ചമോലി: ഉത്തരാഖണ്ഡിലെ മഞ്ഞുമലയിടിഞ്ഞുണ്ടായ ദുരന്തത്തില്‍ ഇതുവരെ ആകെ 54 മൃതദേഹങ്ങള്‍ ണ്ടെത്തിയതായി ഐ.ടി.ബി.പി. ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ദുരന്തം സംഭവിച്ച് എട്ട് ദിവസം കഴിഞ്ഞെങ്കിലും ഇനിയും 150 പേരെ കണ്ടെത്തേണ്ടതുണ്ട്.
ധൗലീഗംഗ-അളകനന്ദ നദികളിലെ ജലനിരപ്പ് ഇടയ്‌ക്കിടെ പൊടുന്നനെ ഉയരുന്നതാണ് രക്ഷാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നത്. ഹിമാലയത്തിന്റെ മുകള്‍ത്തട്ടില്‍ നിന്നും മഞ്ഞുമലയിടിഞ്ഞുണ്ടായ ദുരന്തത്തില്‍ ഒരു ജലവൈദ്യതപദ്ധതിയും അഞ്ച് പാലങ്ങളും തകര്‍ന്നു. കൂടുതല്‍ പേരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.
ഞായറാഴ്ച മാത്രം 15 മൃതശരീരങ്ങള്‍ കണ്ടെടുത്തു. മറ്റൊരു വൈദ്യുതോല്‍പാദന പ്ലാന്‍റും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ചമോലി ജോഷിമഠിലെ തപോവന്‍ ടണലില്‍ വീണ്ടും തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന ദുരന്തനിവരാണ സേന അറിയിച്ചു. പക്ഷെ ടണലില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെടുക്കുകയെന്നത് ശ്രമകരമാണെന്ന് ദേശീയ ദുരന്ത നിവാരണ സേന കമാന്‍റന്‍റ് പി.കെ. തിവാരി പറഞ്ഞു. ഞായറാഴ്ച രാത്രി വൈകി റൈനി മേഖലയിൽ നിന്ന് ആറ് മൃതദേഹം കണ്ടെത്തി. ഇതിൽ അഞ്ചെണ്ണം ടണലിനകത്തു നിന്നും ഒരെണ്ണം നദിയിൽ നിന്നുമാണ് ലഭിച്ചത്.
മനുഷ്യസാന്നിദ്ധ്യം മണത്ത് കണ്ടെത്താൻ ശേഷിയുള്ള നായകളുടെ സഹായത്തോടെയാണ് തിരച്ചിൽ സൈന്യം നടത്തുന്നതെന്ന് സേനാ മേധാവികൂടിയായ അശോക് കുമാർ അറിയിച്ചു. പരിസ്ഥിതിലോലപ്രദേശത്ത് നൂറുകണക്കിന് ജലവൈദ്യുതപദ്ധതികളും റോഡ് വീതികൂട്ടലും നടത്തിയതാണ് ദുരന്തത്തിന് കാരണമായതെന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ശാസ്ത്രജ്ഞര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: