ഏതാണ്ട് മൂന്നാഴ്ചകള്‍ക്കു മുന്‍പ് ആറ്റിങ്ങലെ പഴയ സ്വയംസേവകന്‍ ഗോപകുമാരന്‍ തമ്പി ഫോണില്‍ വിളിച്ച് ആഗമാനന്ദ സ്വാമികളുടെ 125-ാം ജന്മദിനം അടുത്തുവരുന്നതിനെ അനുസ്മരിക്കാന്‍ തങ്ങള്‍ സുഹൃത്തുക്കളുടെ സംരംഭമെന്ന നിലയ്‌ക്കു പല പരിപാടികളും ആലോചിക്കുന്നുണ്ടെന്നും, അതിന്റെ പ്രാരംഭമായി ‘ആഗമാനന്ദ സ്വാമികള്‍-നിലയ്‌ക്കാത്ത വീരവാണി’ എന്ന ശീര്‍ഷകത്തില്‍ ഒരു പുസ്തകം സമാഹരണം ചെയ്തുവെന്നും, അതിന്റെ ഒരു പ്രതി അയയ്‌ക്കുന്നുവെന്നും അറിയിച്ചു. തികച്ചും അവസരോചിതമായ ആ കാര്യത്തില്‍ അഭിനന്ദിച്ച് ഞാന്‍ അദ്ദേഹത്തിനോടു സംസാരിക്കുകയുണ്ടായി. അക്കൂട്ടത്തില്‍ സ്വാമികളുമായി ഏറെ അടുപ്പമുള്ള ആളാണ് മുതിന്ന സംഘപ്രചാരകന്‍ ഹരിയേട്ടന്‍ എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.
സ്വാമികളോട് വ്യക്തിപരമായ അടുപ്പം എനിക്കു കുറച്ചേ ഉണ്ടായിട്ടുള്ളൂ. എന്നാലും ആ സ്മരണകള്‍ വളരെ ദീപ്തങ്ങളാണ്. കേരളത്തിലെ സംഘപ്രവര്‍ത്തനത്തിന് അദ്ദേഹം നല്‍കിയ പ്രോത്സാഹനവും പ്രചോദനവും ഏറെ വിലപ്പെട്ടതാണു താനും. എറണാകുളത്ത് 1946 ല്‍ സംഘപ്രചാരകനായി വന്ന്, കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ കെട്ടിപ്പടുത്ത ഭാസ്‌കര്‍ റാവു ആഗമാനന്ദ സ്വാമികളുമായി അടുത്തബന്ധം പുലര്‍ത്തിവന്നു. കാലടിയിലെ ആശ്രമത്തില്‍ അദ്ദേഹം ഇടക്കിടെ പോവുകയും, അവിടെയുണ്ടായിരുന്ന മലയാളികളല്ലാത്ത അന്തേവാസികളുമായി സമ്പര്‍ക്കം വയ്‌ക്കുകയും ചെയ്തിരുന്നു. ആഗമാനന്ദ സ്വാമിയും ഗുരുജിയും ശ്രീരാമകൃഷ്ണ സമ്പ്രദായത്തില്‍ സംന്യാസദീക്ഷ സ്വീകരിച്ചവരായിരുന്നു. വിവേകാനന്ദ സ്വാമികളുടെ ഗുരുഭായിമാരും, പരമഹംസരുടെ അന്തരംഗ ശിഷ്യന്മാരുമായിരുന്നു. കേരളത്തില്‍ ആ പരമ്പരയുടെ ബീജാവാപം നടത്തിയ നിര്‍മലാനന്ദ സ്വാമികളില്‍നിന്ന് ദീക്ഷ സ്വീകരിച്ചയാളാണ് പുതുമന കൃഷ്ണന്‍ നമ്പ്യാതിരി എന്ന ആഗമാനന്ദന്‍. ഉത്തരവംഗദേശത്ത് സാരഗാഛി ആശ്രമം സ്ഥാപിച്ച് ജനസേവനം നടത്തിവന്ന അഖണ്ഡാനന്ദ സ്വാമികളില്‍നിന്ന് ദീക്ഷ സ്വീകരിച്ച പ്രൊഫസര്‍ ഗോള്‍വല്‍ക്കര്‍ പിന്നീട് ശ്വേതാംബര സംന്യാസിയായി സംഘപ്രചാരകനുമായി. അദ്ദേഹം 33 വര്‍ഷക്കാലം സംഘത്തെ നയിച്ചു. ഗുരുദേവന്റെ നിര്‍ദ്ദേശമായിരുന്നു അങ്ങനെ ചെയ്യാന്‍ പ്രേരണയായത്. ആഗമാനന്ദജി മുണ്ഡിത ശിരസ്‌കനും കാഷായാംബര ധാരിയുമായിയെങ്കില്‍, ഗുരുജി സാധാരണക്കാരനായി സഞ്ചരിച്ചു. ഇരുവരുമായി രാമകൃഷ്ണമിഷന്‍ ആസ്ഥാനത്ത് തുടങ്ങിയ സൗഹൃദം എന്നും തുടര്‍ന്നുവന്നു.
കേരളത്തിലെ സംഘത്തിന്റെ വളര്‍ച്ചയ്‌ക്കും ഏറെ സഹായാനുഗ്രഹങ്ങള്‍ ആഗമാനന്ദ സ്വാമിയുടെതായി ഉണ്ടായി. ഹരിയേട്ടന്‍ ഭാസ്‌കര്‍റാവുജിയെക്കുറിച്ചെഴുതിയ ലഘുപുസ്തകത്തില്‍ ഹൃദയസ്പൃക്കായ ഒരു സംഭവമുണ്ട്. അദ്ദേഹത്തിന്റെ ഭാഷയില്‍ തന്നെ അതിവിടെ കൊടുക്കുന്നു.
”കോണ്‍ഗ്രസ്സുകാരനായ ദാമോദര്‍ പ്രഭുവിന്റെ മകന്‍ അനന്തപ്രഭു സംഘത്തില്‍ ചേര്‍ന്നു. കൃത്യസമയത്തു ശാഖയില്‍ വരുന്ന നിഷ്ഠാവാനായ സ്വയംസേവകനായി ഡോ. രാജേന്ദ്രപ്രസാദ് കോണ്‍ഗ്രസ്സ് അധ്യക്ഷനായിരുന്നപ്പോള്‍ അദ്ദേഹത്തിനാതിഥ്യമരുളിയ ആതിഥേയ ഭാഗ്യവാനായിരുന്നു (കോണ്‍ഗ്രസ് പ്രസിഡണ്ടിനെ സ്വന്തം വീട്ടില്‍ താമസിപ്പിക്കാന്‍ എറണാകുളത്തെ വന്‍ കോണ്‍ഗ്രസ്സുകാര്‍ ഭയന്നുവെന്നതാണ് പരമാര്‍ത്ഥം. അതെല്ലാം അയവിറക്കി അച്ഛന്‍ മകനു വിലക്കു കല്‍പ്പിച്ചു. വിലക്കു ഫലപ്പെടുന്നില്ലെന്നായപ്പോള്‍ മകനെ പടിയിറക്കിവിട്ടു. അനന്തപ്രഭു ഭാസ്‌കര്‍ റാവുവിനെ ശരണം പ്രാപിച്ചു. ഒച്ചപ്പാടുണ്ടാക്കാതെ ഒരു കൂട്ടാളിയുടെ കൂടെ അനന്തനെ ഭാസ്‌കര്‍ റാവു ആഗമാനന്ദന്റെ ആശ്രമത്തിലേക്കയച്ചു. ആരെ കിട്ടിയാലും സംന്യാസിയാക്കാനുള്ള കണ്ണോടെ കാത്തിരുന്ന സ്വാമികള്‍ ശരണാഗതനെ ആശ്രമത്തില്‍ താമസിപ്പിച്ചു. ഇതോടെ അമ്മ അനന്തന്റെ കൂട്ടുകാരുടെ വീട്ടിലെത്തി അന്വേഷിച്ചു. രണ്ടുദിവസം കഴിഞ്ഞ് മകന്റെ പോസ്റ്റ് കാര്‍ഡ് അച്ഛന് കിട്ടി. ”ഞാന്‍ കാലടിയില്‍ ആഗമാനന്ദസ്വാമികളുടെ ആശ്രമത്തില്‍ സൗകര്യക്കുറവില്ലാതെ കഴിയുന്നു.” വീട്ടുകാര്‍ ആസകലം തകര്‍ന്നു. ശാഖയില്‍ പോയാല്‍ വീട്ടിലെങ്കിലുമുണ്ടാകും. ദാമോദര്‍ പ്രഭു, ഭാസ്‌കര്‍ റാവുവിനെ കാര്യാലയത്തിലെത്തി കണ്ട് ശാഖയില്‍ പോകാന്‍ വിഘ്‌നം പറയില്ലെന്നുറപ്പിച്ചു പറഞ്ഞു. അനന്ത പ്രഭു തിരിച്ചെത്തി. ശ്രീഗുരുജിയുടെ ‘ബഞ്ച് ഓഫ് തോട്‌സ്’ എന്ന സമാഹാരത്തിന്റെ മലയാള പരിഭാഷ എറണാകുളത്തു പുറത്തിറക്കിയപ്പോള്‍ അതു സ്വീകരിച്ചത് ദാമോദരപ്രഭുവായിരുന്നു.”
ആഗമാനന്ദ സ്വാമികളെ ഞാന്‍ ആദ്യമായി കണ്ടത് തൊടുപുഴയില്‍ ഒന്നാം ഫോറത്തില്‍ പഠിക്കുന്ന കാലത്താണ്-1945 ല്‍. അന്നു തിരുവിതാംകൂറിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഴുവനും ക്രിസ്ത്യാനികളുടെതായിരുന്നു. ആ വസ്തുത അഭ്യസ്തവിദ്യരായ ഹിന്ദുക്കള്‍ക്ക് ഏതാണ്ട് അസഹനീയാവസ്ഥ സൃഷ്ടിച്ചിരുന്നു. ഹിന്ദുക്കളുടെ മേല്‍നോട്ടത്തിലുള്ള ഒരു കോളജ് ആരംഭിക്കാന്‍ എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ പരിശ്രമമാരംഭിച്ചു. ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ പ്രാഥമിക വിദ്യാഭ്യാസരംഗത്ത് വരുത്തിയ ചില പരിഷ്‌കാരങ്ങള്‍ വിവിധ ക്രൈസ്തവ സഭകളെ രോഷംകൊള്ളിച്ചു. ആ അവസരത്തിലാണ് ഹിന്ദുക്കള്‍ക്ക് കോളജുകള്‍ വേണമെന്ന ആവശ്യവുമായി മന്നത്തു പത്മനാഭപിള്ളയും മറ്റും വന്നത്. എന്‍എസ്എസിനും എസ്എന്‍ഡിപിക്കും ഓരോ കോളജു വീതം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി. പെരുന്നയിലും കൊല്ലത്തും അവര്‍ക്ക് കുത്തകപ്പാട്ടത്തില്‍ സ്ഥലവും വാഗ്ദാനം ചെയ്തു. പണി തുടങ്ങിയാല്‍ നല്ലൊരു തുക ഗ്രാന്റായും വാഗ്ദാനമുണ്ടായിരുന്നു. മന്നം ധനശേഖരത്തിനായി യാത്രയാരംഭിച്ചു. അദ്ദേഹത്തെപ്പോലെതന്നെ അവശ ഹിന്ദു സമുദായാംഗങ്ങള്‍ക്ക് മെച്ചമായ വിദ്യാഭ്യാസം നല്‍കാന്‍ കാലടി ആശ്രമത്തോടനുബന്ധിച്ച് സ്‌കൂളുകള്‍ നടത്തിവന്ന ആഗമാനന്ദ സ്വാമികളും ആ സംരംഭത്തെ സഹായിക്കാന്‍ കൂടെക്കൂടി. ഇരുവരും ചേര്‍ന്നു തൊടുപുഴയില്‍ വന്ന് നടത്തിയ പൊതുയോഗം ഇന്നു കല്യാണ്‍ സില്‍ക്ക് സ്ഥിതിചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന ശ്രീകൃഷ്ണ ടാക്കീസിലായിരുന്നു. അന്നു അവിടെ കൂടിയ ജനസഹസ്രങ്ങള്‍ വിസ്മയം തന്നെയായിരുന്നു. സ്‌കൂള്‍ വിട്ടുവന്ന കുമാമംഗലത്തെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം 9 വയസ്സുകാരന്‍ ഞാനും പ്രസംഗങ്ങള്‍ കേട്ടു. തകര്‍പ്പന്‍ പ്രഭാഷണങ്ങളായിരുന്നു. എനിക്കൊന്നും മനസ്സിലായില്ല. എല്ലാവരും കയ്യടിച്ചപ്പോള്‍ ഞാനും കയ്യടിച്ചു.
ആ സമ്മേളനത്തിനുശേഷം അവര്‍ തൊടുപുഴയിലെ പ്രമുഖ ഹിന്ദുക്കളെ കണ്ടു. മലയാറ്റില്‍ കേശവന്‍ നായരും, ധന്വന്തരി വൈദ്യശാലാ ഉടമസ്ഥന്‍ വൈദ്യന്‍ സി.എന്‍. നമ്പൂതിരിയും ആയിരം രൂപ വീതം സംഭാവന നല്‍കിയതായി പിറ്റേന്നു പത്രങ്ങളില്‍ വന്നു. മലയാറ്റില്‍ കേശവന്‍ നായരുടെ സ്മരണയ്‌ക്കായി അദ്ദേഹത്തിന്റെ പിന്മുറക്കാര്‍ സ്ഥാപിച്ച വിദ്യാലയത്തില്‍ ദ്വിതീയ വര്‍ഷ സംഘശിക്ഷാവര്‍ഗും സംസ്‌കൃത ശിബിരവും പില്‍ക്കാലത്തു നടത്തി.
ഹിന്ദുകോളജ് സ്ഥാപിക്കുമ്പോള്‍ അവിടെ എല്ലാ വിഭാഗങ്ങളിലും പെട്ടവര്‍ക്ക് പഠിക്കാന്‍ സൗകര്യം വേണമെന്ന് ആഗമാനന്ദജി പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടത് പല ഉന്നതര്‍ക്കും ഇഷ്ടമായില്ല. അദ്ദേഹത്തിന്റെ പൂര്‍വചരിത്രം പിന്നാക്കക്കാരായി അവഗണിക്കപ്പെട്ടും ചവിട്ടിമെതിക്കപ്പെട്ടും കഴിഞ്ഞ വിഭാഗക്കാര്‍ക്കുവേണ്ടി പടവെട്ടിയതുതന്നെയായിരുന്നു. 1924 വൈക്കം സത്യഗ്രഹ വേളയില്‍ അവിടം സന്ദര്‍ശിക്കാനെത്തിയ മഹാത്മാഗാന്ധിക്ക്, ഉന്നതജാതിക്കാരില്‍ പ്രമുഖനും സത്യഗ്രഹത്തിന്റെ എതിര്‍പക്ഷ നേതാവുമായിരുന്ന ഇണ്ടംതുരുത്തി നമ്പൂതിരിയുമായി സംവാദം നടത്തണമെന്ന ആഗ്രഹമുണ്ടായി. ഗാന്ധിജി ‘ബനിയ’ സമുദായക്കാരനാകയാല്‍ അയിത്തമാകുമെന്നതുകൊണ്ട് ഇല്ലത്ത് കയറ്റാതെ മുറ്റത്തു പന്തിലിട്ടായിരുന്നു സംവാദം. ‘ശാങ്കരന്‍സ്മൃതി’യെന്ന ഗ്രന്ഥത്തിലെ പ്രമാണമുദ്ധരിച്ച് ‘ഇണ്ടംതുരുത്തി’ ജാതിവ്യത്യാസത്തെ ന്യായീകരിച്ചപ്പോള്‍, അവിടെയെത്തിയ പൂര്‍വാശ്രമത്തിലെ ആഗമാനന്ദന്‍ (പി. കൃഷ്ണന്‍ നമ്പ്യാതിരി)ഇണ്ടംതുരുത്തിയുടെ പ്രമാണഗ്രന്ഥം ഒരു വ്യാജസൃഷ്ടിയാണെന്ന് ഗാന്ധിജിയെ ധരിപ്പിച്ചു.
സ്വാമികളുടെ അനുഗ്രഹവും പരിപോഷണവുംകൊണ്ട് വിദ്യാസമ്പന്നരായി ഉന്നതസ്ഥാനത്തെത്തിയവര്‍ നിരവധിയാണ്. പത്മശ്രീ എം.കെ. കുഞ്ഞോല്‍ അവരില്‍പ്പെടുന്നു. സ്വാമികളുടെ സമ്പര്‍ക്കത്തില്‍ വന്ന ഒട്ടനേകം പ്രഗത്ഭരായ യുവാക്കള്‍ അത്യുന്നതമായ പൊതുജീവിതത്തില്‍ നായകസ്ഥാനത്തെത്തി. പത്മവിഭൂഷണ്‍ പി. പരമേശ്വര്‍ജി തന്നെ അവരില്‍ പ്രഥമഗണനീയന്‍. സ്വാമിജിയോടൊപ്പം ഭാരതത്തിലെ പ്രമുഖ ആധ്യാത്മിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിനവസരമുണ്ടായി. പരമേശ്വര്‍ജി സംന്യാസം സ്വീകരിക്കുമെന്ന സ്വാമിജിയുടെ പ്രതീക്ഷ, അദ്ദേഹം സംഘത്തില്‍ വന്നതോടെ അസ്തമിച്ചു. എന്നാല്‍ ഹിന്ദു സമാജത്തിന്റെ സര്‍വതോമുഖമായ അഭിവൃദ്ധിക്കായി ജീവിതം ഉഴിഞ്ഞുവച്ച ഒരു പ്രസ്ഥാനത്തിനാണദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ സ്വാമിജിയുടെ സ്‌നേഹവാത്സല്യങ്ങള്‍ക്കു ഒട്ടും കുറവുണ്ടായില്ല. രാഷ്‌ട്രീയ സാംസ്‌കാരിക രംഗങ്ങളില്‍ സമുന്നത ചുമതലകള്‍ വഹിച്ച, പി.കെ.വാസുദേവന്‍ നായര്‍, പി. ഗോവിന്ദപ്പിള്ള, എന്‍.ഇ.ബാലറാം മുതലായ ഡസന്‍കണക്കിനാളുകള്‍ സ്വാമികളുടെ ശിഷ്യത്വം സ്വീകരിച്ചവരുടെ പട്ടികയില്‍പ്പെടുന്നു.
ശ്രീഗുരുജി 1955 ല്‍ പട്ടാമ്പിയിലെ ചികിത്സ കഴിഞ്ഞു മടങ്ങുന്നതിനു മുന്‍പ്, കാലടി ആശ്രമത്തില്‍ പോകുകയും അദ്ദേഹത്തിനിഷ്ടംപോലെ വിനിയോഗിക്കാനായി ഒരു മഹതി ഏല്‍പ്പിച്ചിരുന്ന ഒരു തുക, (അന്നും ഇന്നും സങ്കല്‍പ്പിക്കാന്‍ പ്രയാസമായ) ശ്രീശങ്കരാ കോളജിനു ധനസമാഹരണത്തിനായി നട്ടംതിരിഞ്ഞ സ്വാമികളെ ചെന്നു കണ്ട്, ഏല്‍പ്പിച്ചതും സ്മരണീയമാണ്. തുക എത്രയെന്ന് പലരും പല വിധത്തില്‍ പറഞ്ഞു. പവനു 80 രൂപയായിരുന്നു അന്നുവില എന്നോര്‍ക്കുക.
സംഘത്തിന്റെ പരിപാടികള്‍ ആശ്രമത്തില്‍ നടന്ന ചില അവസരങ്ങളിലും, തലശ്ശേരി തിരുവങ്ങാട്ട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവക്കാലത്തെ ഒരു പ്രഭാഷണത്തിലുമാണ് പിന്നീടദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടത്. അന്നദ്ദേഹം ധര്‍മ്മടത്ത് പ്രവര്‍ത്തിച്ചിരുന്ന മഠത്തിലും പോയിരുന്നു. ആ സ്ഥാപനം ഇന്നില്ലെന്നാണറിയുന്നത്. ഞാന്‍ അവിടെ പ്രചാരകനായിരുന്ന കാലത്ത് ധര്‍മ്മടത്ത് മരവ്യവസായം നടത്തിവന്ന സി.ജെ. റവേല്‍ എന്ന ഫ്രഞ്ചുകാരന്‍(വിവേകാനന്ദാനുയായി) അവിടെ സത്സംഗങ്ങള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. ധര്‍മ്മടത്തെ എംഎല്‍എ ആയ പിണറായി വിജയന്‍ ആശ്രമത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: