തൃശൂര്‍: സൈബര്‍ ആക്രമണത്തില്‍ തളര്‍ന്ന് സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ഈ ജോലി കിട്ടിയില്ലെങ്കില്‍ കൂലിപ്പണിക്കു പോയാലും ഇനി പിഎസ്സി പരീക്ഷ എഴുതില്ലെന്നും ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് റാങ്ക് ഹോള്‍ഡേഴ്സ് നേതാവ് തൃശൂര്‍ ഒളരി സ്വദേശിനി ലയ രാജേഷ്. അര്‍ഹതപ്പെട്ട ജോലിയ്ക്ക് വേണ്ടിയാണ് സമരം.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ചട്ടുകമായല്ല താന്‍ പ്രവര്‍ത്തിക്കുന്നത്. സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ല. സൈബര്‍ ആക്രമണത്തിലൂടെ തനിക്ക് ഇപ്പോള്‍ ആത്മവിശ്വാസം വര്‍ദ്ധിച്ചു. ജോലിക്കു വേണ്ടി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സിന്റെ പോരാട്ട പ്രതീകമായി മാറിയ ലയ രാജേഷ് ‘ജന്മഭൂമി’യോട് പറഞ്ഞു.
സമരത്തിനിടെ തന്നെപ്പോലെ നിയമനം കാത്തു കഴിയുന്ന മറ്റൊരു പെണ്‍കുട്ടി വന്നു കെട്ടിപ്പിടിച്ചപ്പോള്‍ നിയന്ത്രണം വിട്ടു ലയ കരയുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരുടെ നൊമ്പരമായി മാറിയിരുന്നു. ലയ കരയുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ നാടകമാണിതെന്ന് പറഞ്ഞാണ് സൈബര്‍ ആക്രമണത്തിലൂടെ സിപിഎം അനുകലികള്‍ ഇതിനെ നേരിട്ടത്. കരഞ്ഞതു നാടകമാണെന്നും ലയ കോണ്ഗ്രസുകാരിയാണെന്നുമായിരുന്നു ആരോപണം. കരഞ്ഞതിന്റെ പേരില്‍ തന്നെ ഇത്ര ഉയര്‍ത്തികൊണ്ടു വരുമെന്ന് വിചാരിച്ചില്ല. സൈബര്‍ ആക്രമണം തനിക്കെതിരെ വളരെ നല്ലരീതിയില്‍ തന്നെ നടക്കുന്നുണ്ട്. അശ്ലീലച്ചുവയുള്ള പദങ്ങള്‍ ഉപയോഗിച്ച് മലയാള ഭാഷയെ അപമാനിക്കും പറ്റുമെന്ന് ഇപ്പോള്‍ തനിക്ക് മനസിലായി. ആരുടെയും കമന്റ്സിന് മറുപടി നല്‍കുന്നില്ല. അവരുടെ ശൈലിയായിരിക്കാം അത്.
സമൂഹ മാധ്യമങ്ങളില്‍ വരുന്ന കമന്റുകളെല്ലാം എന്റെ രാഷ്ട്രീയത്തെയും കുടുംബ പശ്ചാത്തലത്തെയും കുറിച്ചാണ്. അതൊന്നുമല്ല ഇവിടെ ഇപ്പോള്‍ വിഷയം. രണ്ടര വര്‍ഷം മുമ്പിറങ്ങിയ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട തനിക്കു ജോലി കിട്ടേണ്ട സമയം കഴിഞ്ഞു. തങ്ങള്‍ക്കിതു രാഷ്ട്രീയ സമരമല്ല, ജീവിതം വച്ചുള്ള പോരാട്ടമാണ്. തങ്ങള്‍ക്കു വേണ്ടത് അധികാരമല്ല, അര്‍ഹമായ ജോലിയാണ്. അതിനാണു കഷ്ടപ്പാടെല്ലാം സഹിച്ചു സമരം ചെയ്യുന്നത്. കാരുണ്യം താല്‍ക്കാലിക ജീവനക്കാരോടു മാത്രമല്ല, ഞങ്ങള്‍ സാധാരണക്കാരോടും വേണം. എത്ര വര്‍ഷം പഠിച്ചിട്ടാണ് ഒരു റാങ്ക് ലിസ്റ്റില്‍ ഇടം നേടുന്നത്. പിന്‍വാതില്‍ നിയമനങ്ങള്‍ ഇഷ്ടം പോലെ നടത്തുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് തങ്ങളുടെ ജോലി തടഞ്ഞു വയ്ക്കുന്നുവെന്ന് ആലോചിക്കുമ്പോള്‍ അറിയാതെ തന്നെ ചിലപ്പോള്‍ കരഞ്ഞു പോകുമെന്ന് ലയ പറഞ്ഞു.
നിര്‍ധന കുടുംബമാണ് തന്റേത്. വീട്ടുകാരുടെയും തന്റെയും വര്‍ഷങ്ങളായുള്ള സ്വപ്നമാണ് സര്‍ക്കാര്‍ ജോലി. 31-ാം വയസില്‍ അരണാട്ടുകരയിലെ വായനശാലയില്‍ പിഎസ്സി പരിശീലനത്തിനു പോയി. 2017-ലായിരുന്നു പിഎസ്സി പരീക്ഷ. 2018-ല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലാസ്റ്റ് ഗ്രേഡില്‍ ജില്ലയില്‍ 583-ാം റാങ്കാണ് തനിയ്ക്ക്. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഉടന്‍ തീരും. വളരെ കഷ്ടപ്പെട്ട് പഠനത്തിനൊപ്പം പല പണികള്‍ ചെയ്ത് റാങ്ക് ലിസ്റ്റ് വരെ എത്തിയ താന്‍ ജോലി കിട്ടാത്ത ദു:ഖത്തില്‍ നിയന്ത്രണം വിട്ടാണു സമരത്തിനിടെ കരഞ്ഞത്. കുടുംബശ്രീ പ്രവര്‍ത്തകയായ ലയ കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്പ്പറേഷന് സിവില്‍ സ്റ്റേഷന് ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 147 വോട്ട് നേടിയിരുന്നു. കുടുംബശ്രീ വഴി തൂപ്പുജോലിക്കും അപേക്ഷിച്ചിട്ടുണ്ടെന്ന് ലയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: