ശാസ്താംകോട്ട: കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ നേതൃത്വം കൊടുക്കുന്ന ആര്‍എസ്പി (എല്‍) മൂന്നായി പിളര്‍ന്നതോടെ പാര്‍ട്ടി ശക്തമാണെന്ന് തെളിയിക്കാനുള്ള വ്യഗ്രതയില്‍ നെട്ടോട്ടമോടുകയാണ് കുഞ്ഞുമോനും അനുയായികളും. കഴിഞ്ഞ ദിവസം കുഞ്ഞുമോന്റെ ആര്‍എസ് പിയില്‍ നിന്നും രാജിവെച്ച 25 നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് ഔദ്യോഗിക ആര്എസ്പിയില് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച കാര്യം അറിയിച്ചത്.
അതിന് തൊട്ടുപിന്നാലെ കഴിഞ്ഞ ദിവസം അര്‍എസ്പി (എല്‍) നേതാക്കള്‍ ഈ രാജി പ്രഖ്യാപനത്തിനെതിരെ രംഗത്തുവന്നു. രാജിവെച്ചുവെന്ന് പറയുന്ന നേതാക്കളെ സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കുകയായിരുന്നുവെന്ന് ലെനിനിസ്റ്റ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മൂന്നായി പിളര്‍ന്നതോടെ കുഞ്ഞുമോന്റെ പാര്‍ട്ടി ദുര്‍ബലമായതായി എല്‍ഡിഎഫില്‍ ചര്‍ച്ചയാണ്. പ്രധാന ഘടകകക്ഷിയായ സിപിഐ തന്നെ കോവൂര്‍ കുഞ്ഞുമോന് എതിരെ രംഗത്തു വന്നതും ശ്രദ്ധേയമാണ്.
കാല്‍നൂറ്റാണ്ടായി കുന്നത്തൂരിലെ ജനപ്രതിനിധി എന്ന നിലയില്‍ കുഞ്ഞുമോന്റെ പ്രവര്‍ത്തനങ്ങള്‍ വന്പരാജയമാണന്ന് സിപിഐ ആരോപിക്കുന്നു. എന്നാല്‍ തങ്ങള്‍ ശക്തരാണന്നാണ് ആര്‍എസ്പി (എല്‍) നേതാക്കളുടെ അവകാശവാദം. പോരുവഴി ലോക്കല്‍ കമ്മിറ്റി ഒന്നടങ്കം രാജിവച്ചു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണത്രേ. കുന്നത്തൂരിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും നിരവധി പേര് തങ്ങളോടൊപ്പം വന്നതായി കണക്കുകള്‍ നിരത്തി മണ്ഡലം സെക്രട്ടറി എസ്.ദിലീപ്കുമാര് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: