ഡോ.ഡെയ്സന്‍ പാണേങ്ങാടന്
അസി. പ്രഫസര്‍, സെന്റ് തോമസ് കോളേജ്, തൃശ്ശൂര്‍
പരസ്പരം കടിച്ചുകീറുന്ന രാഷ്ട്രീയക്കാര്‍ക്കിടയിലാണ്, നാമിന്ന് ജീവിക്കുന്നത്. ആശയപരമായ സംഘട്ടനങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്ക്കുമപ്പുറത്ത് വ്യക്ത്യാധിഷ്ഠിതമായി പരസ്പരം ആക്രമിക്കുന്ന ശൈലി നമ്മുടെ രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഇപ്പോള്‍ പതിവായിരിക്കുന്നു. നിഷ്ക്രിയമായ രാഷ്ട്രീയ വിമര്‍ശനങ്ങളില്‍ പെട്ടുഴലുന്ന നമ്മുടെ നാടിന്റെ പ്രത്യേക സംസ്കാരത്തില്‍ പക്ഷേ, കഴിഞ്ഞ ദിവസം രാജ്യസഭയിലുണ്ടായത് പുതിയൊരു തുടക്കമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രായോഗികതയില്‍ മാറ്റത്തിന്റെ മാറ്റൊലികള്‍ തുടങ്ങിയെന്നതിന്റെ ശുഭസൂചനകള്‍, നമുക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ സഭയ്ക്കകത്തേയും പുറത്തേയും ശക്തനായ വിമര്‍ശകനും കോണ്‍ഗ്രസ് നേതാവും രാജ്യസഭ പ്രതിപക്ഷനേതാവുമായ ഗുലാം നബി ആസാദ്, തന്റെ രാജ്യസഭയിലെ കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രിയുടെ കണ്ഠം ഇടറിയത് കഴിഞ്ഞ ദിവസം, മാധ്യമദ്വാരാ നാം കണ്ടതാണ്.കഴിഞ്ഞ ദിവസങ്ങളിലെ സാമൂഹ്യ മാധ്യമ ചര്‍ച്ചകളൊക്കെയും ഇതിന്റെ ചുവടുപിടിച്ചായിരുന്നു. ഇരുവരും ഗുജറാത്തിലേയും ജമ്മു കാശ്മീരിലെയും മുഖ്യമന്ത്രിമാരായിരിക്കെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഒരാപത്തു ഘട്ടത്തില്‍ ഗുജറാത്തില്‍ നിന്നുള്ള ഒരു യാത്രാ സംഘത്തെ സഹായിയ്ക്കാന്‍, പരസ്പരം സഹകരിച്ച് പ്രവര്‍ത്തിച്ച കാര്യം ഓര്‍മ്മിപ്പിച്ച്, മോദി നടത്തിയ പ്രസംഗവും ഉപയോഗിച്ച വാക്കുകളും പ്രകടിപ്പിച്ച വൈകാരികതയും നമ്മുടെ രാജ്യ ചരിത്രത്തില്‍, വേറിട്ട അടയാളപ്പെടുത്തലുകള്‍ തീര്‍ക്കുമെന്ന് തീര്‍ച്ച.
സംശയം വേണ്ട; രാഷ്ട്രീയപരമായി ശത്രുപക്ഷത്തുള്ള, മാധ്യമങ്ങള്‍ക്കു മുന്പിലെന്നും തനിയ്ക്കെതിരെ വിമര്‍ശന ശരങ്ങളുയര്ത്തിയ ഗുലാം നബി ആസാദ്, രാജ്യസഭയില്‍ നിന്നും വിരമിക്കുമ്പോള്‍, അദ്ദേഹത്തിന്റെ യാത്രയയപ്പു സമ്മേളനത്തില്‍ ഔദ്യോഗികതയ്ക്കായുള്ള പ്രകടനപരതയ്ക്കപ്പുറം, സ്വാഭാവികതയുടെ വിതുമ്പലോടെ യാത്രയാക്കിയ നമ്മുടെ പ്രധാനമന്ത്രി, ലോക ജനാധിപത്യത്തിനു തന്നെ മാതൃകയാണ്. നമ്മുടെ നാടിന്റെ ഔന്നത്യവുമാണ്. ‘സ്ഥാനങ്ങളും ഉയര്‍ന്ന പദവികളും വരും. അധികാരം വരും.എന്നാല്‍ ഇവയൊക്കെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് ഗുലാം നബി ആസാദിനെ കണ്ടു പഠിയ്ക്കണം. അദ്ദേഹം എനിയ്ക്ക് യഥാര്‍ത്ഥ സുഹൃത്താണ്.’ പ്രധാനമന്ത്രിയുടെ ആ വാക്കുകള്‍ എത്രയോ ഹൃദസ്പൃക്കായിരുന്നു.
പരസ്പരം ശത്രുപക്ഷത്തു നില്‍ക്കുമ്പോഴും രാഷ്ട്രീയപരമായി ആരോപണ-പ്രത്യാരോപണങ്ങളുന്നയിയ്ക്കുമ്പോഴും പരസ്പരം ബഹുമാനിയ്ക്കാനും അതു പരസ്യമായി പ്രകടിപ്പിക്കാനും പ്രധാനമന്ത്രി കാണിച്ച ആര്‍ജ്ജവം നമുക്കു മാതൃകയാണ്. ആര്‍ഷഭാരത സംസ്കാരത്തിന്റെ മുഴുവന്‍ മൂല്യങ്ങളെയും അത് ഉയര്ത്തിപ്പിടിയ്ക്കുന്നുണ്ടെന്ന കാര്യം നിസ്തര്‍ക്കം തന്നെ. രാഷ്ട്രീയം,വിഘടനത്തിന്റേതല്ല; മറിച്ച് സദ്ഭാവനയുടേയും സഹഗമനത്തിന്റെയും കൂടിയാണെന്ന ഇത്തരം ഓര്‍മ്മപ്പെടുത്തലുകളാണ് നമുക്ക് പ്രചോദനമേകേണ്ടത്.
ഈ തുടക്കം പുതിയൊരു മാത്യകയാണ് നമ്മെ പഠിപ്പിക്കുന്നത്. വ്യത്യസ്തതയിലും സഹകരണത്തിന്റെയും സമവായത്തിന്റേയും സാധ്യതകള്‍. ആ സാധ്യതകളെ പ്രായോഗികമാക്കാനുള്ള സാഹചര്യം നമ്മുടെ നാട്ടിലുമുണ്ടാകട്ടെ. അങ്ങിനെ ജനാധിപത്യത്തിന്റെ സൗന്ദര്യവും സൗരഭ്യവും നമുക്കെല്ലാം അനുഭവവേദ്യവുമാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: