കൊച്ചി: കാലടി സംസ്കൃത സര്വകലാശാലയില് അധ്യാപകനായി ഇടതുപക്ഷ സഹയാത്രികന് സുനില് പി. ഇളയിടം നിയമനം നേടിയതും വഴിവിട്ട മാര്ഗത്തിലെന്ന് വിവരാവകാശ രേഖ. സംസ്കൃത സര്വകലാശാലയില് 1998ല് മലയാളം ലക്ചറര് തസ്തികയിലേക്കു നടന്ന അഭിമുഖ പരീക്ഷയില് കൃത്രിമം കാട്ടിയാണ് സുനില് ഉള്പ്പെടെ ചിലര്ക്ക് നിയമനം നല്കിയതെന്നാണ് പുറത്തുവന്നിരിക്കുന്നത്. സിപിഎമ്മിനും ഇടതുപക്ഷ സര്ക്കാരിനും വേണ്ടി കവലകള് തോറും രാഷ്ട്രീയം പ്രസംഗിക്കുന്നയാളാണ് ഇളയിടം. ശബരിമല വിരുദ്ധ പ്രചാരണം, നവോത്ഥാന ദുര്വ്യാഖ്യാനം തുടങ്ങിയവയ്ക്ക് വ്യാജ ചരിത്രങ്ങള് രചിച്ചും പ്രസംഗിച്ചും പാര്ട്ടിയെ സഹായിക്കുന്നവരില് പ്രമുഖനുമാണ്. സര്വകലാശാലയില് സ്വന്തം ഓഫീസ് ബോര്ഡ് നശിപ്പിച്ച് വ്യാജപ്പരാതി നല്കിയതായി ആരോപണവുമുണ്ട്.
ഇ.കെ. നായനാര് മുഖ്യമന്ത്രിയായി ഇടതുപക്ഷം ഭരിക്കുന്ന കാലത്ത് സര്വകലാശാലയിലേക്ക് ലക്ചറര് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അന്ന് പാര്ട്ടി പത്രമായ ദേശാഭിമാനിയില് ജോലിക്കാരനായിരുന്നു സുനില്. അപേക്ഷിച്ചവരില് പലര്ക്കും എംഫില്, പിഎച്ച്ഡി യോഗ്യതകള് ഉണ്ടായിരുന്നു. എന്നാല് സുനിലിന് അന്ന് എംഎ ബിരുദവും സെറ്റ് യോഗ്യതയുമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇന്റര്വ്യൂവില് മാര്ക്ക് ഏറ്റവും കൂടുതല് സുനിലിനും മറ്റുമായിരുന്നു. പരീക്ഷകളില് കൂടുതല് മാര്ക്ക് കിട്ടിയവര്ക്ക് ഇന്റര്വ്യൂവില് കുറവും. അങ്ങനെയാണ് സുനില് നിയമിക്കപ്പെട്ടത്. അഭിമുഖത്തില് പങ്കെടുത്ത 211 പേര്ക്ക് അന്നത്തെ സെലക്ഷന് കമ്മിറ്റി അംഗങ്ങള് നല്കിയ മാര്ക്കുകള് പുറത്തു വന്നപ്പോഴാണ് നിയമനക്കള്ളക്കളി വ്യക്തമാകുന്നത്. ഇടതുപക്ഷ സര്ക്കാരിന്റെ ഭരണ കാലത്ത് ഈ തരത്തില് നിയമന ക്രമക്കേട് പതിവാണെന്ന് തെളിയിക്കുന്നതാണ് സംഭവം.
ഡോ. എന്.പി. ഉണ്ണി, ഡോ. എന്.വി.പി. ഉണിത്തിരി, ഡോ. കെ. ശരത്ചന്ദ്രന്, ഡോ. സ്കറിയ സക്കറിയ, ഡോ. കെ.എം. പ്രഭാകര വാര്യര്, ഡോ. ഒ.എം. അനുജന് തുടങ്ങിയവരായിരുന്നു അന്ന് ഇന്റര്വ്യൂ ബോര്ഡ് അംഗങ്ങള്.
നല്ല മാര്ക്കോടെയുള്ള ബിരുദങ്ങളും, എംഫില്, യുജിസി നെറ്റ് ജെആര്എഫ് നേടിയവരും പ്രസിദ്ധീകരണങ്ങളിലെ ലേഖനം, പുരസ്കാരങ്ങള്, സെമിനാര് പേപ്പറുകള് തുടങ്ങിയ യോഗ്യതയുള്ളവര്ക്കെല്ലാം ഇന്റര്വ്യൂവില് പത്തില് താഴെ മാര്ക്കാണ് നല്കിയത്. മുന് നിശ്ചയ പ്രകാരം ചിലര്ക്ക് 20 മാര്ക്ക് നല്കി. അവരാണ് നിയമിക്കപ്പെട്ടത്. അവരില് സുനില് പി. ഇളയിടമുണ്ട്. അന്ന് പുറന്തള്ളപ്പെട്ട ഡോ. ആസാദ് 1998ലെ ഇന്റര്വ്യൂ മാര്ക്ക് വിവരാവകാശ രേഖ പ്രസിദ്ധം ചെയ്തിട്ടുണ്ട്.
ഇത് കേരളത്തിലെ സര്വകലാശാലകളുടെ ചരിത്രത്തില് ഏറ്റവും വലിയ ഗൂഢാലോചനയും അഴിമതിയുമാണ്. രേഖകള് പുറത്തുവന്ന സാഹചര്യത്തില് വിശദമായ അന്വേഷണം ആവശ്യമുണ്ട്. അതിനു കമ്മീഷനെ നിശ്ചയിക്കണം, ഡോ. ആസാദ് ആവശ്യപ്പെട്ടു.
സുനില് പിന്നീടാണ് ഡോക്ടറേറ്റ് നേടിയത്. കാലടി സര്വകലാശാലയില്ത്തന്നെയായിരുന്നു ഗവേഷണം. ഡോ. സ്കറിയ സക്കറിയയായിരുന്നു ഗൈഡ്. ഗവേഷണ പ്രബന്ധം സര്വകലാശാല തള്ളി. പക്ഷേ, എസ്എഫ്ഐ ഉള്പ്പെടെ അധ്യാപക, വിദ്യാര്ഥി സംഘടനകളെക്കൊണ്ട് സമരം നടത്തിച്ച്, പല വിധ സ്വാധീനങ്ങള് ചെലുത്തി പ്രബന്ധം സ്വീകരിച്ച് ഡോക്ടറേറ്റും നല്കി.
സുനില് പി. ഇളയിടം പില്ക്കാലത്താണ് പ്രഭാഷകനും പണ്ഡിതനുമായതെന്നും ദേശാഭിമാനിയില് ജോലിക്കാരനായിരുന്നുവെന്ന ഒറ്റക്കാരണമാണ് നിയമന യോഗ്യതയായതെന്നും അഡ്വ. എ. ജയശങ്കര് വിമര്ശിച്ചു. സുനില് ധര്മത്തേയും മാന്യതയേയും കുറിച്ച് പ്രഭാഷണങ്ങള് നടത്തുന്നതുകൊണ്ടാണ് ഈ കാര്യത്തില് പ്രതികരിക്കുന്നതെന്നും ജയശങ്കര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: