ന്യൂദല്‍ഹി : ഗല്‍വാനില്‍ ഇന്ത്യയുമായി നടത്തിയ സംഘര്‍ഷത്തില്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ടാസ്. ഇന്ത്യ- ചൈന സംഘര്‍ഷവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതോടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചൈന ഉയര്‍ത്തിയ വാദഗതികളെല്ലാം പൊളിയുകയാണ്.
2020 ജൂണ്‍ 15 ന് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില് ഇന്ത്യന്‍ സൈനികരുമായുള്ള ഏറ്റുമുട്ടലിലാണ് ഇത്രയും സൈനികര്‍ കൊല്ലപ്പെട്ടതായി പറയുന്നത്. സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ സംഭവങ്ങളെത്തുടര്‍ന്ന് ന്യൂദല്‍ഹിയും ബീജിങ്ങും ഈ മേഖലയില്‍ 50,000 ത്തോളം സൈനികരെ വിന്യസിച്ചു.
ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ മുപ്പത്തഞ്ചോളം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് നേരത്തെ അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. സംഘര്‍ഷത്തില്‍ 15 ബീഹാര്‍ റെജിമെന്റിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ സന്തോഷ് ബാബു ഉള്‍പ്പെടെയുള്ളവര്‍ വീരമൃത്യു വരിച്ചിരുന്നു. സന്തോഷ് ബാബുവിന് രാജ്യം യുദ്ധകാലത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ മഹാവീര്‍ ചക്ര നല്കി ആദരിച്ചു.
അതേസമയം ഇന്ത്യ സത്യസന്ധമായി കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോഴും ചൈന അവരുടെ സൈനികരുടെ മരണം സ്ഥിരീകരിച്ചിരുന്നില്ല. പാങ്ങോങ് ത്സോ തടാകത്തിന് സമീപം പങ്കിട്ട അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യന്‍, ചൈനീസ് സൈനികര്‍ പിരിച്ചുവിടാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ടാസ് ഈ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തു വിട്ടത്. കരസേന കമാന്‍ഡര്‍മാരുടെ തലത്തില്‍ ഒമ്പതാം ഘട്ട ചര്‍ച്ചകള്‍ക്കിടെ നേടിയ കരാറുകള്‍ക്കനുസൃതമായി അതിര്‍ത്തിയില്‍ നിന്ന് പിന്മാറാന് ഇരു രാജ്യവും തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: