കുന്നത്തൂര്‍: ജില്ലയിലെ ഏറ്റവും വലിയ വില്ലേജുകളില്‍ ഒന്നായ മൈനാഗപ്പള്ളി വില്ലേജ് വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുതിയതായി നിര്‍മിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവേളയില്‍ മന്ത്രി ഇ. ചന്ദ്രശേഖരനും ഇക്കാര്യം പരിഗണിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
20 വര്‍ഷമായി മണ്ഡലത്തെ പ്രതിധാനം ചെയ്യുന്ന കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയുടെ പിടിപ്പുകേടാണ് വില്ലേജ് വിഭജനം വൈകുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഭരണതലത്തില്‍ സമ്മര്‍ദം ചെലുത്തി മണ്ഡലത്തിലെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിലെ എംഎല്‍എയുടെ അനാസ്ഥയ്ക്ക് മറ്റൊരു തെളിവാണിത്. എംഎല്‍എയുടെ വീട് നിലനില്‍ക്കുന്ന വില്ലേജ് കൂടിയാണിത്. മൈനാഗപ്പള്ളിയിലെ 22 പഞ്ചായത്ത് വാര്‍ഡുകളാണ് വില്ലേജിന്റ പരിധി.
24.42 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മൈനാഗപ്പള്ളിയിലെ ജനസംഖ്യ 45,336 ആണ്. തെക്ക് തേവലക്കര ചെളിത്തോട് മുതല്‍ വടക്ക് ശൂരനാട് തെക്ക് കിടങ്ങയം വരെയും പടിഞ്ഞാറ് പള്ളിക്കലാര്‍ മുതല്‍ കിഴക്ക് ശാസ്താംകോട്ട വേങ്ങ, പള്ളിശേരിക്കല്‍ വരെയും നീണ്ടുകിടക്കുന്നതാണ് മൈനാഗപ്പള്ളി. വിസ്തൃതി കാരണം വില്ലേജ് ഓഫീസിലെത്താന്‍ ജനം ചുറ്റിക്കറങ്ങേണ്ട സ്ഥിതിയാണ്.
വില്ലേജ് ഓഫീസും പഞ്ചായത്ത് ഓഫീസും സ്ഥിതി ചെയ്യുന്നത് ശാസ്താംകോട്ട- കരുനാഗപ്പള്ളി പ്രധാനപാതയില്‍ മൈനാഗപ്പള്ളി പള്ളിമുക്കിലാണ്. പഞ്ചായത്തിന്റെ ഉള്പ്രദേശങ്ങളാകട്ടെ യാത്രാക്ലേശത്താല്‍ ബുദ്ധിമുട്ടിലാണ്. വല്ലപ്പോഴും സര്‍വ്വീസ് നടത്തുന്ന സ്വകാര്യബസുകളാണ് ഏക ആശ്രയം. തെക്ക് കോവൂരില്‍ നിന്നും ഒരാള്‍ ബസിലെത്തണമെങ്കില് 2 ബസ്സ് കയറിയിറങ്ങി 10 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് വില്ലേജ് ഓഫീസിലെത്തുന്നത്. ഇത് തന്നെയാണ് ഇടവനശേരി, പള്ളിശേരിക്കല്‍, സോമവിലാസം മേഖലയിലുള്ളവരുടെ അവസ്ഥ. കൊവിഡ് കാലമായതോടെ ബസ് സര്‍വീസുകള്‍ പലതും നിലച്ചതോടെ യാത്രാക്ലേശവും രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: