കൊല്‍ക്കത്ത: ബംഗാളില്‍ തെരഞ്ഞെടുപ്പ് അവസാനിക്കും മുമ്പ തന്നെ മമതയും ജയ് ശ്രീറാം മന്ത്രം മുഴക്കിയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. രാമ നാമം കേള്‍ക്കുമ്പോള്‍ മമതയ്ക്ക് ദേഷ്യം വരുന്നു. ഇന്ത്യയിലല്ലാതെ പാക്കിസ്ഥാനിലാണോ രാമന്റെ മന്ത്രം മുഴങ്ങി കേള്‍ക്കേണ്ടതെന്ന് അദേഹം ചോദിച്ചു. കൂച്ച് ബെഹറില് ബിജെപി റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഉന്മൂലന രീതിക്കെതിരെ നരേന്ദ്രമോദിയുടെ വികസന സമവാക്യം ഉയര്‍ത്തിക്കാട്ടിയാണ് ബംഗാളില്‍ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അമിത് ഷാ പറഞ്ഞു. മമതയുടെ അക്രമ ഭരണം അവസാനിപ്പിച്ച് വികസനത്തിന്റെ പാതയിലേയ്ക്ക് ബംഗാളിനെ നയിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദേഹം പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മമത പ്രവര്‍ത്തിക്കുന്നത് മരുമകന് അഭിഷേക് ബാനര്‍ജിക്കുവേണ്ടിയാണെന്നും അമിത് ഷാ വിമര്‍ശിച്ചു.
ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയില്‍ മമത ബാനര്‍ജി സംസാരിക്കവെ കാണികള്‍ ജയ് ശ്രീറാം വിളിച്ചിരുന്നു. ഇത് കേട്ട് ക്ഷുഭിതയായി അവര്‍ പ്രസംഗം അവസാനിപ്പിച്ചു. ഇത് പരാമര്‍ശിച്ചായിരുന്നു അമിത് ഷായുടെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: