തിരുവനന്തപുരം: ഇ കെ നായനാര്‍ ,കെ കരുണാകരന് ,കവികളായ ഓ എന്‍ വി , എ അയ്യപ്പന് ,ഡി വിനയചന്ദ്രന് ,നടി സുകുമാരി ,വി .ദക്ഷിണാമൂര്‍ത്തി ,കെ ആര് മോഹനന് ,പി കെ നായര്‍, സോളാനസ് ,കിം കി ഡുക് ,നടന് മുരളി,അനില്‍ നെടുമങ്ങാട്,രാമചന്ദ്രബാബു,പി വി ഗംഗാധരന് തുടങ്ങി മരിച്ചിട്ടും മായാതെ നില്ക്കുന്ന പ്രമുഖരുടെ ഓര്‍മ്മചിത്രങ്ങള്‍ ഉള്‍പ്പെട്ട ഐ എഫ് എഫ് കെ ജൂബിലി ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു .
1994 ല്‍ കോഴിക്കോട്ട് മേള ആരംഭിച്ചതു മുതല്‍ 2019 വരെയുള്ള 300 ചിത്രങ്ങളാണ് ഐ എഫ് എഫ് കെയുടെ കാല്‍നൂറ്റാണ്ട് അടയാളപ്പെടുത്തിയ ഫോട്ടോ പ്രദര്‍ശനത്തിലുള്ളത് .ചിത്രങ്ങളെ കുറിച്ചുള്ള വിവരണവും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അക്കാദമിയുടെ ശേഖരത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് പുറമേ പ്രതിനിധികളില്‍ നിന്ന് ശേഖരിച്ച ഫോട്ടോകളും പ്രദര്‍ശനത്തിലുണ്ട്. അക്കാഡമി കൗണ്‍സില്‍ അംഗം സജിതാ മഠത്തിലാണ് ക്യൂറേറ്റര്‍ .
കൂടുതല്‍ ചിത്രങ്ങളിലും സാങ്കേതിക മികവ് മാത്രം :സൂര്യ കൃഷ്ണമൂര്‍ത്തി
പ്രദര്‍ശനം സൂര്യാ കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്തു . സാങ്കേതിക സംവിധാനങ്ങളെ ആശ്രയിച്ചുള്ള സിനിമകളാണ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ എത്തുന്നതെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി. ആത്മാവിനെ സ്പര്‍ശിക്കുന്ന കൂടുതല്‍ സിനിമകള്‍ മേളയില്‍ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു . കൊവിഡ് കാലത്ത് നടത്തുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തോട് പൂര്‍ണ യോജിപ്പാണെന്നും എല്ലാവരെയും ഉള്‍പ്പെടുത്താനുള്ള അക്കാഡമിയുടെ ശ്രമമായി അതിനെ കാണണമെന്നും സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു .
മറ്റു മേളകള്‍ അപേക്ഷിച്ച് കേരള രാജ്യാന്തര മേളയില്‍ വന്‍ ജനപങ്കാളിത്തമാണ് തുടക്കം മുതല്‍ ഉണ്ടാകുന്നത്. എല്ലാവര്ക്കും പങ്കുചേരാനുള്ള മേളകള്‍ ചലച്ചിത്ര രംഗത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അക്കാദമി ചെയര്മാന് കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍, സെക്രട്ടറി അജോയ് ചന്ദ്രന് , സജിത മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എറണാകുളം, തലശേരി ,പാലക്കാട് മേഖലകളിലും പ്രദര്‍ശനം ഉണ്ടാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: