കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. നിയമനം സംബന്ധിച്ച ചട്ടങ്ങള്‍ എന്തെങ്കിലും ഉണ്ടോയെന്ന് അറിയിക്കാനാണ് കോടതിയുടെ നിര്‍ദേശം. 10 ദിവസത്തിന് ശേഷം ഹർജി വീണ്ടും പരിഗണിക്കും. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിന്റെ എതിര്‍പ്പ് അവഗണിച്ച് സര്‍ക്കാര്‍ കൂട്ട സ്ഥിരപ്പെടുത്തല്‍ തുടരുന്നതിനിടെയാണ് കോടതിയുടെ ഇടപെടല്‍. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉദ്യോഗാർത്ഥികൾ കാത്തു നിൽക്കുമ്പോൾ സർക്കാർ ബോർഡുകളിലും കോർപ്പറേഷനുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പൊതുതാത്പര്യ ഹര്‍ജിയാണ് നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടവും വിഷ്ണു സുനില്‍ പന്തളവുമാണ് ഹര്‍ജിക്കാര്‍.
പി.എസ്.സിയില്‍ നിരവധി ഉദ്യോഗാര്‍ഥികള്‍ ജോലിക്കായി കാത്തിരിക്കെയാണ് പിന്‍വാതില്‍ നിയമനം. സംസ്ഥാന സര്‍ക്കാര്‍ നടപടി നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വരും ദിവസവും സ്ഥിരപ്പെടുത്തലിന് സാധ്യതയുള്ളതിനാല്‍ കോടതി ഇക്കാര്യത്തില്‍ ഇടപെടണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. അതേസമയം 10 വര്‍ഷം പൂര്‍ത്തിയാക്കിയ യോഗ്യരായവരെ സ്ഥിരപ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: