കോട്ടയം: എന്‍സിപി വിട്ട മാണി സി കാപ്പന്‍ യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയുടെ വേദിയിലെത്തി. അണികള്‍ക്കൊപ്പം പാലായില്‍നിന്ന് ശക്തിപ്രകടവുമായിട്ടായിരുന്നു കാപ്പന്‍ യുഡിഎഫ് പ്രവേശനം നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മാണി സി കാപ്പന്റെ പ്രചാരണത്തിന്റെ തുടക്കംകൂടിയായി ഇത് മാറി. യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് മാണി സി കാപ്പനെ മുന്നണിയിലേക്ക് സ്വീകരിച്ചു. ഉമ്മന്‍ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, പി ജെ ജോസഫ് തുടങ്ങിയ പ്രമുഖരെല്ലാം വേദിയിലുണ്ടായിരുന്നു.
ഇടുക്കി ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കിയാണ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോട്ടയം ജില്ലയില്‍ എത്തിയത്. ജില്ലയിലെ ആദ്യ വേദിയാണ് പാലായിലേത്. മാണി സി കാപ്പന്‍ അടക്കം പത്തുപേര്‍ ഇന്ന് എന്‍സിപിയില്‍നിന്ന് രാജിവച്ചിരുന്നു. എംഎല്‍എ സ്ഥാനം രാജിവയ്‌ക്കില്ലെന്നും നാളെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും മാണി സി കാപ്പന്‍ പ്രതികരിച്ചു.
കേരള കോണ്‍ഗ്രസ്(എം) യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് മാറിയപ്പോഴും തോമസ് ചാഴിക്കാടന്‍ എംപി സ്ഥാനവും റോഷി അഗസ്റ്റിനും എന്‍ ജയരാജും എംഎല്‍എ സ്ഥാനവും രാജിവച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കാപ്പന്‍ തന്റെ തീരുമാനത്തെ ന്യായീകരിച്ചത്. രാജിക്ക് പിന്നാലെയാണ് പാലായിലെത്തി ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തത്. ‘എന്‍സിപി കേരള’ എന്നായിരിക്കും കാപ്പന്റെ പുതിയ പാര്‍ട്ടിയുടെ പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക