വടക്കാഞ്ചേരി: സംസ്ഥാന സര്‍ക്കാരിന്റെ പിന്‍വാതില്‍, ബന്ധു നിയമനങ്ങള്‍ക്കെതിരെ യുവമോര്‍ച്ച വടക്കാഞ്ചേരി മണ്ഡലത്തിന്റെ നേതൃത്വത്തില്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഓട്ടുപാറ സെന്ററില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പരിസരത്ത് വെച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ ധര്‍ണ്ണ യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ ഇ.പി. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.
പിഎസ്സി എന്ന സര്‍ക്കാര്‍ സ്ഥാപനത്തെ രാഷ്ട്രീയവത്കരിച്ച് ബന്ധു നിയമനങ്ങള്‍ നടത്തി ആയിരക്കണക്കിന് സാധാരണക്കാരായ ഉദ്യോഗാര്‍ത്ഥികളെ റാങ്ക് ലിസ്റ്റിന് പുറത്തേക്കു തള്ളുന്ന പിണറായി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ യുവമോര്‍ച്ച ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. തൊഴിലില്ലായ്മ പെരുകുന്ന സമൂഹത്തില്‍ രാഷ്ട്രീയ തിമിരം ബാധിച്ച സര്‍ക്കാര്‍ യുവജനങ്ങള്‍ക്കെതിരെ പുതിയൊരു പോര്‍മുഖം തുറക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അനില്‍കുമാര്‍ വേലായുധന് അധ്യക്ഷനായി. ബിജെപി നിയോജക മണ്ഡലം സെക്രട്ടറി എസ്.രാജു, യുവമോര്‍ച്ച മണ്ഡലം കമ്മറ്റി അംഗം കെ.വി. വിജീഷ്, മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് എം. നിഖില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: