പാര്‍ട്ടി പരിപാടികളില്‍ ആക്രോശിച്ച് മാത്രം പരിചയിച്ച ഒരാളെ കുളിപ്പിച്ചൊരുക്കി, ചിരിപ്പിച്ചൊതുക്കി നാട്ടുകാരുടെ മുന്നില്‍ തള്ളിക്കയറ്റിയാണ് ബ്രിട്ടാസും സംഘവും കേരളത്തിന്റെ തലയിലേക്ക് കെട്ടിവെച്ചത്. അഞ്ചാണ്ട് കഴിഞ്ഞ് അടുത്ത തെരഞ്ഞെടുപ്പിന് താറുടുക്കുന്നതിന് മുന്നോടിയായി ബ്രിട്ടാസ് അടക്കമുള്ള സകല ഉപദേശികളുടെയും സേവനം അദ്ദേഹം മതിയാക്കിയിരിക്കുന്നു. മൂളുന്നതിനും മുരടനക്കുന്നതിനും ഉപദേശിമാര്‍ എന്ന് മാത്രമല്ല സ്വന്തം ഒപ്പിടുന്നത് വരെ കണ്ടവന് കാട്ടിക്കൊടുക്കുന്നിടത്തായിരുന്നു എന്നതാണ് മഹാമഹിമശ്രീ വിജയന് തമ്പുരാന്റെ മഹത്വമെന്ന് ശിവശങ്കരാദി കിങ്കരന്മാര് പാടി നടന്നിട്ടുണ്ട്. ബ്രണ്ണന്‍ കോളേജില്‍ വടിവാളിനിടയിലൂടെ പരക്കം പാഞ്ഞ ധീരമായ ചരിത്രം സ്വന്തമായി തള്ളിയുണ്ടാക്കിയ അതേ വിജയനാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും പറേന്നതൊന്നും തനിക്ക് തിരിയുന്നില്ലെന്ന് കൈമലര്ത്തിയതെന്നോര്ക്കണം.
പാര്‍ട്ടി സെക്രട്ടറിയെ മനുഷ്യനാക്കുക, പിന്നെ മുഖ്യമന്ത്രിയാക്കുക എന്ന ഹിമാലയന്‍ ദൗത്യമാണ് ബ്രിട്ടാസും കൂട്ടരും ഏറ്റെടുത്തത്. സംഭവം പന്തീരാണ്ട് കൊല്ലം കുഴലില്‍ കിടന്ന വാല് പോലെയാണെന്ന് ഏറ്റവും ഒടുവില്‍ കോളേജ് വിദ്യാര്‍ത്ഥികളുമായി അദ്ദേഹം നടത്തിയ സംഭാഷണത്തിലും തെളിഞ്ഞു. ‘ഇനി ചോദ്യമില്ല, ചോദ്യമില്ല, ചോദ്യമില്ല’ എന്ന് ആവര്‍ത്തിച്ച് ആക്രോശിച്ചാണ് പിണറായി താന്‍ ആ ജനുസ്സ് തന്നെയാണ് എന്ന് ഉപദേശികളെ നോക്കി കൊഞ്ഞനം കുത്തിയത്.
മുഖ്യമന്ത്രിയാവാനുള്ള ആര്‍ത്തിപൂണ്ട് അഴകിയ രാവണനായി അഞ്ചാണ്ട് മുമ്പ് അദ്ദേഹം കേരളമാകെ നടത്തിയ യാത്ര മുതല്‍ നമ്മളൊന്ന് കാണണം. മുഖ്യമന്ത്രിയല്ലാത്ത വിജ്യന് ‘ഇന്ദറനെ ചന്ദറനെ പേടിക്കില്ലെന്ന’ കണ്ണൂര്‍ സ്ലാങിലെ മംഗലാപുരം തള്ള് ബിജിഎം ആയി ഇട്ട് വേണം ആ യാത്രയിലേക്ക് നമ്മള് തിരിഞ്ഞുനടക്കാന്‍.
അതിനുമുമ്പുള്ള വിജയന് വേറെ ലെവലാണ്. മതമേധാവികളെ ‘നികൃഷ്ടജീവി’ എന്ന് പുലഭ്യം വിളിക്കുകയും മാധ്യമമേധാവികളെ ‘എടോ ഗോപാലകൃഷ്ണ’ എന്ന് ആട്ടുകയും രാഷ്ട്രീയ എതിരാളികളെ ‘നാറി, പരനാറി, പരമനാറി’ എന്ന് വേദികളില്‍ മാറിമാറി തെറി വിളിക്കുകയും ചെയ്ത കാലമാണത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളിക്ക് അന്ന് വിജയന് കൊടുത്ത വിശേഷണം ‘കള്ളുകുടിയന്മാരുടെ കൂത്താട്ടം അഥവാ ഉഷാ ഉതുപ്പിന്റെ ഗാനമേള’ എന്നാണ്. പാര്‍ട്ടിയില്‍ വിജയനെതിരെ വിഭാഗീയയുദ്ധം നയിച്ച വിഎസ് വെറും തൊട്ടിയിലെ വെള്ളമാണെന്ന് പരിഹസിച്ച കാലം. അവിടെ നിന്നാണ് വിജയനെ വെള്ളപൂശി വെളുപ്പിച്ചെടുക്കുക എന്ന ദൗത്യമേറ്റെടുത്ത് ബ്രിട്ടാസും കൂട്ടരും ഇറങ്ങിയത്. കൈരളിയില്‍ നിന്ന് രാജിവെക്കുകയും ഏഷ്യാനെറ്റില്‍ പോയി ഉപരിപഠനം നടത്തുകയും പിന്നെയും കൈരളിയില്‍ മുതലാളി പരിവേഷമിട്ടിരിക്കുകയും ചെയ്ത മാധ്യമസിംഹമാണദ്ദേഹം. അപ്പോള്‍പ്പിന്നെ തന്ത്രങ്ങള്‍ പിഴയ്ക്കരുതാത്തതാണ്.
വിജയന് സഖാവിനെപ്പറ്റി നല്ല നാല് വര്‍ത്തമാനം കേള്‍ക്കുമല്ലോ എന്ന് കരുതിയാണ് നടന് ശ്രീനിവാസനെക്കൊണ്ട് അദ്ദേഹവുമായി അഭിമുഖം നടത്തിയത്. സഖാവ് വിജയന്റെ ജീവിതം മലയാളിയെ മനസ്സിലാക്കിക്കാനുള്ള അടവ് നയങ്ങളിലൊന്നായിരുന്നു അത്. കണ്ടവര്‍ക്കും കേട്ടവര്ക്കുമൊക്കെ അന്നേ വിജയനെ ഒരു വിധം മനസ്സിലായതാണ്. എന്നിട്ടും മടുക്കാതെ ചിരിക്കുന്ന പടം പിടിച്ച് ഫഌക്സാക്കി അതും പൊക്കിപ്പിടിച്ച് യാത്രയായി. കോട്ടയത്ത് വാസവന് സഖാവും കൂട്ടരും തമ്പ്രാന് കേള്‍ക്കാന്‍ ഗായിക വിജയലക്ഷ്മിയുടെ പാട്ടും സംഘടിപ്പിച്ചു. ‘കാറ്റേ കാറ്റേ…’ എന്ന് അവര്‍ മനോഹരമായി പാടുമ്പോള്‍ വലിഞ്ഞുമുറുകിയ മുഖഭാവവുമായി സഖാവ് ഇരുന്നു. താളമടിച്ച് തുടങ്ങിയ സഖാക്കള്‍ പലരും തമ്പ്രാന് സഖാവിന്റെ മുഖഭാവം കണ്ട് അന്തിച്ചിരുന്ന കാഴ്ച ബ്രിട്ടാസിന്റെ ചാനലടക്കം ലൈവാക്കി.
പിന്നിങ്ങോട്ട് എത്ര അവസരങ്ങളിലാണ് മുഖ്യമന്ത്രി വിജയന് തന്റെ ജനുസ്സ് വേറെയാണെന്ന് തെളിയിച്ചിട്ടുള്ളത്. ഒപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ കൊതിച്ച വിദ്യാര്‍ത്ഥിയെ തള്ളിമാറ്റിയപ്പോള്‍, പ്രതികരണമാരാഞ്ഞ് മൈക്ക് നീട്ടിയ ചാനല്‍പ്രവര്‍ത്തകനെ തട്ടിമാറ്റിയപ്പോള്‍, ‘കടക്ക് പുറത്ത്’ എന്ന് മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ചപ്പോള്‍ അന്തംവിട്ട് തലചൊറിഞ്ഞ് നിന്നത് മലയാളികള്‍ മാത്രമല്ല ഉപദേശകവൃന്ദവും കൂടിയാണ്.
ശബരിമലതന്ത്രിയെ പരിഹസിച്ചും വിശ്വാസസംരക്ഷണ സമരങ്ങളെ അപഹസിച്ചും മുഖ്യമന്ത്രി കവലപ്രസംഗത്തിനിറങ്ങിയപ്പോള് കേരളം കണ്ടത് പഴയ പാര്‍ട്ടി സെക്രട്ടറിയേക്കാളും നിലവാരം തകര്‍ന്ന ഒരാളെയാണ്. കള്ളം പറയുകയും പറഞ്ഞത് മാറ്റിപ്പറയുകയും ചെയ്ത് നാണം പോയ ഒരാളായാണ് അഞ്ചാണ്ട് പിന്നിടുമ്പോള്‍ വിജയന് ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. പിആര്‍ വര്‍ക്കിലൂടെ കൊട്ടിഘോഷിക്കുന്ന വികസനങ്ങള്‍ പഴയ ബ്രണ്ണന്തള്ളിന്റെ ആവര്‍ത്തനം മാത്രമാണെന്ന് ഇപ്പോള്‍ കേരളത്തിന് അറിയാം.
കേരളത്തെ ലഹരിയുടെ ഹബ്ബാക്കി മാറ്റിയ, അധോലോകത്തിന് അഴിഞ്ഞാടാന്‍ അവസരമൊരുക്കിയ. ഭീകരവാദികള്‍ക്ക് ജനാധിപത്യത്തിന്റെ പുറംകുപ്പായം അണിയാന്‍ ഒത്താശ ചെയ്ത, സ്ത്രീസുരക്ഷയില്‍ പരാജയപ്പെട്ട, പാര്‍ട്ടിക്ക് കോടതിയും പോലീസുമുണ്ടെന്ന് ജനങ്ങളെ വെല്ലുവിളിച്ച, പട്ടിണിക്കാരനെ തല്ലിക്കൊല്ലുന്ന നെറികെട്ട ഒരു ഭരണകൂടത്തിന്റെ തലവന്‍ ഇപ്പോള്‍ നിലവിളിക്കുന്നത് ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞാണ്. മനുഷ്യരിലേക്ക് പടരാനിറങ്ങിയവര് ഇപ്പോള്‍ മതത്തിന്റെയും ജാതിയുടെയും കള്ളി തെരഞ്ഞ് വോട്ടെണ്ണം കൂട്ടാനുള്ള തത്രപ്പാടിലാണെന്നത് എത്ര ദയനീയമാണ്.
അഞ്ചാണ്ട് മുമ്പ് വിജയമ്പ്രാന് തേരിലേറുമ്പോള്‍ മുന്നില്‍ നിന്ന മറ്റൊരാളുണ്ട്. കോടിയേരി ബാലകൃഷ്ണന്. ആളെവിടെ എന്ന ചോദ്യം ഒരു തെരഞ്ഞെടുപ്പ് വിഷയമാകാനിടയുണ്ടെന്ന് ബ്രിട്ടാസാദി ഉപദേശികള്‍ക്ക് അറിയാത്തതല്ല. എന്ത് കൊണ്ട് കോടിയേരി എന്ന ചോദ്യത്തിന് ലഹരി മുതല്‍ സ്വര്‍ണവും ഡോളറും വരെ മറുപടിയായി പറയേണ്ടി വരുമെന്നതുകൊണ്ടാണ് ‘ജാതി, മതം, വിശ്വാസം….’ തുടങ്ങിയ ദയനീയ നിലവിളിശബ്ദവുമായി ഉപദേശിപ്പട നാട് തെണ്ടുന്നതെന്ന് സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: