കൊച്ചി : കാലടി സര്‍വ്വകലാശാല മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് പിന്നാലെ ഫിലോസഫി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ നിയമനവും വിവാദത്തില്‍. മുസ്ലിം സംവരണം അട്ടിമറിച്ച് ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്തിരുന്ന അധ്യാപികയെ സ്ഥിരപ്പെടുത്തിയെന്നാണ് ആരോപണം.
ഇതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥി നല്‍കിയ ഹര്‍ജിയില്‍ സര്‍വ്വകലാശാലയുടെ നടപടികള്‍ ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു. ലിസ്റ്റ് അട്ടിമറിച്ച് സിപിഎം നേതാവ് എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമിച്ചതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉടലെടുത്തിരിക്കേയാണ് അടുത്ത നിയമന വിവാദവും പുറത്തുവന്നിരിക്കുന്നത്. 2012 മുതല്‍ ഫിലോസഫി ഡിപ്പാര്‍ട്ട്‌മെന്റില്‍ ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്യുന്ന അധ്യാപികയെ 2019 ലെ മുസ്ലിം സംവരണ ഒഴിവില്‍ സ്ഥിരപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി.
എട്ട് വര്‍ഷമായി ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്യുകയാണെന്നും ഇനി സ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അധ്യാപിക ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആദ്യം ഹര്‍ജി തള്ളിയെങ്കിലും പുനഃപരിശോധനയില്‍ സര്‍വകലാശാലയ്‌ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് വിധി വന്നു. ഇതോടെ 2019 ലെ മുസ്ലിം സംവരണം അട്ടിമറിച്ചുകൊണ്ട് സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് അധ്യാപികയെ സ്ഥിരപ്പെടുത്തുകയായിരുന്നു.
എന്നാല്‍ കോടതി വിധി തെറ്റായി വ്യാഖാനിക്കുകയായിരുന്നെന്നും സിന്‍ഡിക്കേറ്റ് നടപടിക്കെതിരെ ഉദ്യോഗാര്‍ത്ഥി ഡോ. താരിഖ് ഹുസൈന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. തുടര്‍ന്ന് അന്തിമ വിധി വരുന്നത് വരെ അധ്യാപികയെ സ്ഥിരപ്പെടുത്തിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
മുസ്ലിം സംവരണം അട്ടിമറിച്ചല്ല അധ്യാപികയെ സ്ഥിരപ്പെടുത്തിയതെന്നും കോടതി വിധി നടപ്പിലാക്കിയതാണെന്നും വൈസ് ചാന്‍സലര്‍ ധര്‍മരാജ് അടാട്ട് പ്രതികരിച്ചു. 2019 ലെ ഫിലോസഫി ഡിപ്പോര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനം റോസ്റ്റര്‍ പ്രകാരം മുസ്ലിം സംവരണമാണെന്ന വിവരാവകാശ രേഖയും പുറത്തുവന്നിട്ടുണ്ട്. ഇതോടെ മലയാളം വിഭാഗത്തിന് പിന്നാലെ ഫിലോസഫി അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനെതിരെയും പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.
അതേസമയം വിവാദത്തില്‍ തനിക്ക് പങ്കില്ലെന്നാണ് അധ്യാപികയുടെ പ്രതികരണം. മുസ്ലിം സംവരണം അട്ടിമറിച്ചു കൊണ്ട് ജോലിയില്‍ സ്ഥിരപ്പെടാന്‍ ശ്രമിച്ചിട്ടില്ല. ആരോപണങ്ങള്‍ നിയമപരമായി നേരിടുമെന്നും അധ്യാപിക അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: