ഇടുക്കി: ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന പീരുമേട് സിപിഐയുടെ പോക്കറ്റിലായിട്ട് മൂന്ന് ടേം. ഹാട്രിക് വിജയം നേടിയ ഇ.എസ്. ബിജിമോള്ക്കാകട്ടെ ഇത്തവണ സീറ്റ് കിട്ടുമെന്നുറപ്പുമില്ല. 2006ല്‍ ഇ.എം. ആഗസ്തിയെ തോല്‍പ്പിച്ച് മണ്ഡലം പിടിച്ച ബിജിമോളുടെ ജനപ്രീതി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുത്തനെ ഇടിഞ്ഞു. ‘ലക്കിപ്രൈസിന്’ വിജയിച്ചെങ്കിലും ഇത്തവണ കളിമാറുമെന്നാണ് പാര്‍ട്ടി അണികള്‍ പറയുന്നത്. 314 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് കഴിഞ്ഞതവണ ബിജിമോള്‍ക്ക് ലഭിച്ചത്. മൂന്നാം തവണയും മത്സരിച്ചതാകട്ടെ വിജയസാധ്യതയേറിയ സ്ഥാനാര്‍ഥിയെന്ന ലേബലില്‍ പാര്‍ട്ടിഘടകത്തില്‍ നിന്ന് ഇളവ് നേടി. കഴിഞ്ഞതവണത്തെ ഭൂരിപക്ഷം ചൂണ്ടിക്കാട്ടി ഇത്തവണ സ്ഥാനാര്‍ഥി പട്ടികയില്‍ കയറിക്കൂടാന്‍ നിരവധിയാളുകളാണ് ശ്രമം തുടങ്ങിയിരിക്കുന്നത്. വാഴൂര്‍ സോമനടക്കമുള്ള യൂണിയന് നേതാക്കളും പട്ടികയിലിടം നേടാനായി ശ്രമം തുടങ്ങിയെന്നാണറിവ്.
കോണ്‍ഗ്രസിലും പീരുമേട് സീറ്റിനായി പിടിവലി ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷം സീറ്റിനുവേണ്ടി മുറവിളികൂട്ടിയിട്ടും ലഭിക്കാത്ത മുതിര്‍ന്ന നേതാക്കളും കെഎസ്യു നേതാക്കളും സീറ്റിന് വേണ്ടി രംഗത്തുണ്ട്. കെപിസിസി അംഗമായ സി.പി. മാത്യു പീരുമേട്ടിലെ പാര്‍ട്ടി പരിപാടികളില്‍ സജീവമാകാനായി വാടക വീടുവരെയെടുത്തു പ്രവര്‍ത്തിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവരുന്ന സി.പി. മാത്യുവിന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ശത്രുക്കളുള്ളതിനാല്‍ ഇത്തവണയും സീറ്റ് നേടുക ദുഷ്കരമാകും.
കെഎസ്യു ജില്ലാ പ്രസിഡന്റ് ടോണി തോമസും യൂത്ത്കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് ബിജോ മാണിയും പീരുമേട് സീറ്റിനായി രംഗത്തുണ്ട്. കഴിഞ്ഞ തവണ തോറ്റ സിറിയക് തോമസിനാണ് ഇത്തവണയും മുന്‍തൂക്കമെങ്കിലും മണ്ഡലത്തിലെ സജീവ സാന്നിധ്യമായ യുവനേതാക്കളെ പിണക്കിയാല്‍ കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട സീറ്റ് വീണ്ടെടുക്കാനാകാതെയും വരും. യുവനേതാക്കളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തുകയും അതോടൊപ്പം മുതിര്‍ന്ന നേതാക്കളെ വിജയിപ്പിച്ചെടുക്കുകയുമാണ് കോണ്‍ഗ്രസ് ലക്ഷ്യം.
പീരുമേട്ടില്‍ മത്സരിപ്പിച്ച് പി.ടി. തോമസിനെ വിജയിപ്പിച്ചെടുക്കാനുള്ള ശ്രമവുമായി ഒരു കൂട്ടം പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. വിജയിച്ചാല്‍ ഇടുക്കിയില്‍ നിന്ന് മന്ത്രിയുണ്ടാകുമെന്നാണ് ഇക്കൂട്ടരുടെ ഓഫര്‍. കസ്തൂരിരംഗന്‍ വിഷയത്തില്‍ പിടിയോട് ഇടഞ്ഞ പലനേതാക്കളും പ്രളയസമയത്ത് അദ്ദേഹത്തിന് അനുകൂല നിലപാടുമായി വന്നിരുന്നു. ഇതൊക്കെയാണെങ്കിലും ബിജിമോളുടെ ലീഡ് മൂന്നക്കത്തിലൊതുക്കിയ സിറിയക് തോമസിനുതന്നെ നറുക്കുവീഴാനാണ് സാധ്യതയെന്ന് പ്രവര്‍ത്തകരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: