ശ്ലോകം 289
സ്വപ്രകാശമധിഷ്ഠാനം
സ്വയംഭൂയ സദാത്മനാ
ബ്രഹ്മാണ്ഡമപി പിണ്ഡാണ്ഡം
ത്യജ്യതാം മലഭാണ്ഡവത്
നിങ്ങള്‍ തന്നെ സ്വയം പ്രകാശവും സര്വാധിഷ്ഠാനവുമായ ബ്രഹ്മമായിത്തീര്‍ന്ന് ബ്രഹ്മാണ്ഡത്തേയും പിണ്ഡാണ്ഡത്തേയും മലഭാണ്ഡം പോലെ നന്നായി വെടിയണം. ശുദ്ധ ചൈതന്യമാണ് എല്ലാറ്റിനും അധിഷ്ഠാനമായിരിക്കുന്നത്. സ്വയം പ്രകാശകവുമാണ്. ഇതിനെ സ്വന്തം സ്വരൂപമായി സാക്ഷാത്കരിക്കണം. നമ്മളിലുള്ള ചൈതന്യത്തിന്റെ സാന്നിദ്ധ്യം കൊണ്ടാണ് സ്ഥൂല സൂക്ഷ്മ കാരണ ശരീരങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ചൈതന്യം ശരീരത്തില്‍ പ്രകടമാകുന്നില്ലെങ്കില്‍ ആ ശരീരം മരിച്ചു എന്നറിയണം. എല്ലാ ശരീരങ്ങളിലും കുടികൊള്ളുന്നതിനാലാണ് ശുദ്ധ ചൈതന്യത്തിനെ സര്‍വ അധിഷ്ഠാനമെന്ന് പറയുന്നത്.
14 ലോകങ്ങളുള്‍പ്പടെ എല്ലാ മടങ്ങുന്ന സമഷ്ടി ജഗത്തിനെയാണ് ബ്രഹ്മാണ്ഡമെന്ന് പറയുന്നത്. വ്യഷ്ടിയായ ജീവന് പിണ്ഡാണ്ഡമാണ്. ഇവ രണ്ടിനേയും വിട്ട് ബ്രഹ്മാനുഭൂതിയെ നേടണം. ഈ ശരീരം വെറും മലഭാണ്ഡമാണ്. മലം നിറച്ച നല്ലൊരു ഭാണ്ഡക്കെട്ട് തന്നെ. ചുമക്കുന്നത് മലമാണെങ്കില്‍ പിന്നെ അതില്‍ എത്ര താല്പര്യമുണ്ടാകും. അതിനെ വെറും നിസ്സാരമായി തള്ളിക്കളയണം.
ഒരു മടിയും കൂടാതെ മലീമസമായ ബ്രഹ്മാണ്ഡത്തേയും പിണ്ഡാഡത്തേയും ദൂരെ വെടിയുക തന്നെ വേണം.
ശ്ലോകം 290
ചിദാത്മനി സദാനന്ദേ
ദേഹാരൂഢാമഹം ധിയം
നിവേശ്യ ലിംഗമുത്സൃജ്യ
കേവലോ ഭവ സര്‍വ്വദാ
ദേഹം ഞാനാണെന്ന തോന്നല്‍ വെടിഞ്ഞ് സച്ചിദാനന്ദ സ്വരൂപിയായ ആത്മാവാണ് ഞാന്‍ എന്ന ഭാവം നിലനിര്‍ത്തുക. ലിംഗ ശരീരത്തെ വിട്ട് എല്ലായ്പ്പോഴും പൂര്ണ്ണാത്മാവായി നിലകൊള്ളണം.
ശരീരവുമായി നമുക്ക് വളരെയധികം താദാത്മ്യമുണ്ട്. ഞാന്‍ ശരീരം തന്നെയാണെന്ന ഉറച്ച ധാരണയിലാണ് നമ്മുടെ ജീവിതം. ഇത് വെറും തെറ്റിദ്ധാരണയാണ്. അത് മാറി സച്ചിദാനന്ദ സ്വരൂപമായ ആത്മാവാണ് ഞാന്‍ എന്ന ഭാവന ഉറയ്ക്കണം.
ഉണരുമ്പോള്‍, അതുവരെ ഉണ്ടെന്ന് തോന്നിയ സ്വപ്നശരീരം വെറും തോന്നലെന്ന് ബോധ്യമാകും. സ്വപ്നശരീരവുമായുള്ള താദാത്മ്യത്തിന് ഉറക്കമുണരും വരെ മാത്രമേ നിലനില്‍പ്പുള്ളൂ. സ്വപ്നാഭിമാനിയെ പിന്നെ കണ്ടു കിട്ടില്ല. സ്വപ്നഭിമാനി സ്വപ്നശരീരത്തോടു കൂടി ജാഗ്രത്തിലേക്ക് കടക്കുമ്പോള്‍ സ്വപ്ന മനസ്സും സ്വപണ്ടണ്ടണ്ട്നശരീരവും ജാഗ്രത് മനസ്സിലും ജാഗ്രത് ശരീരത്തിലും വിലയം പ്രാപിക്കും. ഇതു പോലെ ദേഹമാണ് ഞാന്‍ എന്ന തോന്നല്‍ വെടിഞ്ഞ് ആത്മസ്വരൂപമായി മാറണം. കേവല സച്ചിദാനന്ദ സ്വരൂപമാണത്. കേവലം എന്നാല്‍ ദേശം കാലം എന്നിവ കൊണ്ട് പരിമിതപ്പെടാത്തതാണ്.അത് അദ്വയവുമാണ്. സജാതീയമായും വിജാതീയമായും സ്വഗതവുമായ ഭേദങ്ങളൊന്നും ഇല്ലാത്തതാണന്ന് അറിയണം.
ആത്മജ്ഞാനത്താല്‍ അജ്ഞാനം നശിക്കുമ്പോള്‍ കൈവല്യം സഹജമായി വെളിവായി വിളങ്ങുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: