കൊല്ലം: സ്വകാര്യപങ്കാളിത്തം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ആശ്രാമത്തെ ഇഎസ്ഐ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ സ്വകാര്യ കരാറുകള്‍ നിര്‍ത്തലാക്കാന്‍ ഇഎസ്ഐ ഡയറക്ടറേറ്റ് യോഗത്തില്‍ നിര്‍ദ്ദേശം.
ആശുപത്രിയിലെ എല്ലാ വിഭാഗം ക്ലിനിക്കുകളും ഇനിമുതല്‍ ഇഎസ്ഐ നേരിട്ട് നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ദില്ലിയില്‍ ഇഎസ്ഐ ഡയറക്ടറുടെ നേതൃത്വത്തില്‍ ഉന്നത തലയോഗം നടന്നു. ആദ്യഘട്ടമെന്ന നിലയില്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറിയ മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ ഐസിയു പ്രവര്‍ത്തനം ഇഎസ്ഐ നേരിട്ട് നടത്തും. ഇതുമായി ബന്ധപ്പെട്ട് നല്കിയ കരാറുകള്‍ ഉടന്‍ പിന്‍വലിക്കും. മൂന്ന് മാസത്തിനുള്ളില്‍ നിലവിലെ ഐസിയു യൂണിറ്റിന്റെ പ്രവര്‍ത്തനം സൂപ്പര്‍ സ്പെഷ്യാലിറ്റിയിലേക്ക് ഉയര്‍ത്തും. വെന്റിലേറ്റര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളോടെ ആധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കാനും ധാരണയായി. പ്രധാന ചികിത്സാവിഭാഗമായ കാര്‍ഡിയോളജി യൂണിറ്റിന്റെ പ്രവര്‍ത്തനവും ബോര്‍ഡ് നേരിട്ട് ഏറ്റെടുക്കും. ഇതിനായി വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താനും യോഗത്തില്‍ ധാരണയായി. നടത്തിപ്പിനെതിരെ നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് സ്വകാര്യ കരാറുകള്‍ റദ്ദ് ചെയ്ത് ആശുപത്രിപ്രവര്‍ത്തനം ഇഎസ്ഐ നേരിട്ട് നടത്താന്‍ തീരുമാനിച്ചത്.
കേരളത്തിലെ ഏക ഇഎസ്ഐ സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രിയാണ് ആശ്രാമത്ത് പ്രവര്‍ത്തിക്കുന്നത്. കശുവണ്ടി തൊഴിലാളികള്‍ ഉള്‍പ്പടെ നിരവധിയാളുകളാണ് നിത്യേന ചികിത്സ തേടി ഇവിടെ എത്തുന്നത്. പരാതികള്‍ ദിനംപ്രതി ഉയരുന്നതിനിടെയാണ് പ്രശ്നപരിഹാരത്തിന് ഇഎസ്ഐ ഡയറക്ടര്‍ ബോര്‍ഡ് നേരിട്ട് ആശുപത്രി പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ തീരുമാനിച്ചത്. അതേസമയം കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിക്ക് ലഭിച്ച കാര്‍ഡിയോളജി യൂണിറ്റിനെതിരെയുള്ള പരാതിയും അന്വേഷിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. അയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിക്കാണ് നിലവില്‍ ഇഎസ്ഐ കാര്‍ഡിയോളജി യൂണിറ്റിന്റെ ചുമതല കരാര്‍ നല്‍കിയിരിക്കുന്നത്.
മൂന്ന് മാസത്തിനുള്ളില്‍ ആരംഭിക്കും – എന്‍.കെ. പ്രേമചന്ദ്രന് എംപി
ആശ്രാമം ഇഎസ്ഐ ആശുപത്രിയിലെ സ്വകാര്യപങ്കാളിത്തം അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ആദ്യപടിയായി മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ ഐസിയുവിന്റെ നിയന്ത്രണം ഇഎസ്ഐ നേരിട്ട് ഏറ്റെടുത്തിട്ടുണ്ട്. അത് മൂന്ന് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. കാലക്രമേണ മറ്റു വിഭാഗങ്ങളും ഇഎസ്ഐ നേരിട്ട് ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കാനാണ് ആലോചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: