വികാസ് നാരോണ്‍
അനധികൃത സ്വത്തു സമ്പാദന കേസില്‍ നാലു വര്‍ഷത്തെ ജയില്‍ വാസത്തിനും, തുടര്‍ന്നുള്ള രണ്ടാഴ്ചത്തെ കോവിഡ് ചികിത്സയും കഴിഞ്ഞ് തോഴി ശശികല തമിഴ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ്. വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയാണ് ചിന്നമ്മയുടെ വരവ്. തന്റെ വാഹനത്തിനു മുകളില്‍ കെട്ടിയ പാര്‍ട്ടി കൊടിയാണ് വിവാദം ഉണ്ടാക്കിയത്. പാര്‍ട്ടിയില്‍ പ്രാഥമിക അംഗത്വം പോലുമില്ലാത്ത ശശികല പാര്‍ട്ടി കൊടി എങ്ങനെയാണ് ഉപയോഗിക്കുക എന്ന് എഐഎഡിഎംകെ നേതാക്കള്‍ ചോദിക്കുമ്പോള്‍ ശശികല ഇപ്പൊഴും പാര്‍ട്ടിയുടെ ആജീവനാന്ത സെക്രട്ടറിയാണെന്ന് മരുമകന് ടി.ടി.വി. ദിനകരന് തിരിച്ചടിക്കുന്നു. താന്‍ തന്നെയാണ് ഇപ്പോഴും പാര്‍ട്ടി സെക്രട്ടറി,താനാണ് അമ്മയുടെ യഥാര്‍ത്ഥ പിന്‍ഗാമി എന്ന വ്യക്തമായ സന്ദേശം നല്‍കിയാണ് ശശികലയുടെ വരവ്.
ജയലളിതയുടെ പിന്‍ഗാമി പട്ടത്തിനു വേണ്ടിയുള്ള ‘കുടുംബ വഴക്ക്’ വീണ്ടും സജീവമാവുകയാണ്. എഐഎഡി എംകെ എന്ന ദ്രാവിഡ പാര്‍ട്ടി ഇന്നു വരെ നേടിയ എല്ലാ നേട്ടങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചത് എംജിആറിന്റെയും ജയലളിതയുടെയും താര പരിവേഷവും അവര്‍ പയറ്റിയ രാഷ്ടീയ തന്ത്രങ്ങളുമായിരുന്നു. എംജിആറിന്റെ മരണശേഷം, എഐഎഡിഎംകെയുടെ ചോദ്യം ചെയ്യാനാവാത്ത നേതാവായി ജയലളിത ഉയര്‍ന്നത്, താരപരിവേഷവും കഠിനാദ്ധ്വാനവും കൊണ്ട് മാത്രമാണ്. 1989 മുതല്‍ 2016 വരെ ജയലളിത പാര്‍ട്ടിയുടെ സര്‍വ്വാധിപതിയായി പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ചു. തനിക്ക് ശേഷം ആരാണ് പാര്‍ട്ടിയില്‍ തന്റെ പിന്‍ഗാമി എന്ന വ്യക്തമായ സൂചന ജയലളിത ഒരിക്കലും നല്‍കിയിരുന്നില്ല. ജയലളിതയുടെ മരണശേഷമുള്ള ശൂന്യതയില്‍ പിന്‍ഗാമി പട്ടത്തിനു വേണ്ടിയുള്ള നേതാക്കളുടെ തമ്മിലടിയാണ് കാണാന്‍ കഴിഞ്ഞത്.
അമ്മയും മരണത്തോടെ. എഐഎഡിഎംകെ വലിയ ഒരു രാഷ്ട്രീയ പ്രതിസന്ധിയാണ് നേരിട്ടത്. ജയലളിതയുടെ വിയോഗത്തോടെ നേതാവില്ലാതെ അത് മുങ്ങിത്താഴാന്‍ തുടങ്ങി. ഡിഎംകെയുടെ അവസ്ഥ ഭദ്രമായിരുന്നു. തമിഴ് സ്വത്വത്തെ, ഉപയോഗിച്ച് വളര്‍ന്ന കരുണാനിധി സ്റ്റാലിനെ വളര്‍ത്തിക്കൊണ്ടുവന്നു. പിന്‍ഗാമി പട്ടം സ്റ്റാലിന് ഭംഗിയായി ഉപയോഗിച്ചു. 2019ലെ ലോകസഭ തിരഞ്ഞെടുപ്പില്‍, 39ല്‍ 38 സീറ്റും സ്റ്റാലിന്റെ ഡിഎംകെ നേടിയെടുത്തു.
ഡിഎംകെയുടെ വിജയം എഐഎഡിഎംകെ നേതൃത്വത്തിന് ചില പാഠങ്ങള്‍ പഠിക്കാനുള്ള അവസരമാണ് നല്‍കിയത്. തമിഴ് രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടപ്പെടാതിരിക്കാന്‍ തമ്മില്‍ തല്ല് അവസാനിപ്പിച്ചേ പറ്റൂ എന്ന സത്യം വളരേ വേഗം സ്വായത്തമാക്കിയ ഒപിഎസ്-ഇപിഎസ് വിഭാഗങ്ങള്‍ ലയിച്ചു. അധികമാരും അറിയപ്പെടാതിരുന്ന പളനി സ്വാമി എഐഎഡിഎംകെയുടെ മുഖ്യമന്ത്രിയായി മാറി.
വെള്ളപ്പൊക്ക ദുരന്ത സമയത്തും കോവിഡ് വ്യാപന കാലത്തും സ്തുതാര്ഹ്യമായ പ്രവര്‍ത്തനത്തിലുടെ ജനശ്രദ്ധ പിടിച്ചെടുത്തു പളനി സ്വാമി. കേന്ദ്രവുമായി നല്ല ബന്ധം പുലര്‍ത്തി. താരപരിവേഷ പിന്തുണയില്ലാതെ ഭരണപിന്തുണയോടെയുള്ള ക്രിയാത്മക രാഷ്ടീയ തന്ത്രങ്ങളിലൂടെ ഡിഎംകെക്ക് ശക്തമായ ഒരു എതിരാളിയാവാനുള്ള തലത്തില്‍ എത്തിച്ചേര്‍ന്നു എഐഎഡിഎംകെ.
ഈ നേട്ടങ്ങളുടെ മുഴുവന്‍ ഫലവും അമ്മയുടെ തോഴിയെന്ന പേരില്‍ തട്ടിയെടുക്കാന്‍ ചിന്നമ്മയെ ഒപിഎസ്, ഇപിഎസ് വിഭാഗങ്ങള്‍ അനുവദിക്കില്ല. അമ്മയെ അനുകരിച്ച്, അമ്മ സഞ്ചരിക്കുന്ന പോലെ യാത്ര ചെയ്ത്, അമ്മ അണിയുന്ന പച്ച നിറത്തിലുള്ള സാരി ചുറ്റി അമ്മയുടെ സ്മരണകള്‍ ജനമനസ്സിലുണര്ത്തക്ക ‘റോഡ് ഷോ’ ആസൂത്രണം ചെയ്താണ് ശശികല ജനഹൃദയം കവരാനെത്തുന്നത്. ശശികലക്ക് ആദ്യ പിന്തുണ നല്കി മുന്‍ മന്ത്രി പളനിയപ്പന്‍ കളം നിറഞ്ഞു നില്‍ക്കുന്നുണ്ട്. ജയില്‍ വാസകാലത്ത് നല്ല ഗൃഹപാഠത്തിലൂടെ കരുക്കള്‍ നീക്കുകയാണ് ശശികലയെന്നാണ് തമിഴകത്തുനിന്നുള്ള വാര്‍ത്തകള്‍. തമിഴ്നാട്ടിനെ വീണ്ടും പഴയ താരാരാധനാ തലത്തിലേക്ക് കൊണ്ടുപോവുകയാണ് ശശികലയും സംഘവും. ജയലളിതയുടെ അഭാവത്തില്‍ എംജിആറിന്റെ പിന്‍ഗാമിയായി ജയലളിതയുടെ സ്ഥാനം നേടാനാണ് ഇവരുടെ പുറപ്പാട്. ശക്തമായ ഒരു രാഷ്ട്രീയ പ്രവേശനം പലകാരണങ്ങളാലും മാറ്റിവെയ്ക്കുന്ന സൂപ്പര്‍ സ്റ്റാര്‍ രജനി, സ്ത്രീകള്‍ക്ക് ആകര്‍ഷകമായ വാഗ്ദാനം നല്കി രംഗത്തു വന്ന കമലഹാസനും തമിഴ് രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നാണ് നിരീക്ഷക്കപ്പെടുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി അഴിമതിയുടെ ഒരു ലാഞ്ചനപോലുമില്ലാതെ ശക്തമായ ഭരണം നടത്തുന്ന മോഡി സര്‍ക്കാറിന്റെ ഭരണത്തെ രജനി ബഹുമാനത്തോടെയാണ് കാണുന്നത്. കമലഹാസന് എംഎന്‍എം വോട്ടര്‍മാരിലെ വലിയ വിഭാഗമായ സ്ത്രീകളെ കൈയ്യിലെടുക്കാന്‍ സ്ത്രീകള്‍ ചെയ്യുന്ന വീട്ടുജോലി സര്‍ക്കാര്‍ അംഗീകരിച്ച് അവര്‍ക്ക് ശമ്പളം കൊടുക്കുന്ന പദ്ധതിയാണ് മുന്നോട്ടു വയ്ക്കുന്നത്.
വെറും രണ്ട് ദ്രാവിഡ കക്ഷികള്‍ മാത്രമായ നിറഞ്ഞു നിന്ന തിരഞ്ഞെടുപ്പു ഗോദയില്‍ പുതിയ കളിക്കാരും പുതിയ താല്പര്യങ്ങളും തിങ്ങി നിറഞ്ഞപ്പോള്‍ ഈ പുതിയ വാഗ്ദാനം കമലാഹാസന് ആവശ്യമായ ശ്രദ്ധ നേടിക്കൊടുത്തിട്ടുണ്ട്. വ്യത്യസ്തമായ ഒരു തമിഴ് സ്വത്വവുമായി ഉദയം ചെയ്ത ദ്രാവിഡ രാഷ്ട്രീയം, 1967ല്‍ അധികാരമേറ്റെടുത്ത അന്നു മുതല്‍ കഴിഞ്ഞ അമ്പതിലേറെ വര്‍ഷക്കാലമായി, ഡിഎംകെയായും എഐഎഡിഎംകെയായും, അധികാരം കൈയ്യാളുകയാണ്. ഇന്നത്തെ പുതിയ കാലഘട്ടത്തില്‍ ദ്രാവിഡ പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ പ്രതിയോഗി കമലോ, രജനിയോ, കോണ്‍ഗ്രസ്സോ അല്ല, തമിഴ് മണ്ണില്‍ വളരെ പതുക്കെ, എന്നാല്‍ ശക്തമായി വളര്‍ന്നു വരുന്ന ഹിന്ദുത്വ ശക്തിയാണെന്ന കാര്യം തെളിഞ്ഞുവരികയാണ്.
ഡിഎംകെ ഉയര്‍ത്തിക്കാട്ടിയ തമിഴ് വംശീയത തമിഴ്നാട്ടിലെ അടിച്ചമര്‍ത്തപ്പെട്ട പിന്നാക്കക്കാരെ സാമൂഹ്യമായി ശക്തമാക്കിയിരുന്നു, ദ്രാവിഡകക്ഷിയുടെ ഹിന്ദിയോടും ദേശീയതയോടും ബ്രാഹ്മണമേധാവിത്വത്തോടുമുള്ള എതിര്‍പ്പ് പതിയെ ഹിന്ദുമതത്തോടും ഹൈന്ദവ ബിംബങ്ങള്‍ക്കുമെതിരെ തിരിയുകയാണ് ഉണ്ടായത്. പക്ഷെ, ഇതിന് ഒരു മാറ്റം വന്നത് 1973 ലെ എംജിആറിന്റെ യുഗം മുതലാണ്. ഡിഎംകെയില്‍ നിന്ന് പിളര്‍ന്ന്, വളര്‍ന്നു പന്തലിച്ച എംജിആറും പിന്നീട് ജയലളിതയും തങ്ങളുടെ ഹിന്ദു പാരമ്പര്യത്തിന് വളരെയധികം പ്രാധാന്യം നല്കി. തമിഴ് സ്വത്ത്വത്തോടൊപ്പം അതിനുള്ളിലെ യഥാര്‍ത്ഥ ചാലക ശക്തിയായ ഹിന്ദുത്വത്തെ അംഗീകരിക്കുന്ന, സംരക്ഷിക്കുന്ന ഒരു നിലപാട് ഇവര്‍ രണ്ടു പേരും പിന്തുടര്ന്നു. എഐഎഡിഎംകെയുടെ വളര്‍ച്ചയില്‍ ഈ പരോക്ഷ ഹിന്ദുത്വ അനുകുല നിലപാടിന് വലിയ സ്ഥാനം ഉണ്ടായിരുന്നു. ജയലളിതക്ക് ശേഷം ഇത്തരമൊരു രാഷ്ട്രീയ തന്ത്രം പയറ്റാനുള്ള വ്യക്തിത്വം എഐഎഡിഎംകെയിലെ ഒരു നേതാവിനും ഇല്ല എന്നത് ഒരു വാസ്തവമാണ്. തമിഴ് സ്വാഭിമാനവും ഹിന്ദു പാരമ്പര്യവും ഒരു പോലെ അംഗീകരിച്ച് ജീവിക്കുന്ന തമിഴ് മക്കള്‍ പുതിയ മുന്നേറ്റത്തിനെ പിന്തുണയ്ക്കുകയാണ്.
ഡിഎംകെയുടെ ജാതീയതക്കെതിരെയുള്ള പ്രതിരോധവും ഹിന്ദുത്വത്തിനെരെയുള്ള നിലപാടും മതപരിവര്‍ത്തന ലോബികള്‍ക്കും ദേശീയത അംഗീകരിക്കാത്തവര്‍ക്കും വളക്കൂറുള്ള മണ്ണായി തമിഴ്നാട്ടിനെ മാറ്റുകയാണുണ്ടായത്. മതപരിവര്‍ത്തന ലോബികള്‍ തമിഴ്നാട്ടില്‍ തഴച്ച് വളര്‍ന്നു. ഇതിനെതിരെ തമിഴ് ജനത ജാതി ചിന്തകള്‍ക്ക് അതീതമായി ചിന്തിക്കുകയാണ് ഇന്ന്. ‘കറുപ്പര്‍ കൂട്ടം ‘എന്ന കൂട്ടായ്മ തമിഴരുടെ ഇഷ്ടദേവനായ മുരുകനെ അധിക്ഷേപിച്ച് പാടിയപ്പോള്‍ ഡിഎംകെയുടെ പരോക്ഷ പിന്തുണ ഇവര്‍ക്ക് ഉണ്ട് എന്ന് ആരോപണമുയര്‍ന്നിരുന്നു.
മുരുകനെ അധിക്ഷേപിച്ചതിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് എല്‍. മുരുകന് നയിച്ച ‘വെട്രിവേല്‍ യാത്ര’യെ സഖ്യകക്ഷിയായ ഭരണകക്ഷി തടഞ്ഞത് പ്രാധാന്യത്തോടെ വീക്ഷിക്കേണ്ടതുണ്ട്. വളര്‍ന്നു വരുന്ന ഹിന്ദുത്വ വികാരത്തെ ബിജെപി പ്രയോജനപ്പെടുത്തുന്നത് തടയാനാണ് ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശ്രമം. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായി ‘വെട്രിവേല്‍ യാത്ര’യോട് തമിഴ് ജനതയുടെ ശക്തമായ അനുകൂല ഭാവം, വരാന്‍ പോവുന്ന ഹിന്ദുത്വ മുന്നേറ്റത്തിന്റെ ലക്ഷണമാണെന്ന് കരുതാവുന്നതാണ്. കലങ്ങി മറിഞ്ഞ, തമിഴ് രാഷ്ട്രീയം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. പ്രവചനാതീതമായിരിക്കും ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പ് ഫലം. പുതിയ താരോദയങ്ങള്‍ പിറവിയെടുക്കുമൊ, പുതിയ സമവാക്യങ്ങള്‍ ഭരണത്തിലേറുമൊ അതോ വീണ്ടും പഴയ വീഞ്ഞായ ദ്രാവിഡ ‘സീസോ കളികള്‍’ക്കായി തമിഴ് മക്കള്‍ വീണ്ടും വോട്ടുകുത്തുമോ എന്നത് കാണാനിരിക്കുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: