മുംബൈ: ഭാരത് രത്ന നേടിയ ഗായിക ലതാമങ്കേഷ്കറോടും ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കറോടും കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും മാപ്പ് പറയണമെന്ന് ബിജെപി.
ഭാരതരത്ന നേടിയവരുടെ സത്പേര് കളങ്കപ്പെടുത്താനാണ് കോണ്‍ഗ്രസ് നീക്കമെന്നും മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എ രാം കാദം ട്വിറ്ററില്‍ പങ്കുവെച്ച തുറന്ന കത്തില്‍ ആരോപിച്ചു. ‘കോണ്‍ഗ്രസ് നേതാക്കള്‍ തന്ത്രപരമായി ഭാരതരത്ന നേടിയവരുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് ശ്രമിക്കുന്നത്. നമ്മുടെ രാജ്യത്തെ അങ്ങേയറ്റത്തെ ആത്മാര്‍ത്ഥതയോടെ സേവനം ചെയ്തവരാണ് സച്ചിനും ലതാമങ്കേഷ്കറും. രാജ്യത്തോടുള്ള അവരുടെ സമര്‍പ്പണമനോഭാവം ചോദ്യം ചെയ്യാനോ നശിപ്പിക്കാനോ കഴിയില്ല,’ അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യത്തെക്കുറിച്ച് ഒന്നുമറിയാത്ത വിദേശതാരങ്ങള്‍ ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുമ്പോള്‍ നമ്മുടെ ഈ ഇതിഹാസ നായകര്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരികയായിരുന്നുവെന്നും കാദം പറഞ്ഞു. സച്ചിനും ലതയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ കര്‍ഷകപ്രശ്നത്തില്‍ ട്വീറ്റ് ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ഉത്തരവിട്ടിട്ടുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് സച്ചിന് സാവന്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ബിജെപി നേതാവിന്റെ തുറന്ന കത്ത്. നേരത്തെ സച്ചിനും ലതാമങ്കേഷ്കറും ട്വീറ്റ് ചെയ്ത സംഭവം അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: