കൊല്ലം: ആള്‍ കേരള ഇന്‍ഡിപെന്‍ഡന്റ് എക്സിബിഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ ആശ്രാമം മൈതാനത്ത് സംഘടിപ്പിക്കുന്ന കാര്‍ഷിക-വ്യാവസായിക മേള സങ്കടക്കാഴ്ചയാകുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ജനപങ്കാളിത്തമില്ലാത്തതാണ് കാരണം.
മേളയിലെ ഭൂരിഭാഗം സ്റ്റാളുകളും ഒഴിഞ്ഞ നിലയിലാണ്. ആകര്‍ഷകമായ രൂപങ്ങള്‍ കൊണ്ടും നിര്‍മിതി കൊണ്ടും ശ്രദ്ധേയമായ നിലമ്പൂര്‍ മണ്‍ചട്ടികള്‍ ആരുടേയും മനം കവരും. എന്നാല്‍ മേളയില്‍ ആളുകള്‍ എത്താതായതോടെ സ്റ്റാള്‍വാടക നല്‍കാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണ് ഇവയെത്തിച്ച മലപ്പുറം നിലമ്പൂര്‍ സ്വദേശികളായ വിജയകുമാരിയും അനില്‍കുമാറും. ആദ്യ ദിവസങ്ങളില്‍ പരിമിതമായെങ്കിലും ആളുകള്‍ എത്തിയെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങള്‍ നിരാശയുടേതായിരുന്നു. നിലമ്പൂരിലെ പരമ്പരാഗത കളിമണ്‍ തൊഴിലാളി കുടുംബങ്ങളെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച അനശ്വര സ്വയംസഹായ സംഘത്തിന്റെ മണ്‍പാത്രങ്ങളും കളിമണ്‍ ചുമര്‍ചിത്രങ്ങളുമാണ് ഇവിടെ പ്രധാന ആകര്‍ഷണം.
വ്യത്യസ്ത ഇനം കറിച്ചട്ടികള്‍, ചെടി ചട്ടികള്‍, ഗാര്‍ഹിക അലങ്കാര പാത്രങ്ങള്‍ തുടങ്ങിയവയുമുണ്ട്. കാര്യമായ കച്ചവടം നടക്കാത്തതിനാല്‍ സ്റ്റാള്‍ ഉടമകളെല്ലാം തുല്യ ദുഖിതരാണ്. പല ആളുകളും തൃശൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട് ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. 10000 രൂപയാണ് മിക്ക സ്റ്റാളുകള്‍ക്കും വാടക. ഇവരുടെ താമസവും ഭക്ഷണവും മറ്റ് ചെലവുകളും കഴിഞ്ഞാല്‍ മിച്ചമൊന്നും ഉണ്ടാകില്ല.
കരകൗശലവസ്തുക്കള്‍, കൈത്തറി വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഭക്ഷ്യവസ്തു സ്റ്റാള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളും മേളയിലുണ്ട്. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടേതടക്കം 70 സ്റ്റാളുകള്‍ മേളയില്‍ ഉണ്ടെങ്കിലും ഭൂരിഭാഗവും ഒഴിഞ്ഞ നിലയിലാണ്. കോവിഡ് പ്രതിസന്ധി കച്ചവടത്തെ സാരമായി ബാധിച്ചെന്നാണ് വ്യാപാരികളുടെ പക്ഷം. 15നാണ് സമാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: