ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ കാര്‍ഷിക ബില്‍ കര്‍ഷകരെ ഉപദ്രവിക്കുന്നെന്ന വ്യാജപ്രചാരണവുമായി സമരജീവിയും സംയുകത് കിസാന്‍ സഭ നേതാവുമായ യോഗേന്ദ്രയാദവും പ്രണോയ് റോയിയുടെ എന്‍ഡിടിവിയും.
പുതിയ കാര്‍ഷിക നിയമങ്ങള്‍ മാണ്ഡികള്‍ എന്നറിയപ്പെടുന്ന എപിഎംസികളെ മുറിവേല്‍പ്പിക്കുമെന്നതിന്റെ തെളിവായി തെറ്റായ കണക്കുകള്‍ നിരത്തുന്ന രേഖയുമായാണ് യോഗേന്ദ്രയാദവ് ശനിയാഴ്ച പ്രത്യക്ഷപ്പെട്ടത്. മധ്യപ്രദേശിലെ വിവിധ മാണ്ഡികളിലെ നികുതി വരുമാനത്തില്‍ വന്‍തോതില്‍ കുറവുണ്ടായത് കാര്‍ഷികനിയമങ്ങള്‍ നടപ്പിലാക്കിയത് മൂലമെന്നായിരുന്നു തെളിവുകള്‍ നിരത്തിക്കൊണ്ടുള്ള യോഗേന്ദ്രയാദവിന്റെ വാദം.
മധ്യപ്രദേശിലെ ഏഴ് മാണ്ഡികളില്‍ നിന്നും പിരിച്ച നികുതിയിനത്തിലെ ഫീസില്‍ 2021 ജനവരിയില്‍ കാര്യമായ കുറവുണ്ടായെന്നാണ് കണക്കുകള്‍ നിരത്തി യോഗേന്ദ്ര യാദവ് വാദിക്കുന്നത്. 2020 ജനവരിയിലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോഴാണ് അമ്പരപ്പിക്കുന്ന ഈ കുറവ് കാണിക്കുന്നത്. 2020 ജനവരിയില്‍ 88 കോടി രൂപയാണ് മധ്യപ്രദേശിലെ മാണ്ഡികളില്‍ നിന്നും ശേഖരിച്ച ഫീസെങ്കില്‍, 2021 ജനവരിയില്‍ ആകെ പിരിഞ്ഞുകിട്ടിയത് 29 കോടി മാത്രമാണെന്നാണ് കണ്ടെത്തല്‍. മോദി സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമം നടപ്പിലാക്കിയതുകൊണ്ടാണ് ഇത്രയും വലിയ കുറവുണ്ടാകാന്‍ കാരണമെന്നും യോഗേന്ദ്രയാദവ് വാദിക്കുന്നു. ‘ഈ കണക്കില്‍ നിന്നും കാര്‍ഷിക നിയമം പ്രതികൂലമായി മാണ്ഡികളെ ബാധിക്കുമെന്ന് കണക്കാക്കാമല്ലോ മോഡിജീ’ എന്ന് പരിഹാസ രൂപേണ ചോദിച്ചുകൊണ്ടായിരുന്നു യോഗേന്ദ്രയാദവിന്റെ പ്രതികരണം.
മധ്യപ്രദേശിലെ മാണ്ഡികളുടെ വരുമാനത്തില്‍ ഏകദേശം 66.75 ശതമാനം കുറവുള്ളതായി കാണിക്കുന്നുണ്ടെങ്കിലും ഇതിന് പുതിയ കാര്‍ഷിക ബില്ലുമായി യാതൊരുവക ബന്ധവുമില്ല. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണിയെ (മാണ്ഡികളെ) പുതിയ നിയമങ്ങള്‍ ബാധിക്കാന്‍ തുടങ്ങിയെന്ന് അവകാശപ്പെടുമ്പോഴും അത് അസാധ്യമാണെന്നതാണ് വാസ്തവം. കാരണം പുതിയ കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്‍റില്‍ പാസാക്കിയെങ്കിലും അത് നടപ്പാക്കുന്നത് സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്.
പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരുടെ ഏതിര്‍പ്പുമൂലം കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് ജനവരി 12ന് സുപ്രീംകോടതി തന്നെ സസ്‌പെന്‍റ് ചെയ്തു. കോടതി തന്നെ പ്രശ്‌നപരിഹാരത്തിനായി ഒരു വിദഗ്ധ സമിതിയേയും രൂപീകരിച്ചിരിക്കുകയാണ്. അതായത് നിയമങ്ങള്‍ പാര്‍ലമെന്‍റില്‍ പാസാക്കിയെങ്കിലും അത് നടപ്പാക്കുന്നത് ജനവരി 12 മുതല്‍ സസ്‌പെന്‍റ് ചെയ്തിരിക്കുന്നു. അതിനാല്‍ മധ്യപ്രദേശിലെ മാണ്ഡികളില്‍ നികുതി പിരിവ് കുറഞ്ഞുപോയതിന്റെ കാരണം പുതിയ കാര്‍ഷിക നിയമങ്ങളുടെ മേല്‍ കെട്ടിവെക്കാന്‍ കഴിയില്ല.
ഇനി ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം പറയാം. കഴിഞ്ഞ വര്‍ഷം സംസ്ഥാനസര്‍ക്കാര്‍ മാണ്ഡികളുടെ ഫീസ് കുറച്ചിരുന്നു. 2020 ഒക്ടോബറില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ മാണ്ഡി ഫീസ് 1.7 ശതമാനത്തില്‍ നിന്നും 0.5 ശതമാനമാക്കി കുറച്ചിരുന്നു. ഫീസിനത്തിലെ ഈ 70 ശതമാനത്തിന്റെ കുറവാണ് 2021 ജനവരിയിലെ മാണ്ഡി ഫീസില്‍ 2020 ജനവരിയേക്കാള്‍ 67 ശതമാനത്തോളം കുറവുണ്ടാകാന്‍ കാരണം. വ്യാപാരികള്‍ തന്നെ മാണ്ഡി ഫീസ് കുറയ്‌ക്കാന്‍ ആവശ്യപ്പെട്ട് 2020ല്‍ സമരം ചെയ്തതിനെത്തുടര്‍ന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ മാണ്ഡി ഫീസ് കുറച്ചത്.
എന്‍ഡിടിവിയും നുണ ആവര്‍ത്തിക്കുമ്പോള്‍
യോഗേന്ദ്ര യാദവ് വ്യാജക്കണക്ക് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ എന്‍ഡിടിവിയും അതേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. മധ്യപ്രദേശിലെ മാണ്ഡി ഫീസ് പിരിവില്‍ 67 ശതമാനം കുറവുണ്ടായത് പുതിയ കാര്‍ഷിക നിയമം നടപ്പാക്കിയത് മൂലമെന്നായിരുന്നു പ്രചാരണം. പക്ഷെ സുപ്രീംകോടതി കാര്‍ഷിക നിയമങ്ങള്‍ സസ്‌പെന്റ് ചെയ്ത കാരണം കാര്‍ഷിക നിയമങ്ങള്‍ ഇതുവരെ നടപ്പില്‍ വന്നിട്ടില്ലെന്ന സത്യം മറച്ചുവെച്ചുകൊണ്ടാണ് എന്‍ഡിടിവിയുടെ ഈ നുണപ്രചാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: