മുംബൈ: അപൂര്‍വരോഗം പിടിപെട്ട് ഗുരുതരാവസ്ഥയിലായ അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന് രക്ഷിക്കാനുള്ള മരുന്ന് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനു ആറു കോടി രൂപയുടെ നികുതി ഒഴിവാക്കി നല്കിയ കേന്ദ്രസര്‍ക്കാരിന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ പ്രശംസ. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.
ടീര കമത്ത് എന്ന പിഞ്ചുകുഞ്ഞിന് സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്എംഎ) ടൈപ്പ്-1 എന്ന അപൂര്‍വരോഗം മൂലം കടുത്ത യാതന അനുഭവിക്കുകയായിരുന്നു. ഞെരമ്പുകള്‍ പ്രവര്‍ത്തനക്ഷമമല്ലാതായി മസിലുകള്‍ ചലിക്കാതെയാവുകയും ചെയ്തിനെത്തുടര്‍ന്ന് സബര്‍ബന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ടീര കമത്തിന്റെ മാതാപിതാക്കളായ പ്രിയങ്കയും മിഹിറും കഴിഞ്ഞ ഒക്ടോബറിലും ജനുവരിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തങ്ങളുടെ പിഞ്ചുമകളുടെ രോഗവിവരങ്ങള്‍ പങ്കുവച്ചിരുന്നു. മരുന്നുകളുടെ ഇറക്കുമതി ചുങ്കവും ജിഎസ്ടിയും ഒഴിവാക്കി നല്‍കണമെന്നഭ്യര്‍ഥിച്ചിരുന്നു. സോള്‍ജെന്‍സ്മ എന്ന മരുന്നാണ് സ്പൈനല്‍ മസ്കുലര്‍ അട്രോഫിക്ക് ആവശ്യമായുള്ളത്. മരുന്ന് അമേരിക്കയില്‍ നിന്നായിരുന്നു ഇറക്കുമതി ചെയ്യേണ്ടിയിരുന്നത്. 23 ശതമാനം ഇറക്കുമതി ചുങ്കവും 12 ശതമാനം ജിഎസ്ടിയും മാത്രം ആറു കോടി വരുമായിരുന്നു. ഇതുള്‍പ്പടെ മരുന്നിന്റെ വില 16 കോടിയായിരുന്നു. ജനങ്ങളുടെ സഹായത്താല്‍ 75 ദിവസം കൊണ്ട് 12 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു.
സാധാരണക്കാരായ തങ്ങള്‍ക്ക് ഇത്രയും വലിയ നികുതി നല്കി മരുന്ന് ഇറക്കുമതി ചെയ്യുവാന്‍ സാധിക്കുമായിരുന്നില്ലായെന്ന് പ്രിയങ്കയും മിഹിറും പറയുന്നു. പാവപ്പെട്ടവരായിരുന്നെങ്കിലും ബിപിഎല്‍ ആണെന്ന് തെളിയിക്കുന്ന യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ബിപിഎല്‍ വിഭാഗത്തിന് ലഭിക്കുന്ന ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കുമായിരുന്നില്ല. ഇവര്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വിവരങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കുകയായിരുന്നു. മരുന്നുകള്‍ വൈകിയാല്‍ കുട്ടിയുടെ ജീവന് തന്നെ ആപത്തിലാകും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദേവേന്ദ്ര ഫഡ്നാവിസും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇറക്കുമതി ചുങ്കവും ജിഎസ്ടിയും ഒഴിവാക്കി മരുന്ന് എത്തിക്കാനുള്ള സാഹചര്യമുണ്ടാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: