ഗുവാഹത്തി: ദേശീയ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ സമാപന ദിനത്തില്‍ കേരളം രണ്ട് സ്വര്‍ണവും മൂന്ന് വെളളിയും നേടി. ഇതോടെ ഒമ്പത് സ്വര്‍ണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവും ലഭിച്ച കേരളം നാലാം സ്ഥാനം നേടി. ഹരിയാനയാണ് ഓവറോള്‍ ചാമ്പ്യന്‍. 21 സ്വര്‍ണവും 20 വെളളിയും 14 വെങ്കലവും ലഭിച്ചു. തമിഴ്നാട് (13 സ്വര്‍ണം, 12 വെള്ളി, 12 വെങ്കലം) രണ്ടാം സ്ഥാനവും ഉത്തര്‍പ്രദേശ് (13 സ്വര്‍ണം, 8 വെള്ളി, 14 വെങ്കലം) മൂന്നാം സ്ഥാനവും സ്വന്തമാക്കി.
അണ്ടര്‍-20 വനിതകളുടെ 200 മീറ്ററില്‍ ആന്‍സി സോജനും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിഷ്ണു പ്രിയയുമാണ് ഇന്നലെ കേരളത്തിനായി സ്വര്‍ണം സ്വന്തമാക്കിയത് . ഇരുനൂറ് മീറ്റര്‍ 24.51 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ആന്‍സി ഒന്നാം സ്ഥാനം നേടിയത്. ആന്‍സി സോജന്റെ രണ്ടാം സ്വര്‍ണമാണിത്. ആദ്യ ദിനത്തില്‍ ലോങ് ജമ്പില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. വിഷ്ണുപ്രിയ 1:01.69 സെക്കന്‍ഡിലാണ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒന്നാം സ്ഥാനം നേടിയത്.
അണ്ടര്‍ -18 ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഭരത്രാജ്, അണ്ടര്‍- 18 പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലക്ഷ്മിപ്രിയ, അണ്ടര്‍-18 ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ റിജോയ് എന്നിവരാണ് വെള്ളി മെഡലുകള്‍ നേടിയത്.
1.99 മീറ്റര്‍ ചാടിയാണ് ഭരത് രാജ് ഹൈജമ്പില്‍ രണ്ടാം സ്ഥാനം നേടിയത്. അണ്ടര്‍- 18 പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ് 1:05.99 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ലക്ഷ്മി പ്രിയ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.
അണ്ടര്‍-18 ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ 3: 53.66 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് റിജോയ് വെള്ളി മെഡല്‍ നേടിയത്. ഈ ഇനത്തില്‍ മധ്യപ്രദേശിന്റെ അര്ജുന് പതിയ മീറ്റ് റെക്കോഡോടെ (3: 50.38 സെക്കന്‍ഡ്) സ്വര്‍ണം കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: