ആലപ്പുഴ: ഹൗസ്ബോട്ട് അപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ പുന്നമടക്കാലയില്‍ ഫിനിഷിങ് പോയിന്റിനോട് ചേര്‍ന്ന് അഗ്നിരക്ഷാ സേനയുടെ ജലരക്ഷാ നിലയം ആരംഭിക്കണമെന്ന് ആവശ്യം ഉയരുന്നു. ജലരക്ഷാ നിലയം സ്ഥാപിക്കണമെന്നത് കുട്ടനാട്ടിലെ ജനങ്ങളുടെയും ഏറ്റവും വലിയ ആവശ്യമാണ്.
ജലരക്ഷാ നിലയം സ്ഥാപിക്കുവാന്‍ സര്‍ക്കാരിന് സാമ്പത്തിക ചെലവ് വരില്ല എന്നാണ് വിവരം. നിലവില്‍ ആലപ്പുഴ നിലയത്തിലെ സ്കൂബാ ഡൈവേഴ്സ് ഉള്‍പ്പെടെയുള്ള ജീവനക്കാരെ ജലരക്ഷാ നിലയത്തിലേയ്ക്ക് പുനര്‍വിന്യസിക്കാന്‍ കഴിയും. ആലപ്പുഴ നിലയത്തിലെ സ്കൂബാ സെറ്റുകള്‍, ലൈഫ് ജാക്കറ്റുകള്‍, ലൈഫ് ബോയകള്‍, പോര്‍ട്ടബിള്‍ പമ്പുകള്‍, സ്കൂബാ വാന്‍, ബോട്ടുകള്‍, ഫയര്‍ ഡിങ്കി മുതലായ ഉപകരണങ്ങള്‍ ജലരക്ഷാ നിലയത്തിലേയ്ക്ക് മാറ്റുവാന്‍ കഴിയും. നെഹ്റു ട്രോഫി ഫിനിംഷിങ് പോയിന്റിലെ ടൂറിസം വകുപ്പിന്റെ കെട്ടിടങ്ങളിലൊന്ന് ജലരക്ഷാ നിലയത്തിനായ് വിട്ടു നല്കുവാനും സാധിക്കും.
കായല്‍ ടൂറിസത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുവാന്‍ പള്ളാത്തുരുത്തി, വട്ടക്കായല്‍, തണ്ണീര്‍മുക്കം, കുമരകം മുതലായ ഹൗസ് ബോട്ട് ടെര്‍മിനലുകളില്‍ എല്ലാം നിലവിലുള്ള ടൂറിസം പോലീസ് ഔട്ട് പോസ്റ്റുകള്‍ക്ക് സമാനമായ രീതിയില്‍ അഗ്നിരക്ഷാ സേനയുടെ ചെറു യൂണിറ്റുകള്‍ സ്ഥാപിക്കേണ്ടതും അത്യാവശ്യമാണ്.വേഗത്തില്‍ കത്തിപ്പിടിക്കുന്ന പനമ്പ് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഹൗസ് ബോട്ടില്‍ വലിയ ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന വിധത്തിലുള്ള ഫ്രിഡ്ജ്, ഏസി ഉള്‍പ്പെടെയുള്ള എല്ലാവിധ സംവിധാനങ്ങളും അടുക്കളയും ഉള്ളതിനാല്‍ എല്‍പിജി സിലിണ്ടര്‍ ലീക്ക്, ഷോര്‍ട്ട് സര്‍ക്യൂട്ട് ഉള്‍പ്പെടെ നിരവധി കാരണങ്ങളാല്‍ തീപിടിക്കാനുള്ള സാധ്യതകള്‍ ഉണ്ട്. വെള്ളം കയറി ബോട്ട് മുങ്ങുക, സഞ്ചാരികള്‍ വെള്ളത്തില്‍ വീണ് മുങ്ങി പോകുക തുടങ്ങി മറ്റ് നിരവധി അപകട സാധ്യതകളും ഉണ്ട്. അതിനാല്‍ കായല്‍ ടൂറിസത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ബോട്ടുകള്‍ക്ക് തീപിടിക്കുമ്പോള്‍ വേഗത്തിലെത്തി രക്ഷാപ്രവര്‍ത്തനം നടത്തുവാനുള്ള സംവിധാനങ്ങളോ സാഹചര്യങ്ങളോ നിലവില്‍ അഗ്നി രക്ഷാസേനയ്ക്ക് ഇല്ല. അതിനാല്‍ തീപിടിക്കുന്ന ഹൗസ് ബോട്ടുകള്‍ പൂര്‍ണ്ണമായും കത്തി നശിക്കുകയാണ് പതിവ്. കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ചതും വേഗത കുറഞ്ഞതുമായ രണ്ട് ചെറിയ ബോട്ടുകള്‍ ആണ് അഗ്നിരക്ഷാ സേന രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: