ന്യൂദല്‍ഹി: കോവിഡ് വാക്സിനുകള്‍ക്കായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെ ഫെബ്രുവരിയില്‍ അഞ്ചുലക്ഷം കോവിഷീല്‍ഡ് വാക്സിന് നല്കാന് തത്വത്തില്‍ അംഗീകാരം. ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന് തുടങ്ങിയ അയല്‍രാജ്യങ്ങളുടെ സൈന്യത്തിന് വാക്സിന് ലഭ്യമാക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സൈന്യവും സൈന്യവും തമ്മിലുള്ള വിതരണം ഇതിനോടകം ആരംഭിച്ചുവെന്നും ഇന്ത്യന്‍ സൈന്യം സൗഹൃദരാജ്യങ്ങള്‍ക്ക് വാക്സിന് വിതരണം ചെയ്യുമെന്നും ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയില്‍ ഉത്പാദിക്കുന്ന രണ്ടു വാക്സിനുകളും(കോവിഷീല്‍ഡും കോവാക്സിനും) വിതരണം ചെയ്യുന്നവയിലുണ്ടാകും. ഒരു ദശലക്ഷം വാക്സിനുകളാണ് കാനഡ ഇന്ത്യയില്‍നിന്ന് ഫെബ്രുവരി അഞ്ചിന് ആവശ്യപ്പെട്ടത്. കാനഡയിലേക്കുള്ള വാക്സിന്റെ വിതരണവും ഡെലിവറിയും സംബന്ധിച്ച നടപടിക്രമങ്ങള്‍ തുടങ്ങിയതായാണ് വിവരം. ഫെബ്രുവരി പത്തിനാണ് ജസ്റ്റിന് ട്രൂഡോ നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിക്കുന്നത്. തുടര്‍ന്ന് വാക്സിന് വിതരണത്തിന് തത്വത്തില്‍ അനുമതിയും ലഭിക്കുകയായിരുന്നു.
ടൊറന്റോയിലും വാന്‍കൂവറിലും ഭീഷണി നേരിട്ട സാഹചര്യത്തില്‍ കാനഡയില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുമെന്നും ജസ്റ്റിന് ട്രൂഡോ മോദിയെ അറിയിച്ചിരുന്നു. ദല്‍ഹി അതിര്‍ത്തികളിലെ ഇടനിലക്കാരുടെ സമരത്തെ തുടര്‍ന്ന് കാനഡയിലെ ഖലിസ്ഥാന്‍ വാദികള്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഭീഷണി ഉയര്‍ത്തിയ പശ്ചാത്തലത്തിലായിരുന്നു സുരക്ഷ സംബന്ധിച്ച ഉറപ്പ്. നേരത്തെ സമരത്തെ പിന്തുണച്ച് എത്തിയ ജസ്റ്റിന് ട്രൂഡോയുടെ നടപടിയില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം സമരക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളെ അഭിനന്ദിച്ച് ട്രൂഡോ രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: