മഡ്ഗാവ്: ഐഎസ്എല്‍ ഫുട്ബോളില്‍ ചെന്നൈയിന് എഫ്സി-എഫ്സി ഗോവ പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. ഇതോടെ തോല്‍വിയറിയാതെ 10 മത്സരങ്ങള്‍ ഗോവ പൂര്‍ത്തിയാക്കി. ചെന്നൈയിന് വേണ്ടി യാക്കൂബ് സില്‍വസ്റ്റര്‍, ലാലിയന്‍സുല ചാങ്തെ എന്നിവര്‍ ഗോള്‍ നേടി. ഗോവയുടെ ഗോളുകള്‍ ഇഗോള്‍ അംഗൂേളാ, ഇഷാന് പണ്ഡിത എന്നിവരുടെ വകയായിരുന്നു. പരിക്ക് സമയത്ത് പണ്ഡിത നേടിയ ഗോളാണ് ഗോവയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ചെന്നൈയിന് എഫ്സി 19-ാം മിനിറ്റിലാണ് ആദ്യ ഗോളടിച്ചത്്. വലതു വിങ്ങിലൂടെ യാക്കുബ് സില്‍വസ്റ്ററും റീഗന് സിങ്ങും ചേര്‍ന്ന മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. മുന്നേറ്റത്തിനൊടുവില്‍ റീഗന് നല്കിയ പാസ് സ്വീകരിച്ച് ബോക്സിലേക്ക് കയറിയെ സില്‍വസ്റ്ററെ തടയാന്‍ ഗോവ താരങ്ങള്‍ ശ്രമിച്ചെങ്കിലും ഞൊടിയിടയില്‍ സില്‍വസ്റ്റര്‍ പന്ത് വലയിലെത്തിക്കുകയായിരുന്നു.
എന്നാല്‍ ചെന്നൈയിന്റെ ആഘോഷം അധികം നീണ്ടില്ല. 17-ാം മിനിറ്റില്‍ ബോക്സില്‍ അംഗൂളോയുടെ മുന്നേറ്റം തടയാന്‍ ശ്രമിച്ച എലി സാബിയയുടെ കൈയില്‍ പന്ത് തട്ടിയതോടെ ഗോവയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത അംഗൂളോ അനായാസം പന്ത് വലയിലെത്തിച്ചു.
പിന്നീട് 43-ാം മിനിറ്റില്‍ സില്‍വസ്റ്ററിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. തൊട്ടടുത്ത മിനിറ്റില്‍ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ ലഭിച്ച അവസരം സില്‍വസ്റ്റര്‍ പുറത്തേക്കടിച്ച് കളയുകയും ചെയ്തു. ഇതോടെ ആദ്യപകുതിയില്‍ 1-1 സമനില.
രണ്ടാം പകുതിയിലും മികച്ച മുന്നേറ്റങ്ങളുമായി ചെന്നൈയിന് കളം നിറഞ്ഞു. 60-ാം മിനിറ്റില്‍ ചെന്നൈയിന് വീണ്ടും ലീഡ് നേടി. റീഗന് സിങ് ബോക്സിലേക്ക് നല്കിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ പകരക്കാരനായെത്തിയ മുഹമ്മദ് അലിയും ഗോള്‍ കീപ്പര്‍ ധീരജ് സിങ്ങും തമ്മിലുണ്ടായ ധാരണപ്പിശകാണ് ഗോളിന് കാരണമായത്. ബോക്സില്‍ വെച്ച് പന്ത് ലഭിച്ച ചാങ്തെയ്ക്ക് അത് ഒഴിഞ്ഞ പോസ്റ്റിലേക്ക് അടിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് സമനിലക്കായി പൊരുതിക്കളിച്ച ഗോവയെ പ്രതിരോധം ശക്തമാക്കി ചെന്നൈയിന് ചെറുത്തുനിന്നു. എന്നാല്‍ പരിക്ക് സമയത്തിന്റെ മൂന്നാം മിനിറ്റില്‍ പണ്ഡിതയിലൂടെ ഗോവ സമനില പിടിച്ചു. ഇതോടെ എഫ്സി ഗോവ 17 കളികളില്‍ നിന്ന് 24 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ചെന്നെയിന് 18 കളികളില്‍ നിന്ന് 18 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. സമനിലയില്‍ കുടുങ്ങിയതോടെ ചെന്നൈയിന്റെ പ്ലേ ഓഫ് സാധ്യതകളും അവസാനിച്ചു.
ഇന്നത്തെ കളികളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഒഡീഷ എഫ്സിയെയും എടികെ മോഹന്ബഗാന് ജംഷഡ്പൂര്‍ എഫ്സിയെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: