മക്കളേ,
സാധാരണയായി നമ്മള് എന്തു ചെയ്യുമ്പോഴും നമ്മുടെ മനസ്സ് ഈ നിമിഷത്തില്‍ നില്‍ക്കാറില്ല. എനിക്ക് നല്ലൊരു ഡോക്ടറാകുവാന്‍ പറ്റുമോ, നല്ലൊരു എഞ്ചിനീയറാകുവാന്‍ പറ്റുമോ, ബിസിനസ്സുകാരനാകുവാന്‍ പറ്റുമോ, അയല്‍ക്കാരെപ്പോലെ നല്ലൊരു വീടുവയ്ക്കുവാന്‍ പറ്റുമോ, ഏറ്റവും പുതിയ മോഡല്‍ കാറു വാങ്ങുവാന്‍ പറ്റുമോ, അങ്ങനെ ഭാവിയില്‍ നേടിയെടുക്കുവാനുള്ള നൂറുകൂട്ടം കാര്യങ്ങളോര്‍ത്ത് മനസ്സ് സദാ അസ്വസ്ഥപ്പെടുന്നു.
നമ്മളറിയാതെ മനസ്സ് ഭൂതകാലത്തിലേയേ്ക്കാ ഭാവികാലത്തിലേയ്ക്കോ, ഇപ്പോള്‍ മുമ്പിലില്ലാത്ത മറ്റു കാര്യങ്ങളിലേയ്ക്കോ പൊയ്ക്കൊണ്ടിരിക്കുന്നു. അതുകാരണം ഒരു നിമിഷംപോലും ശാന്തി അനുഭവിക്കുവാന്‍ നമുക്കാവുന്നില്ല. മൂര്‍ഖന്‍ പാമ്പിന്റെ മാളമുള്ള ഒരു മരത്തിന്‍ചുവട്ടില്‍ കിടക്കുന്ന ഒരാളുടേതുപോലെയാണ് നമ്മുടെ സ്ഥിതിയും. ഏതു നിമിഷവും തന്നെ പാമ്പുകൊത്തും, അതോടെ തന്റെ കഥ കഴിയും, എന്ന ഭീതി കാരണം അയാള്‍ക്ക് എങ്ങനെയാണ് സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുക. അതുപോലെയാണ് ഭാവിയെ പറ്റിയുള്ള ആകാംക്ഷ നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കുന്നത്.
ഒരിക്കല്‍ ഒരു വീട്ടമ്മ ഒരു ജോത്സ്യനെ കണ്ടു. ഭംഗിയായി പൊതിഞ്ഞ ജാതകം ജോത്സ്യന്റെ നേരെ നീട്ടി. ഭാവി കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ജോത്സ്യന് പൊതി തുറന്ന് അതു പുറത്തെടുത്തു. അതില്‍ നോക്കി കണക്കുകൂട്ടി പറഞ്ഞു, ”നിങ്ങളുടെ ഭര്‍ത്താവ് ഈയിടെ പെന്‍ഷനായി അല്ലേ?” ആശ്ചര്യത്തോടെ വീട്ടമ്മ പറഞ്ഞു, ”അതെ”. ജോത്സ്യന് വീണ്ടും അല്പനേരം നോക്കിയശേഷം പറഞ്ഞു, ”നിങ്ങളുടെ മൂത്ത കുട്ടി ആണാണ് അല്ലേ?” അമ്പരപ്പോടെ വീട്ടമ്മ പറഞ്ഞു, ”ശരിയാണ്.” ജോത്സ്യനില്‍ അവര്‍ക്കുള്ള മതിപ്പും വിശ്വാസവും വര്‍ദ്ധിച്ചു. ”ഇളയതു പെണ്‍കുട്ടിയാണ്. അവള്‍ക്കു കല്യാണപ്രായമായല്ലോ”.”അതെ അതെ.” വര്‍ദ്ധിച്ച സന്തോഷത്തോടെ വീട്ടമ്മ ചോദിച്ചു, ”അവള്‍ക്കു താമസിയാതെ നല്ലൊരു ഭര്‍ത്താവിനെ കിട്ടുമോ?” ജോത്സ്യന് ഒന്നു പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു, ”നിങ്ങള്‍ തന്ന റേഷന്‍ കാര്‍ഡ് വച്ച് ഇത്രയേ പറയാന്‍ പറ്റൂ, അടുത്ത തവണ വരുമ്പോള്‍ ജാതകം കൊണ്ടുവരാന്‍ മറക്കല്ലേ.” ഭാവിയെക്കുറിച്ചുള്ള ആകാംക്ഷ കാരണം കയ്യിലെടുത്തത് ജാതകമാണോ റേഷന്‍കാര്‍ഡാണോ എന്നു ശ്രദ്ധിക്കുവാന്‍പോലുമുള്ള മനഃസാന്നിദ്ധ്യം അവര്‍ക്ക് നഷ്ടമായി. അതുകാരണം അവരുടെ എത്രയോ പ്രയത്നവും സമയവും പാഴായി. ശോകമോഹങ്ങളില്‍ പെടുമ്പോള്‍ ഇതുതന്നെയാണ് നമുക്കും സംഭവിക്കുന്നത്.
ഭാവിയെക്കുറിച്ചുള്ള ആശങ്ക നമ്മളെ ശ്മശാനത്തിലേയ്ക്ക് കൊണ്ടുചെന്നെത്തിക്കുമെന്നു പറയാറുണ്ട്. സത്യത്തില്‍ ഭാവിയെക്കുറിച്ച് നമ്മള് ആധികൊള്ളേണ്ട കാര്യമില്ല. നമ്മുടെ ഭൂതകാലം തന്നെ അതു സമര്‍ത്ഥിക്കുന്നു. കാരണം ഭൂതകാലത്തില്‍ നമ്മള് എന്തെല്ലാം ഓര്‍ത്ത് ആധി പിടിച്ചിരിക്കുന്നു. എന്നാല്‍ ആ ആധികളില്‍ തൊണ്ണൂറു ശതമാനവും വെറുതെയായിരുന്നുവെന്ന് തിരിഞ്ഞുനോക്കിയാല്‍ നമുക്കു കാണുവാന്‍ കഴിയും. അതിനാല്‍ ഭാവിയും വലിയ കുഴപ്പമൊന്നുമില്ലാതെ കടന്നുപോകും എന്ന ശുഭപ്രതീക്ഷ പുലര്‍ത്തുന്നതാണ് അഭികാമ്യം. പിന്നെ, ഉയര്‍ച്ചയും താഴ്ചയും ജീവിതത്തിന്റെ സ്വഭാവമാണ്. എത്ര ശ്രമിച്ചാലും അവയെ ഒഴിവാക്കുവാന്‍ നമുക്കാവില്ല. ദുഃഖങ്ങളെ ആത്മസംയമനത്തോടെ സ്വീകരിക്കുവാന്‍ നമുക്കു കഴിയണം. മനസ്സു ശാന്തമായിരുന്നാല്‍ മാത്രം മതി ഏതു പ്രശ്നത്തെയും കൂടുതല്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യുവാന്‍ നമുക്കു കഴിയും.
കഴിഞ്ഞതിനെ ഓര്‍ത്ത് ദുഃഖിക്കുകയും നിരാശപ്പെടുകയും അരുത്. അതുപോലെതന്നെ നാളെ ഒരിക്കലും ഇന്നാകില്ല. ഈ നിമിഷമാണ് നമ്മുടെ കയ്യില്‍ ഉള്ളത്. ഈ നിമിഷത്തെ എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്.
ദുഃഖത്തെ ജയിക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി ദുഃഖത്തിനു കാരണമായ ഓര്‍മ്മകളില്‍നിന്നും ആധികളില്‍നിന്നും ഈ നിമിഷത്തെ സ്വതന്ത്രമാക്കുക എന്നതാണ്. മനസ്സിന്റെ സഹജസ്വഭാവം ശാന്തിയും ആനന്ദവുമാണ്. ചിന്തകളാകുന്ന തിരകളെ പുതുതായി സൃഷ്ടിക്കാതിരുന്നാല്‍ ആ സ്വാഭാവിക ആനന്ദം നുകരുവാന്‍ നമുക്കു കഴിയും. അങ്ങനെയുള്ള ശാന്തമായ മനസ്സോടെ വിവേകപൂര്‍വ്വം കര്‍മ്മം ചെയ്യുക. അപ്പോള്‍ ഭാവിയും ഭദ്രമായിത്തീരും. ജീവിതവിജയം നമ്മുടേതാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: