കൊല്ലം: ഒരു വിഭാഗം കര്‍ഷക സംഘടനകളുടെ സമരത്തിന്റെ ഭാഗമായുള്ള പ്രതിഷേധത്തിന് ട്രാക്ടര്‍ വിട്ടുനല്‍കാത്തതില്‍ കലിപൂണ്ട കോണ്‍ഗ്രസ്-സിപിഐ നേതൃത്വം പഞ്ചായത്തിലെ കര്‍ഷക അവാര്‍ഡ് ജേതാവിന് അപ്രഖ്യാപിത തൊഴില്‍ വിലക്ക് ഏര്‍പ്പെടുത്തി. ശാസ്താംകോട്ട പടിഞ്ഞാറേ കല്ലട അരക്കില്ലത്ത് വീട്ടില്‍ സുദര്‍ശനനാണ് ഈ ഗതികേട്. ദില്ലി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന സമരത്തിന് ട്രാക്ടര്‍ വിട്ടുകൊടുത്തില്ലെന്ന കാരണത്താലാണ് മൂന്നാഴ്ചയായി ജോലി നിഷേധിച്ചത്. കോണ്‍ഗ്രസും സിപിഐയും ഭരണസമിതിയിലുള്ള മൂന്ന് പാടശേഖരങ്ങളാണ് പ്രദേശത്തുള്ളത്. 15 വര്‍ഷമായി കൃഷി ചെയ്തും ട്രാക്ടര്‍ ഓടിച്ചും ജീവിക്കുന്ന സുദര്ശനന് മുഴുവന്‍ സമയ കര്‍ഷകനാണ്.
കൃഷിഭവന്റെ ട്രാക്ടര്‍ ഓടിച്ചിരുന്ന ഇയാളെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലില്‍ ഡ്രൈവര്‍ സ്ഥാനത്ത് നിന്ന് അടുത്തിടെ മാറ്റിയിരുന്നു. തുടര്‍ന്ന് സ്വകാര്യവ്യക്തികളുടെ ട്രാക്ടര്‍ ഓടിച്ചാണ് ഉപജീവനം നടത്തിയിരുന്നത്. മൂന്ന് മാസം മുന്‍പാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.2 ലക്ഷം രൂപ സബ്സിഡിയോടെ സുദര്ശനന് പുതിയ ട്രാക്ടര്‍ വാങ്ങിയത്. പഞ്ചായത്തിന്റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് രണ്ടു തവണ ലഭിച്ച വ്യക്തി കൂടിയാണിദ്ദേഹം.
സമരത്തില്‍ പങ്കെടുക്കാനായി ഇയാള്‍ക്ക് അയ്യായിരം രൂപയും നേതാക്കള്‍ ഓഫര്‍ ചെയ്തു. എന്നാല്‍, സമരത്തിന് സ്വന്തം വാഹനം വിട്ടുനല്‍കാന്‍ സാധിക്കില്ലെന്നറിയിച്ചതോടെയാണ് രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് ഇയാളുടെ ജോലി നിഷേധിച്ചത്. ഇപ്പോള്‍ അഞ്ച് ഏക്കര്‍ പാട്ടസ്ഥലത്ത് നെല്‍കൃഷി ചെയ്യുന്നു. പാടശേഖര സമിതികളുടെ നേതൃത്വത്തിലുള്ള നെല്‍പ്പാടങ്ങളില്‍ കര്‍ഷകര്‍ ജോലിക്ക് വിളിക്കാതായതോടെ രോഗിയായ ഭാര്യയെയും മക്കളെയും പോറ്റാന്‍ ബുദ്ധിമുട്ടുകയാണ് ഈ 42 വയസുകാരന്. വീടും സ്ഥലവും പണയപ്പെടുത്തി ലോണ്‍ എടുത്തിട്ടുള്ളതിനാല്‍ ട്രാക്ടര്‍ ഓടിച്ചു കിട്ടുന്നതാണ് പ്രധാന വരുമാന മാര്‍ഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: