന്നത്. ഇക്കഴിഞ്ഞ പ്രാദേശിക തിരഞ്ഞെടുപ്പില്‍ പന്തളം നഗരസഭയില്‍ എസ് ഡിപി ഐ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തനം നടത്തിയിരുന്നു. ഈ സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തെത്തിയതിന് പിന്നില്‍ ബദറുദ്ദീന്റെ കഠിന പരിശ്രമമാണെന്നും പറയുന്നു.
എസ്ഡിപി ഐ ശാക്തീകരണ വിഭാഗം കേന്ദ്ര കമ്മിറ്റിയംഗമായ ബദറുദ്ദീനെ കേന്ദ്ര ഏജന്‍സികള്‍ കഴിഞ്ഞ കുറെ നാളുകളായി നിരീക്ഷിച്ചുവരകയായിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു ബദറുദ്ദീന്റെ പ്രവര്‍ത്തനം. 2010ല്‍ ഡിവൈ എഫ് ഐ എസ്ഡിപി ഐ സംഘര്‍ഷത്തില്‍ അന്‍ഷാദ് ബദറുദ്ദീന്‍ പ്രധാനിയായിരുന്നു. ഹിന്ദുക്കള്‍ ചെയ്യുന്ന പണി ചെയ്ത് അവര്‍ക്കൊപ്പം നിന്നാല്‍ ഇയാളെ ആരും സംശയിക്കില്ലെന്നുള്ളതായിരുന്നു ബദറുദ്ദീന്റെ കണക്കുകൂട്ടല്‍ എന്നറിയുന്നു.
യുപിയില്‍ പോപ്പുലര്‍ ഫ്രണ്ടിനെ വളര്‍ത്തുകയാണ് ഇരുവരുടെയും ലക്ഷ്യമെന്നാണ് ചോദ്യം ചെയ്യലില്‍ ബദറുദ്ദീന്‍ വെളിപ്പെടുത്തിയത്. എന്‍ ഐഎ നടത്തുന്ന അന്വേഷണങ്ങളില്‍ നിന്നാണ് ബദറുദ്ദീന്റെ നീക്കങ്ങള്‍ മനസ്സിലായത്. ഇതുവരെ 100 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ എന്‍ ഐഎ കുറ്റപത്രം പുറപ്പെടുവിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങളോട് ബന്ധപ്പെട്ടതിനും മറ്റ് തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പേരിലുമാണ് എന്‍ ഐഎ ഇവരെ കസറ്റഡിയില്‍ എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: