മാവേലിക്കര: ചെട്ടികുളങ്ങര കുംഭഭരണിയുടെ ഭാഗമായി കെട്ടുകാഴ്ചകള്‍ കാഴ്ചക്കണ്ടത്തില്‍ ഇറങ്ങും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതോടെ 13 കരകളുടെ ഏകീകൃത സംഘടനയായ ശ്രീദേവീവിലാസം ഹിന്ദുമതകണ്വന്ഷന് ഒരു കുതിരയും ഒരു തേരും കെട്ടി ദേവിക്ക് സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അമ്പലത്തില്‍ വെച്ച് എല്ലാ കരക്കാരും ചേര്‍ന്ന് ഈരേഴതെക്ക് കരയുടെ കുതിരയും ആഞ്ഞിലിപ്ര കരയുടെ തേരുമാണ് ഒരുക്കുന്നത്. കണ്‍വന്‍ഷന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
രണ്ട് കെട്ടൊരുക്കുകളുടേയും ഉരുപ്പടികള്‍ ക്ഷേത്രാങ്കണത്തില്‍ ഇറക്കി നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ കെട്ടുകാഴ്ച വരവ് ഉപേക്ഷിച്ചിരുന്നതാണ്. അതിനാല്‍ തിരുവോണ നാളില്‍ കെട്ടുകാഴ്ച നിര്‍മ്മാണത്തിനായി ഉരുപ്പടികള്‍ കുതിരപ്പുരയില്‍ നിന്നു വെളിയിലെടുത്ത് ശുദ്ധിവരുത്തുന്ന ചടങ്ങുകള്‍ നടത്തിയിരുന്നില്ല. എന്നാല്‍ കുംഭഭരണി നാളില്‍ കാഴ്ചക്കണ്ടത്തില്‍ അണിനിരക്കുന്ന കെട്ടുകാഴ്ചകള്‍ക്ക് മുന്നില്‍ ദേവിയെ എഴുന്നള്ളിക്കുന്ന ചടങ്ങ് നടത്താതിരിക്കുന്നത് ദേവി ഹിതത്തിന് അനുയോജ്യമല്ലെന്ന് അറിവായതോടെയാണ് കെട്ടുകാഴ്ച നിര്‍മ്മാണം നടത്തി കാഴ്ചക്കണ്ടത്തില്‍ അണിനിരത്താന്‍ തീരുമാനിച്ചത്.
കരകളുടെ യോജിച്ചുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു കുതിരയും ഒരു തേരും എന്നതിലേക്കെത്തിയത്. കരകൂട്ടായ്മയാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്. ക്ഷേത്രത്തില്‍ തന്നെ ഒരുക്കുന്ന കെട്ടുകാഴ്ചകള്‍ കുംഭഭരണി ഇന്ന് കാഴ്ചക്കണ്ടത്തില്‍ ഇറക്കും. കെട്ടുകാഴ്ചകള്‍ക്ക് മുന്നില്‍ ദേവിയുടെ എഴുന്നള്ളത്തും നടത്തും. ഇതിന്റെ ഭാഗമായി കാഴ്ചക്കണ്ടം കഴിഞ്ഞ ദിവസം ഉഴുത് വൃത്തിയാക്കിയിരുന്നു.
18ന് പ്രാദേശിക അവധി
ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം പ്രമാണിച്ച് 18ന് മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി നല്കി ജില്ലാ കളക്ടര്‍ ഉത്തരവായി. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: